പുരാണ പാഠങ്ങളെ ചോദ്യം ചെയ്യാനാണ് അംബേദ്കറും സഹോദരന്‍ അയ്യപ്പനും പഠിപ്പിച്ചത്; സണ്ണി എം. കപിക്കാടിനെ പിന്തുണച്ച് ശ്യാംകുമാര്‍
Kerala
പുരാണ പാഠങ്ങളെ ചോദ്യം ചെയ്യാനാണ് അംബേദ്കറും സഹോദരന്‍ അയ്യപ്പനും പഠിപ്പിച്ചത്; സണ്ണി എം. കപിക്കാടിനെ പിന്തുണച്ച് ശ്യാംകുമാര്‍
റെന്വര്‍ പി
Friday, 28th August 2026, 7:25 pm

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയുടെ പേരില്‍ ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാടിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ ചോദ്യം ചെയ്ത് ടി.എസ്. ശ്യാം കുമാര്‍. ഇതിഹാസ പുരാണ പാഠങ്ങളെയും അതിന്റെ പാരമ്പര്യത്തെയും ചോദ്യം ചെയ്യാനാണ് അംബേദ്കറും സഹോദരന്‍ അയ്യപ്പനും ആധുനിക ഇന്ത്യയെ പഠിപ്പിച്ചതെന്ന് ശ്യാം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പുരാണങ്ങളില്‍ പറഞ്ഞ കാര്യങ്ങളെ നിശിതമായി പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന പാരമ്പര്യം ഇന്ത്യയില്‍ തന്നെ ഉണ്ടായിരുന്നു. ചാര്‍വാകന്മാര്‍ യാഗങ്ങളിലെ ചടങ്ങുകളെ അതിനിശിതമായാണ് വിമര്‍ശിച്ചതെന്നും ശ്യാം കുമാര്‍ ചൂണ്ടിക്കാട്ടി.

ആധുനിക ഇന്ത്യയില്‍ ഇതിഹാസപുരാണ പാഠങ്ങളെ ഡോ. ബി.ആര്‍. അംബേദ്കര്‍ അതിനിശിതമായി വിമര്‍ശിച്ചു. അര്‍ജുനനെ യുദ്ധത്തിന് പ്രേരിപ്പിച്ച കൃഷ്ണന്‍ ആധുനിക നിയമമനുസരിച്ച് കൊലപാതക കുറ്റമാണ് ചെയ്തതെന്ന് ഗീതയെ സംബന്ധിച്ച പ്രബന്ധത്തില്‍ അംബേദ്കര്‍ എഴുതിയെന്നും ശ്യാംകുമാര്‍ പറഞ്ഞു.

‘നിങ്ങളുടെ കൃഷ്ണന്‍ ഒരു സ്ഥിരം കൊലപാതകിയാണ്’ എന്നാണ് കൃഷ്ണനെ കുറിച്ച് സഹോദരന്‍ അയ്യപ്പന്‍ പ്രസ്താവിച്ചതെന്നും ശ്യാം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നിങ്ങളുടെ കൃഷ്ണന്‍ ഒരു പരമ്പര കൊലയാളി അല്ലായിരുന്നോ എന്നാണ് അയ്യപ്പന്‍ ഗാന്ധിയോട് ചോദിച്ചത്. കൈയില്‍ ആയുധവുമേന്തി വരുന്ന ആര്യന്‍ ദൈവങ്ങളെ പെരിയാറും പരിഹസിച്ചെന്നും ശ്യാംകുമാര്‍ ചൂണ്ടിക്കാട്ടി.

ഇതിഹാസ പുരാണ പാഠങ്ങളെയും അതിന്റെ പാരമ്പര്യത്തെയും ചോദ്യം ചെയ്യാനാണ് അംബേദ്കറും സഹോദരന്‍ അയ്യപ്പനും ആധുനിക ഇന്ത്യയെ പഠിപ്പിച്ചത്. പ്രതിലോമ ആധുനികതയുടെ വക്താക്കളാണ് ഇക്കാര്യം മറച്ചു വയ്ക്കാനും വാര്‍ണിഷിടാനും പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയിലും അയോധ്യയിലെ വമ്പന്‍ കൊള്ളയിലും ഒരക്ഷരം ഉരിയാടാത്ത ചിലര്‍ ദൈവങ്ങള്‍ക്കായി രംഗത്ത് വന്നിരിക്കുന്നത് കാണുന്നത് നല്ല തമാശ തന്നെയെന്ന് പറഞ്ഞാണ് ശ്യാംകുമാര്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മലയാളം സര്‍വകലാശാലയിലെ പ്രതിഷേധത്തിലായിരുന്നു സണ്ണി എം. കപിക്കാട് ശബരിമലയെക്കുറിച്ച് പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തില്‍ അദ്ദേഹത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തിരുവാഭരണ പാത സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി പ്രകാരമായിരുന്നു കേസ്.

ശബരിമലയുമായി ബന്ധപ്പെട്ട് താന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തില്‍ ഉപയോഗിച്ച ഒരു വാക്ക് തെറ്റായിപ്പോയെന്ന് സണ്ണി എം. കപിക്കാട് പിന്നീട് പറഞ്ഞിരുന്നു. അയ്യപ്പനെയോ മാളികപ്പുറത്തമ്മയെയോ താന്‍ അധിക്ഷേപിച്ചിട്ടില്ല. തെറ്റായ ഒരു വാക്ക് തന്റെ ഭാഗത്തുനിന്ന് വന്നു. അത് പറയരുതായിരുന്നുവെന്ന് സണ്ണി എം. കപിക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ആ വാക്ക് ഉപയോഗിക്കുന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ തനിക്കെതിരെ കേസെടുത്തതിനെ നിയമപരമായി നേരിടുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Content Highlight: TS Shyam Kumar Facebook Post After Sunny M Kapikkad’s Sabarimala Remark

 

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.