വാഷിങ്ടണ്‍: മുന്‍ പ്രധാനമന്ത്രി നൂരി അല്‍ മാലിക്കിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞടുത്താല്‍ യു.എസ് ഇറാഖിന് പിന്തുണനല്‍കില്ലെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
മാലിക്കിയെ വീണ്ടും തെരഞ്ഞെടുക്കുന്നത് ഇറാഖിന്റെ വളരെ മോശമായ തെരഞ്ഞടുപ്പായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ തവണ മാലിക്കി അധികാരത്തില്‍ വന്നപ്പോള്‍ രാജ്യം ദാരിദ്ര്യത്തിലേക്കും സമ്പൂര്‍ണ അരാജകത്വത്തിലേക്കും കൂപ്പുകുത്തി. അത് വീണ്ടും സംഭവിക്കാന്‍ അനുവദിക്കരുത്,’ ട്രംപ് കുറിച്ചു.
അല്‍ മാലിക്കി അധികാരത്തിലെത്തിയാല്‍ യു.എസ് നയങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.
‘അദ്ദേഹത്തിന്റെ ഭ്രാന്തന്‍ നയങ്ങളും ആശയങ്ങളും കാരണം വീണ്ടും തെരഞ്ഞടുക്കപ്പെട്ടാല്‍ അമേരിക്ക ഇനി ഇറാഖിനെ സഹായിക്കില്ല, അമേരിക്കയുടെ പിന്തുണയില്ലെങ്കില്‍ രാജ്യത്തിന് വിജയത്തിനോ സമൃദ്ധിക്കോ സ്വാതന്ത്ര്യത്തിനോ ഉള്ള സാധ്യത വട്ട പൂജ്യമാണ്. മാലിക്കിയുടെ നേതൃത്വം ആവര്‍ത്തിക്കാന്‍ ഇറാഖ് അനുവദിക്കരുത്. മേക്ക് ഇറാഖ് ഗ്രേറ്റ് എകഗെയ്ന്‍,’ ട്രംപ് തന്റെ പോസ്റ്റില്‍ പറഞ്ഞു.
ഇറാഖിലെ പ്രബല ഷിയാ രാഷ്ട്രീയ സഖ്യമായ കോര്‍ഡിനേഷന്‍ ഫ്രെയിംവര്‍ക്ക് മാലിക്കിയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നോമിനേഷനെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ പ്രസ്താവന.
2003 ലെ സദ്ദാം ഹുസൈനെ അട്ടിമറിച്ച അധിനിവേശത്തിനുശേഷമുണ്ടായ കരാറില്‍ ഇറാഖിന്റെ എണ്ണ ഇറക്കുമതി വരുമാനം പ്രധാനമായും ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്നതിനാല്‍ അമേരിക്ക ഇറാനുമേല്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്.
തീവ്ര അക്രമാസക്തരായ സുന്നി തീവ്രവാദികളുടെ ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ ഉദയത്തിന് കാരണം മാലിക്കിയുടെ നഗ്‌നമായ വിഭാഗീയ ഷിയാ അജണ്ടയാണെന്നാരോപിച്ചുകൊണ്ടുള്ള അമേരിക്കയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് 2014 ല്‍ മാലികി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു.
നിലവിലെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സമാനമായ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. മാലിക്കിയെ വാഷിംഗ്ടണ്‍ നിഷേധാത്മകമായി കാണുന്നുവെന്ന് കാണിച്ച് അമേരിക്ക ഇറാഖിലെ രാഷ്ട്രീയക്കാര്‍ക്ക് കത്തയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Trump threatens to stop helping Iraq; no longer supports Nuri al-Maliki as prime minister
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.