സുനാമി എന്ന മനുഷ്യനിര്‍മ്മിത ദുരന്തം| Tsunamai Movie Review
Film Review
സുനാമി എന്ന മനുഷ്യനിര്‍മ്മിത ദുരന്തം| Tsunamai Movie Review
അന്ന കീർത്തി ജോർജ്
Thursday, 11th March 2021, 7:23 pm

തിരക്കഥയിലോ സംവിധാനത്തിലോ ലോജിക്കിന്റെ ഒരു കണിക പോലും ചേര്‍ക്കാത്ത, എല്ലാ ഡയലോഗിലും സെക്‌സും സ്വകാര്യഭാഗങ്ങളുമായി ബന്ധപ്പെട്ട ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള (തമാശയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതിയതെന്ന് തോന്നുന്നു), സത്രീവിരുദ്ധത നിറച്ചുവെച്ച ചിത്രമാണ് സുനാമി.

ലാലും മകന്‍ ജീന്‍ പോളും ചേര്‍ന്ന് സംവിധാനം ചെയ്ത ആദ്യ ചിത്രമായ സുനാമി പ്രേക്ഷകന്റെ ആസ്വാദനശേഷിക്കും ബുദ്ധിക്കും ഒരു കുന്നിക്കുരുവിന്റെ വലുപ്പം പോലുമില്ലെന്ന ധാരണയിലാണ് ഒരുക്കിയിരിക്കുന്നത് എന്ന് ആദ്യ ഭാഗങ്ങളില്‍ നിന്നു തന്നെ വ്യക്തമാകും.


Based on an Innocent true story എന്നാണ് സുനാമിയടെ ടാഗ് ലൈന്‍. നിഷ്‌കളങ്കമായ കഥ, നടന്‍ ഇന്നസെന്റ് പറഞ്ഞ കഥ അങ്ങനെ രണ്ട് അര്‍ത്ഥങ്ങള്‍ ഉദ്ദേശിച്ചാണ് ഈ ടാഗ് ലൈന്‍ എന്ന് തോന്നുന്നു. റാംജിറാവു സ്പീക്കിംഗിന്റെ സെറ്റില്‍ വെച്ച് ഇന്നസെന്റ് പറഞ്ഞ ത്രെഡില്‍ നിന്നാണ് സുനാമിയുടെ കഥയുണ്ടാക്കിയതെന്ന് തിരക്കഥയെഴുതിയ ലാല്‍ പറഞ്ഞിരുന്നു. റാംജിറാവു കാലഘട്ടത്തില്‍ പറഞ്ഞ ഒരു കഥ 2021ല്‍ സിനിമയാക്കാന്‍ ശ്രമിച്ചത് തന്നെയായിരിക്കണം ഈ ചിത്രത്തിന്റെ പരാജയം.

പക്ഷെ റാംജിറാവു പോലെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒരു സിനിമയുടെ ഭാഗമായ ലാലും ഡ്രൈവിംഗ് ലൈസന്‍സ് ചെയ്ത ജീന്‍ പോളും ചേര്‍ന്ന് പഴകിച്ചീഞ്ഞ മനുഷ്യത്വവിരുദ്ധമായ തമാശകളുമായെത്തുന്നത് സങ്കടകരം തന്നെയാണ്. റാംജിറാവു ഇറങ്ങിയ 1989നേക്കാള്‍ മുന്‍പേയുള്ള കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഡയലോഗും കുത്തിനിറച്ചുവെച്ച് സിനിമയെടുക്കാന്‍ ഇരുവരെയും പ്രേരിപ്പിച്ച ഘടകമെന്താണെന്നത് കാണുന്ന ഓരോ നിമിഷത്തിലും ചിന്തിച്ചുപോകും.

നട്ടാല്‍ മുളക്കാത്ത കഥാതന്തുവുമായാണ് സുനാമിയെത്തുന്നത്. ജീവിതത്തില്‍ എന്ത് ചെയ്യണമെന്ന കൃത്യമായ ധാരണയില്ലാത്ത നായകനായ ചെറുപ്പക്കാരന്‍ ബോബി(ബാലു വര്‍ഗീസ്)യുടെ സ്വകാര്യഭാഗങ്ങള്‍ അബദ്ധത്തില്‍ ഒരു പെണ്‍കുട്ടി കാണുന്നതാണ് കഥക്ക് ആധാരം. ഇവിടെ നിന്നും കസിന്‍ ആന്റോയും(അജു വര്‍ഗീസ്) അമ്മാവനായ പള്ളീലച്ചനും(മുകേഷ്) ചേര്‍ന്ന് അബദ്ധം നിറഞ്ഞ ഉപദേശങ്ങള്‍ നല്‍കി കഥ കഷ്ടപ്പെട്ട് മുന്നോട്ടു തള്ളിനീക്കി കൊണ്ടുപോകുന്നതാണ് ചിത്രത്തിന്റെ കഥ.

ജീവിതത്തിലെ ലോജിക്കുകള്‍ സിനിമയിലും വേണെമെന്ന് വാശിപ്പിടിക്കുകയല്ല, പക്ഷെ സിനിമാറ്റിക് ലോജിക്കിന് പോലും നിരക്കാത്ത സന്ദര്‍ഭങ്ങള്‍ മാത്രമായി ഒരു സിനിമയെത്തുന്നതിനെ അത്രയും വിശാല മനസ്സോടെ സ്വീകരിക്കാനാകില്ല.

സുന എന്ന വാക്ക് ചിത്രത്തില്‍ മുകേഷ് നിരന്തരം ഉപയോഗിക്കുകയും ആ വാക്കിന്റെ വിവിധ അര്‍ത്ഥതലങ്ങള്‍ പല ഘട്ടങ്ങളിലായി പറയുകയും ചെയ്യുന്നുണ്ട്. സിനിമക്ക് ‘സുനാ’മി എന്ന പേരിട്ടത് എന്തിനാണെന്ന് ആരും ചോദിക്കരുതെന്ന നിര്‍ബന്ധമാണ് ഈ ആവര്‍ത്തന വിരസമായ ഡയലോഗിന് പിന്നിലെന്ന് തോന്നുന്നു.

തമാശപ്പടം എന്ന് അവകാശപ്പെട്ടെത്തുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് ഡയലോഗല്ലാതെ കഥാപാത്ര വളര്‍ച്ചയോ പശ്ചാത്തലമോ ആവശ്യമില്ലെന്ന നിലയിലാണ് സുനാമിയിലെ ഓരോ കഥാപാത്രങ്ങളെയും നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്ന് പല സിനിമകളിലും ചില സന്ദര്‍ഭങ്ങളില്‍ അസഹ്യമായ സ്ത്രീവിരുദ്ധത, അശാസ്ത്രീയത, ട്രാന്‍സ് ഫോബിയ ഒക്കെ കടന്നുവരുമ്പോള്‍ അതിനെ കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ട്, എന്നാല്‍ ഇപ്പറഞ്ഞ പിന്തിരിപ്പന്‍ ആശയങ്ങളുടെയും പ്രയോഗങ്ങളുടെയും ഒരു ഘോഷയാത്രയാണ് സുനാമി. അതുകൊണ്ടു തന്നെ ഒരു സന്ദര്‍ഭമെടുത്ത് പറയുക എന്നത് ബുദ്ധിമുട്ടാണ്, എന്നാലും സിനിമയില്‍ ഇന്നസെന്റിന്റെ കഥാപാത്രം പറയുന്നത് പോലെ പ്രാക്ടിക്കല്‍ കോമഡി പലതും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഭയാനകമായ വേര്‍ഷന്‍ ആദ്യമായിട്ടാണെന്ന് തോന്നിയ ചില കാര്യങ്ങള്‍ പറയാം.

ഇന്നസെന്റിന്റെ ഭാര്യയായ, അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന സ്ത്രീ കഥാപാത്രത്തെ ഹിസ്റ്റീരിയ ബാധിച്ച ഒരാളെ പോലെയാണ് സുനാമി അവതരിപ്പിച്ചിരിക്കുന്നത്. അവരെ വരച്ച വരയില്‍ നിര്‍ത്തുന്ന ഭര്‍ത്താവായി ഇന്നസെന്റിന്റെ കഥാപാത്രം മാറുന്നതാണ് സിനിമയിലെ ഒരേയൊരു സീരിയസ് ഡയലോഗ്. മകളെ ഉപദ്രവിച്ചെന്ന് കരുതുന്ന ഒരാളെ (ലേഡീസ് ടോയ്‌ലറ്റിലാണ് ഇയാളെ കാണുന്നത്) ഓടിച്ചിട്ട് തല്ലുന്നതിനെയാണ് ഈ സന്ദര്‍ഭത്തില്‍ ഭാര്യയുടെ ഏറ്റവും വലിയ കുറ്റമായി ഇന്നസെന്റ് പറയുന്നത്.

പ്രേക്ഷകന് മാത്രമാണ് ടോയ്‌ലറ്റിലുണ്ടായിരുന്ന ആ കഥാപാത്രത്തിന് അബദ്ധം പറ്റിയതാണെന്ന് അറിയുന്നത്. ഇന്നസെന്റിനോ മറ്റുള്ളവര്‍ക്കോ അതറിയില്ല. എന്നിട്ടും അയാളോട് പ്രതികരിച്ച ഭാര്യയെ കുറ്റപ്പെടുത്താന്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രം കാണിക്കുന്ന വ്യഗ്രത ആശങ്കപ്പെടുത്തുന്നതാണ്.

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിക്കുന്നതിനെ സദ്ദുദ്ദേശത്തോടെയുള്ള തമാശയായും സുനാമി അവതരിപ്പിക്കുന്നുണ്ട്. സ്ത്രീധനത്തെയും ചിത്രം സമീപിക്കുന്നത് ഞെട്ടിപ്പിക്കുന്ന ലാഘവത്തോടെയാണ്. ട്രാന്‍സ്‌ജെന്‍ഡറുകളെ കുറിച്ചും ഇംപൊട്ടന്‍സിയെ കുറിച്ചുമെല്ലാം അശാസ്ത്രീയവും വിദ്വേഷപരവുമായ നിരവധി കാര്യങ്ങള്‍ ചിത്രം പറയുന്നുണ്ട്.

ചിത്രത്തിന്റെ ക്യാമറ, പശ്ചാത്തല സംഗീതം, എഡിറ്റിംഗ് തുടങ്ങിയ ഘടകങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ കഴിയാത്ത വിധം ചിത്രത്തിന്റെ കഥയും കഥാസന്ദര്‍ഭങ്ങളും പ്രേക്ഷകനെ അലോസരപ്പെടുത്തുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

സുനാമിയില്‍ ആശ്വാസം തോന്നിയ രണ്ടേ രണ്ടു അഭിനയ പ്രകടനങ്ങള്‍ ഒന്ന് ബാലു വര്‍ഗീസിന്റേയും രണ്ട് കുറച്ച് സീനുകളില്‍ മാത്രം വരുന്ന വേലക്കാരിയായ അമ്മാമ്മ കഥാപാത്രത്തിന്റേയുമാണ്. കൃത്രിമത്വം നിറഞ്ഞുനില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ പോലും തങ്ങളുടെ ഭാഗങ്ങള്‍ സ്വാഭാവികമായ രീതിയില്‍ അവതരിപ്പിക്കാന്‍ ഇരുവരും ശ്രമിച്ചിട്ടുണ്ട്.

ലോക്ക്ഡൗണിന് ശേഷം ഇറങ്ങിയ മലയാള ചിത്രങ്ങളില്‍ വലിയ വിജയം നേടിയ ഓപ്പറേഷന്‍ ജാവയില്‍ മികച്ച പ്രകടനമായിരുന്നു ബാലു വര്‍ഗീസ് കാഴ്ചവെച്ചത്. സുനാമിയിലും കഥാപാത്രത്തിന്റെ പരിമിതികള്‍ക്ക് അപ്പുറത്തേക്കുള്ള അഭിനയം നടന്‍ കാഴ്ചവെക്കുന്നുണ്ട്.

ഇതൊഴിച്ച് നിര്‍ത്തിയാല്‍ മലയാള സിനിമയിലെ ഒരു മനുഷ്യനിര്‍മ്മിത ദുരന്തമാണ് സുനാമി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Tsunami Malayalam movie review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.