| Monday, 10th November 2025, 9:42 am

ചരിത്രത്തിലെ ഏറ്റവും വലിയ യു.എസ് ഷട്ട്ഡൗണ്‍; ഉടന്‍ അവസാനിക്കുമെന്ന് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ചരിത്രത്തിലെ ഏറ്റവും കാലം നീണ്ടുനിന്ന യു.എസ് ഷട്ട്ഡൗണ്‍ അവസാനിക്കാറായെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ജനുവരി 30 വരെ ഫെഡറല്‍ ഗവണ്‍മെന്റിന് ധനസഹായം നല്‍കുന്നതിനുള്ള കരാറില്‍ സെനറ്റ് നേതാക്കള്‍ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വാക്കുകള്‍.

‘നമ്മള്‍ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്നതിന്റെ അരികിലെത്തിയിരിക്കുകയാണ്. വളരെ വേഗം നിങ്ങള്‍ക്ക് അത് വ്യക്തമാകും’, മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.

ധനസഹായ കരാറില്‍ ചേംബറില്‍ വോട്ടെടുപ്പ് തുടരുകയാണ്. എട്ട് ഡെമോക്രാറ്റുകള്‍ സെനറ്റില്‍ താത്കാലിക ധനസഹായ നടപടിക്ക് പിന്തുണ നല്‍കുമെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

യു.എസില്‍ സാമ്പത്തിക പ്രതിസന്ധിയും ഭരണസ്തംഭനവും വര്‍ധിച്ചതോടെ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും കടുത്തസമ്മര്‍ദം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഭരകണകൂടത്തിന്റെ നീക്കം.

യു.എസില്‍ ട്രംപ് പ്രഖ്യാപിച്ച ഷട്ട്ഡൗണ്‍ 40 ദിവസം പിന്നിടുകയാണ്. ഇത്രകാലം നീണ്ടുനിന്ന ഷട്ട്ഡൗണ്‍രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ്. എയര്‍ട്രാഫക് കണ്‍ട്രോളര്‍മാരുടെ ശമ്പളമടക്കം മുടങ്ങിയതോടെ ഷട്ട്ഡൗണ്‍ വിമാന സര്‍വീസുകളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

ആയിരത്തിലേറെ വിമാന സര്‍വീസുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി റദ്ദാക്കിയത്. ജീവനക്കാരുടെ സമ്മര്‍ദം കുറയ്ക്കാനായാണ് നീക്കമെന്നാണ് എഫ്.എ.എ അറിയിച്ചിരുന്നു. ധനസഹായത്തിന് യു.എസ് കോണ്‍ഗ്രസ് അനുമതി നല്‍കാതിരിക്കുകയും പ്രതിസന്ധി തുടരുകയും ചെയ്താല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളെയടക്കം ഷട്ട്ഡൗണ്‍ ബാധിക്കും.

പ്രതിസന്ധിയെ മറികടക്കാനായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ 10 ശതമാനം വിമാനങ്ങള്‍ റദ്ദാക്കുമെന്ന് എഫ്.എ.എ അറിയിച്ചിരുന്നു.

Content Highlight: Trump says US shutdown will end soon

We use cookies to give you the best possible experience. Learn more