വ്യാപാരകരാറായെന്ന് ട്രംപ്; വിശദാംശങ്ങള്‍ പങ്കുവെക്കാതെ മോദി; ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ അടിമുടി ദുരൂഹത
India
വ്യാപാരകരാറായെന്ന് ട്രംപ്; വിശദാംശങ്ങള്‍ പങ്കുവെക്കാതെ മോദി; ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ അടിമുടി ദുരൂഹത
നിഷാന. വി.വി
Tuesday, 3rd February 2026, 11:26 am

വാഷിങ്ടണ്‍: ഇന്ത്യയുമായി വ്യാപാരകരാറായെന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ 25 ശതമാനത്തില്‍ നിന്ന് 18 %മായി കുറയ്ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും പുറത്താണ് പുതിയ തീരുമാനമെന്നും ട്രംപ് അറിയിച്ചു.

എന്നാല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള താരിഫ് യു.എസ് 18 ശതമാനമാക്കി കുറച്ചു എന്നല്ലാതെ മറ്റൊരു വിശദാംശവും പങ്കുവെക്കാന്‍ മോദിയോ കേന്ദ്ര സര്‍ക്കാരോ തയ്യാറായിട്ടില്ല.

ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപാണ് കരാര്‍ നടപ്പിലാക്കാനായി മോദി സമ്മതിച്ച കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞത്.
അമേരിക്കയില്‍ നിന്നുള്ള എല്ലാ ഉത്പ്പന്നങ്ങള്‍ക്കും ഇന്ത്യയില്‍ 0%തീരുവ ആയിരിക്കുമെന്നും
റഷ്യന്‍ എണ്ണ വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്താമെന്ന് മോദി സമ്മതിച്ചെന്നും പകരം ഇന്ത്യ വെനസ്വേലന്‍ എണ്ണ വാങ്ങുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.

ഇതിന് പുറമെ ഊര്‍ജ്ജം, സാങ്കേതികവിദ്യ, കൃഷി, കല്‍ക്കരി തുടങ്ങി വിവിധ മേഖലകളിലായി 500 ബില്യണ്‍ ഡോളറിന്റെ ഉത്പ്പന്നങ്ങള്‍ യു.എസില്‍ നിന്ന് ഇന്ത്യ വാങ്ങണമെന്ന് ഉള്‍പ്പെടെയുള്ള ഡിമാന്റുങ്ങള്‍ മോദി അംഗീകരിച്ചെന്നും ട്രംപ് അവകാശപ്പെടുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് തീരുമാനമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറയുന്നു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്ത് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാരകരാറിന് ഞങ്ങള്‍ സമ്മതിച്ചു. അതിലൂടെ അമേരിക്ക ഇന്ത്യയ്ക്ക് മേലുള്ള താരീഫ് 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കും,’ ട്രംപ് കുറിച്ചു.

മോദി തന്റെ ഏറ്റവും വലിയ സുഹൃത്തുകളില്‍ ഒരാളാണെന്ന് വിശേഷിപ്പിച്ച ട്രംപ് റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് സമ്മതിച്ചതായും അത് യുക്രയ്ന്‍ യുദ്ധം തീര്‍ക്കുന്നതിന് സഹായകമാവുമെന്നും പറഞ്ഞു.

അമേരിക്കയുടെ 500 ബില്ല്യണ്‍ ഡോളറിലധികം മൂല്യമുള്ള ഉത്പന്നങ്ങള്‍ ഇന്ത്യ വാങ്ങുവെന്നും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുമേലുള്ള തീരുവകുറയ്ക്കുമെന്ന് ഇന്ത്യ അറിയിച്ചതായും ട്രംപ് അവകാശപ്പെട്ടു.

Content Highlight: Trump says it’s a trade deal; Modi doesn’t share details; India-US trade deal shrouded in mystery

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.