കരാർ പാലിക്കുന്നില്ല; ദക്ഷിണ കൊറിയക്കുമേൽ 25% തീരുവ ഏർപ്പെടുത്തി അമേരിക്ക
World
കരാർ പാലിക്കുന്നില്ല; ദക്ഷിണ കൊറിയക്കുമേൽ 25% തീരുവ ഏർപ്പെടുത്തി അമേരിക്ക
മുഹമ്മദ് നബീല്‍
Tuesday, 27th January 2026, 8:42 am

വാഷിങ്ടൺ: അമേരിക്കയുമായി നേരത്തെ ഉണ്ടാക്കിയ വ്യാപാര കരാറനുസരിച്ച് പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ച് ദക്ഷിണ കൊറിയക്കുമേൽ 25% തീരുവയേർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ദക്ഷിണ കൊറിയയുടെ വാഹനങ്ങൾ, മരുന്ന്, മരം എന്നിവയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന പുതിയ തീരുവ ഇന്നലെയാണ് (ജനുവരി 26) ട്രംപ് പ്രഖ്യാപിച്ചത്.

15 ശതമാനത്തിൽ നിന്നും 25 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്.

ദക്ഷിണ കൊറിയൻ നിയമസഭ ഞങ്ങളുടെ ചരിത്രപരമായ വ്യാപാര കരാർ നടപ്പാക്കുന്നില്ലന്നും അതിനവർക്ക് അവകാശമുണ്ടെന്നും ട്രൂത് സോഷ്യലിൽ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നടപടി.

എന്നാൽ തീരുവ വർധനവിനെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിട്ടില്ലെന്ന്
ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

ഈ വിഷയത്തിൽ പരിഹാരം കാണുന്നതിനുവേണ്ടി കൊറിയയുടെ വ്യവസായ മന്ത്രി കിം ജുങ്-ക്വാൻ അമേരിക്കൻ വ്യവസായ മന്ത്രാലയ സെക്രട്ടറി ഹോവാർഡ് ലുട്നിയുമായി ചർച്ചചെയ്യുമെന്നും അതിനായി അദ്ദേഹം വൈകാതെ വാഷിങ്ടണിലേക്ക് പോകുമെന്നും കൊറിയ അറിയിച്ചു.

ട്രംപിന്റെ ഈ അപ്രതീക്ഷിത നടപടി കൊറിയക്ക് ചെറുതല്ലാത്ത പ്രഹരമേല്പിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന വ്യവസായമായ വാഹന വിപണിയെ ഇത് വലിയരീതിയിൽത്തന്നെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ലോകത്തെ പ്രധാന വാഹന നിർമാണ രാജ്യമായ ദക്ഷിണ കൊറിയയുടെ കയറ്റുമതിയുടെ പകുതിയോളം അമേരിക്കയിലേക്കാണ്.

ട്രംപിന്റെ ഈ പ്രഖ്യാപനത്തിനു ശേഷം കൊറിയയിലെ പ്രധാന വാഹന നിർമാതാക്കളായ ഹ്യൂണ്ടായ്, കിയ എന്നിവരുടെ ഓഹരിവിപണി യഥാക്രമം 4 %, 3.5 % ഇടിഞ്ഞിരുന്നു.

ദക്ഷിണ കൊറിയക്കു നേരെയുള്ള നടപടി മറ്റു വാഹന നിർമാതാക്കളായ ജപ്പാനും യൂറോപ്യൻ രാജ്യങ്ങൾക്കും വലിയ നേട്ടം നൽകുമെന്നും കണക്കാക്കുന്നു.

Content Highlight: trump imposes tariff on South Korea

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം