വാഷിങ്ടണ്‍: ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം 10ദിവസത്തേയ്ക്ക് കൂടി നിര്‍ത്തിവെയ്ക്കുകയാണന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇറാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഈ നടപടിയെന്നും ട്രംപ് അവകാശപ്പെട്ടു. കൂടാതെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.
15 ഇന സമാധാനകരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാനെതിരായ ആക്രമണം തുടരുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന.
‘ഇറാന്‍ ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം 2026 ഏപ്രില്‍ 6 വരെ ഊര്‍ജ്ജ പ്ലാന്റ് നശിപ്പിക്കുന്നത് താത്ക്കാലികമായി നിര്‍ത്തുന്നു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വ്യാജ വാര്‍ത്താമാധ്യമങ്ങള്‍ തെറ്റായ പ്രസ്താവനകള്‍ നടത്തിയിട്ടും അവ വളരെ നന്നായി നടക്കുന്നു’ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറയുന്നു.
ഇറാന്‍ ചര്‍ച്ചയ്ക്കായി തങ്ങളോട് യാചിക്കുകയാണെന്നും കാരണം അവര്‍ സൈനികമായി തകര്‍ക്കപ്പെട്ട് കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു.
ഇത് മൂന്നാം തവണയാണ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്. ആദ്യം 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയിരുന്നു. പിന്നീടിത് അഞ്ച് ദിവസത്തേക്ക് നീട്ടുകയായിരുന്നു.
എന്നാല്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്നും പോരാട്ടം തുടരുമെന്നും ഇറാന്‍ ആവര്‍ത്തിച്ചു.
അമേരിക്ക മുന്നോട്ട് വെച്ച പതിനഞ്ചിന കരാറും ഇറാന്‍ തള്ളിയിരുന്നു. പകരം അഞ്ചിന കരാര്‍ മുന്നോട്ട് വെക്കുകയും ചെയ്തു.
ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹോര്‍മുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നല്‍കണം, യുദ്ധത്തെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ക്കു കൃത്യമായ നഷ്ടപരിഹാരം നല്‍കണം, ഇറാനില്‍ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് ഇറാന്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍.
ഇറാന്‍ അമേരിക്കയുമായി കരാറിന് അതിയായി ആഹ്രഹിക്കുന്നുവെന്നും എന്നാല്‍ അത് തുറന്ന് പറയാന്‍ അവര്‍ ഭയക്കുന്നുവെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
ഒരു സമാധാന കരാറിന് സമ്മതിച്ചാല്‍ സ്വന്തം ജനതയാലോ അല്ലെങ്കില്‍ അമേരിക്കന്‍ സൈന്യത്തിന്റെ തിരിച്ചടിയാലോ കൊല്ലപ്പെടുമെന്ന് ഇറാന്‍ ഭയപ്പെടുന്നുവെന്നും ട്രംപ് പറഞ്ഞു.
Content Highlight: Trump says Iran’s energy facilities will not be attacked; ceasefire extended for another 10 days
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.