ഇറാനെ ആക്രമിച്ചത് ട്രംപിന്റെ മണ്ടത്തരം; കീഴടങ്ങില്ലെന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തെ അമ്പരിപ്പിച്ചു: രാഷ്ട്രീയ ശാസ്ത്രജ്ഞന്‍
Trending
ഇറാനെ ആക്രമിച്ചത് ട്രംപിന്റെ മണ്ടത്തരം; കീഴടങ്ങില്ലെന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തെ അമ്പരിപ്പിച്ചു: രാഷ്ട്രീയ ശാസ്ത്രജ്ഞന്‍
നിഷാന. വി.വി
Tuesday, 17th March 2026, 8:46 am

ടെഹ്‌റാന്‍: ഇറാനെതിരായ യുദ്ധത്തിനിറങ്ങി പുറപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മണ്ടത്തരം ചെയ്തുവെന്ന് പ്രമുഖ രാഷ്ട്രീയ ശാസ്ത്രജ്ഞനായ ജോണ്‍ മെയര്‍ ഷൈമര്‍.

ഇറാന്‍ ജനതയും അവരുടെ സായുധ സേനയും കീഴടങ്ങില്ല എന്ന യാഥാര്‍ത്ഥ്യം ട്രംപിനെ അമ്പരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്രഈലുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാലും ഇറാനെ കീഴടക്കാന്‍ യു.എസിന് കഴിയില്ലെന്നും ഷൈമര്‍ കൂട്ടിച്ചേര്‍ത്തു.

ചിക്കാഗോ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറും പ്രമുഖ രാഷ്ട്രീയ നിരീക്ഷകനുമാണ് അദ്ദേഹം.

‘നമുക്ക് ഇറാനികളെ തോല്‍പ്പിക്കാന്‍ കഴിയില്ല. അത്തരമൊരു യുദ്ധം അടിച്ചേല്‍പ്പിക്കുന്നതിലൂടെ, നമ്മള്‍ മണ്ടത്തരത്തിന്റെ സന്ദേശം മാത്രമാണ് നല്‍കുന്നത്. നമ്മള്‍ വെറും വിഡ്ഡികളാണെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്,’ ഷൈമര്‍ പറഞ്ഞു.

യുദ്ധത്തില്‍ അമേരിക്കയ്ക്ക് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം ഇനിയും ആഴ്ചകളോ മാസങ്ങളോ തുടര്‍ന്നാല്‍ ഇസ്രഈല്‍ പൂര്‍ണമായി നശിപ്പിക്കപ്പെടുമെന്ന് ധനികനായ ജൂത ബിസിനസുകാരനും ട്രംപിന്റെ ഉപദേഷ്ടാവുമായ ഡേവിഡ് സാക്സിന്‍ അഭിപ്രായപ്പട്ടതായുളള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഷൈമറിന്റെ പരാമര്‍ശങ്ങള്‍.

ഇറാന്‍ കീഴടങ്ങില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഐ.ആര്‍.ജി.സി പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഹോര്‍മുസിലേക്ക് യുദ്ധകപ്പലുകള്‍ അയക്കണമെന്ന ട്രംപിന്റെ ആവശ്യം ജപ്പാന്‍ അടക്കമുളള രാജ്യങ്ങള്‍ തള്ളിയിട്ടുണ്ട്.

ഫെബ്രുവരി 28നാണ് ഇസ്രഈല്‍-യു.എസ് സംയുക്തമായി ഇറാനെതിരെ ആക്രമണം നടത്തിയത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇ ഉള്‍പ്പടെയുള്ള നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlight: Trump’s attack on Iran was a stupid move; the reality that it would not surrender surprised him: Political scientist

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.