വാഷിങ്ടണ്‍: മുസ്‌ലിം ലോകത്തെ മുഹമ്മദ് എന്ന പേരിനുള്ള ജനപ്രീതിയേയും ഇറാന്റെ പ്രസിഡന്റ് പദവിയേയും പരിഹസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു ട്രംപിന്റെ വിവാദ പരമാര്‍ശം.
‘മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ആരുടെയെങ്കിലും പേര് നിങ്ങള്‍ക്ക് സംശയം തോന്നിയാല്‍ മുഹമ്മദ് എന്ന് പറഞ്ഞാല്‍ മതി. ഏകദേശം 65%വും അത് ശരിയാവാന്‍ സാധ്യതയുണ്ട്. വര്‍ഷങ്ങളായി ഞാനത് ചെയ്യുന്നുണ്ട്. ഇത് വരെ തെറ്റിയിട്ടില്ല,’ ട്രംപ് പരിഹസിച്ചു. എന്നാല്‍ ജനക്കൂട്ടം മൗനം പാലിക്കുകയായിരുന്നു.

പ്രസിഡന്റാവാന്‍ ആരും ആഗ്രഹിക്കാത്ത രാജ്യമാണ് ഇറാനെന്നും ട്രംപ് പറഞ്ഞു. കൂടാതെ മുഹമ്മദ് എന്ന് പേരുള്ള പലരോടും അവര്‍ ഇറാന്‍ പ്രസിഡന്റാവുമോ എന്ന് ചോദിക്കുന്നത് പോലെ അഭിനയിച്ച് കാണിക്കുകയും ചെയ്തു.
മുസ് ലിം-സൊമാലി വംശജരായ അമേരിക്കന്‍ നേതാക്കള്‍ക്കെതിരെയും ട്രംപ് വാക്ക് പോര് ശക്തമാക്കിയിട്ടുണ്ട്. ഡെമോക്രാറ്റിക് യു.എസ് സെനറ്റ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ എല്‍ സയീദ്, സൊമാലിയന്‍ അഭയാര്‍ത്ഥിയായി അമേരിക്കയിലെത്തിയ ഇല്‍ഹാന്‍ ഉമര്‍ തുടങ്ങിയ നേതാക്കളെയും ട്രംപ് നേരത്തെ ലക്ഷ്യമിട്ടിരുന്നു.

കൂടാതെ, യു.എസും ഇസ്രഈലും ഇറാനെതിരെ നടത്തിയ സൈനിക നീക്കങ്ങളെക്കുറിച്ചും, ഇറാന്‍ ഒരു കാരണവശാലും ആണവായുധം സ്വന്തമാക്കില്ലെന്ന തന്റെ നിലപാടും ട്രംപ് റാലിയില്‍ ആവര്‍ത്തിച്ചു.

അതേസമയം ട്രംപ് സര്‍ക്കാരിന്റെ രണ്ടാം ഘട്ടത്തില്‍ കുടിയേറ്റക്കാര്‍ക്കും ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ക്കുമെതിരെ ഉണ്ടായ കടുത്ത നടപടികളാണ് അമേരിക്കയില്‍ ഇസ്ലാമോഫോബിയ ഉയരാന്‍ ഇടയാക്കിയതെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സിന്റെ പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

Content Highlight: Trump’s jibe: If you don’t know someone’s name in the Middle East, just call him ‘Mohammed’ — audience remains silent (no applause).