വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ പുതിയ ‘ബോർഡ് ഓഫ് പീസ്’ (Board of Peace) സമിതിയിൽ സ്ഥിരാംഗത്വം ലഭിക്കണമെങ്കിൽ രാജ്യങ്ങൾ 100 കോടി ഡോളർ (1 ബില്യൺ) നൽകാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെടുന്നതായി റിപ്പോർട്ട്.
ബ്ലൂംബെർഗ് പുറത്തുവിട്ട കരട് രേഖയിലാണ് സമാധാന ബോർഡിലെ സ്ഥിരാംഗത്വത്തിനായി രാജ്യങ്ങൾ 100 കോടി ഡോളർ നൽകണമെന്ന് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകളുള്ളത്.
ഈ സമിതിയുടെ ഉദ്ഘാടന ചെയർമാൻ ട്രംപ് ആയിരിക്കുമെന്നും സമിതിയിൽ ഏതൊക്കെ രാജ്യങ്ങൾ അംഗങ്ങളാകണമെന്ന് അദ്ദേഹം തീരുമാനിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭൂരിപക്ഷാടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങൾ എടുക്കുകയെങ്കിലും, ഓരോ വോട്ടകൾക്കും ട്രംപിന്റെ അംഗീകാരം വേണമെന്നും റിപ്പോർട്ടുകളുണ്ട്.
സമിതിയിലെ അംഗങ്ങളുടെ കാലാവധി മൂന്ന് വർഷമായിരിക്കും. എന്നാൽ 100 കോടി ഡോളറിൽ കൂടുതൽ സംഭാവന നൽകുന്ന രാജ്യങ്ങൾക്ക് ഈ മൂന്ന് വർഷത്തെ പരിധി ബാധകമല്ല. അവർക്ക് സ്ഥിരാംഗത്വം ലഭിക്കും.മൂന്ന് രാജ്യങ്ങൾ ചേരുന്നതോടെ ബോർഡ് ഓഫ് പീസ് ഔദ്യോഗികമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഘർഷ ബാധിത പ്രദേശങ്ങളിൽ സുസ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കുകയെന്നതാണ് ഈ അന്താരാഷ്ട്ര സംഘടനയുടെ ലക്ഷ്യമായി ഭരണകൂടം പറയുന്നത്.
ഐക്യരാഷ്ട്രസഭയ്ക്ക് പകരമായി മറ്റൊരു സംഘടന കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നതെന്ന വിമർശനവും ട്രംപ് ഭരണകൂടത്തിനെതിരെ ഉയരുന്നുണ്ട്.
ഈ പദ്ധതിയുടെ ഭാഗമായി ഗസയ്ക്കായി ഒരു പ്രത്യേക സമാധാന സമിതി രൂപീകരിക്കാൻ അർജന്റീനയുടെ ജാവിയർ മിലെ, കാനഡയുടെ മാർക്ക് കാർണി എന്നിവരെ ട്രംപ് പദ്ധതിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സമാഹരിക്കുന്ന പണത്തിന്റെ നിയന്ത്രണം ട്രംപിന്റെ കൈവശമായിരിക്കുമെന്നതിനാൽ പല യൂറോപ്യൻ രാജ്യങ്ങളും സമാധാന ബോർഡിന്റെ രൂപീകരണത്തെ എതിർക്കുന്നുണ്ടെന്നും റിപ്പോട്ടുകളുണ്ട്.
എന്നാൽ അംഗത്വം സൗജന്യമാണെങ്കിലും സ്ഥിരാംഗത്വത്തിനാണ് 100 കോടി ഡോളർ ഈടാക്കുന്നതെന്ന് യു.എസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഈ തുക ഗസയുടെ പുനർനിർമ്മാണത്തിനായി നേരിട്ട് ഉപയോഗിക്കുമെന്നും അവർ അവകാശപ്പെട്ടു.
സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ, സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ എന്നിവരടങ്ങുന്ന ഒരു എക്സിക്യൂട്ടീവ് പാനലിനെയും വൈറ്റ് ഹൗസ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ബ്ലൂംബെർഗിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഗസ സമാധാന ബോർഡിലേക്ക് ട്രംപ് നിർദ്ദേശിച്ച വ്യക്തികളുടെ ലിസ്റ്റിൽ ഇസ്രഈൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സമിതി ഇസ്രഈൽ നയങ്ങൾക്ക് വിരുദ്ധമാണെന്നും തങ്ങളുമായി ഏകോപിപ്പിച്ചിട്ടില്ലെന്നും ഇസ്രഈൽ പറഞ്ഞിരുന്നു.
Content Highlight: Trump’s ‘Board of Peace’; Countries to pay $1 billion for permanent membership: Bloomberg report