യുദ്ധം ജയിച്ചശേഷം ആരും കൂടെ കൂടണ്ട; ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ ട്രംപ്
World
യുദ്ധം ജയിച്ചശേഷം ആരും കൂടെ കൂടണ്ട; ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ ട്രംപ്
നിഷാന. വി.വി
Sunday, 8th March 2026, 1:14 pm

വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റിലേക്ക് വിമാനവാഹിനി കപ്പലയക്കാനുളള ബ്രിട്ടന്റെ നീക്കത്തെ തളളി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

യുദ്ധം ജയിച്ചശേഷം ഇനിയാരും കൂടെകൂടേണ്ടതില്ലെന്നും യുദ്ധ കപ്പലുകള്‍ അയക്കേണ്ടതില്ലെന്നും ബ്രിട്ടന്റെ നിലപാട് തങ്ങള്‍ മറക്കില്ലെന്നും ട്രംപ് പറഞ്ഞു.

‘നമ്മുടെ ഒരു കാലത്തെ ഉറ്റ സഖ്യകക്ഷിയായിരുന്ന യുണൈറ്റഡ് കിംഗ്ഡം ഒടുവില്‍ മിഡില്‍ ഈസ്റ്റിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകള്‍ അയക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയാണത്രേ.

അത് കുഴപ്പമില്ല പ്രധാനമന്ത്രി സ്റ്റാമര്‍, ഞങ്ങള്‍ക്ക് ഇനി അതിന്റെ ആവശ്യമില്ല. പക്ഷേ ഞങ്ങളിത് ഓര്‍ത്ത് വെക്കും. യുദ്ധം ജയിച്ച് കഴിഞ്ഞ് കൂടെ കൂടാന്‍ വരുന്ന ആളുകളെ ഞങ്ങള്‍ക്ക് ആവശ്യമില്ല,’ ട്രംപ് കുറിച്ചു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു പ്രതികരണം.

ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് യു.കെയുടെ താവളങ്ങള്‍ ഉപയോഗിക്കുന്നത് ബ്രിട്ടന്റെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ നേരത്തെ തടഞ്ഞിരുന്നു. ഇത് ട്രംപ് വിമര്‍ശിക്കുകയും ചെയ്തിരുന്നു.

പിന്നീട് സൈപ്രസിലേയും ദിയാഗോ ഗാര്‍ഷ്യയിലേയും ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ സ്റ്റാര്‍മര്‍ സൈന്യത്തിന് അനുമതി നല്‍കിയിരുന്നു.അതിന് പിന്നാലെയാണ് മിഡില്‍ ഈസ്റ്റിലേക്ക് യുദ്ധ വാഹിനി കപ്പലുകള്‍ അയക്കാനുളള നീക്കം.

എന്നാല്‍ പ്രാരംഭ ഘട്ടത്തിലെ ബ്രിട്ടന്റെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.

ഇറാന്റെ സമ്പൂര്‍ണ നാശമാണ് ലക്ഷ്യമെന്നും ഇതിനോടകം തന്നെ ഇറാന്‍ കീഴടങ്ങിയിട്ടുണ്ടെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

Content Highlight: Trump says no one should join forces after winning war

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.