| Thursday, 11th December 2025, 4:39 pm

നെതന്യാഹുവിനും യു.എസ് സൈനികർക്കുമെതിരായ അന്വേഷണം അവസാനിപ്പിക്കണം; ഐ.സി.സിയെ വീണ്ടും ഭീഷണിപ്പെടുത്തി ട്രംപ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ യു.എസ് സര്‍ക്കാര്‍ വീണ്ടും ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും മറ്റു മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെയും അന്വേഷണം നടത്താന്‍ കഴിയാത്തവിധം ഉടമ്പടികളില്‍ ഭേദഗതിക്ക് തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് ഭീഷണി. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരായ വംശഹത്യ കേസിലെ അന്വേഷണവും അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിച്ചിരുന്ന യു.എസ് സൈനികര്‍ക്കെതിരായ അന്വേഷണവും നിര്‍ത്തിവെക്കണമെന്നും ട്രംപ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യം അംഗീകരിക്കാത്ത പക്ഷം ഐ.സി.സിയിലെ ജീവനക്കാര്‍ക്കും നീതിപീഠത്തിനുമെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് യു.എസ് സര്‍ക്കാര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വെനസ്വേലന്‍ കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങള്‍ ഐ.സി.സിയുടെ അന്വേഷണ പരിധിയില്‍ വരികയാണെങ്കില്‍ ട്രംപ് സര്‍ക്കാര്‍ അതിനെ ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തോട് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചില്ലെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി യു.എസിന്റെ പരമാധികാരത്തെ ലംഘിക്കുന്നുവെന്നാണ് പ്രധാന വിമര്‍ശനം. 2002ല്‍ ഐ.സി.സി രൂപീകരിച്ച റോം സ്റ്റാറ്റിയൂട്ടില്‍ അമേരിക്ക കക്ഷിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസ് നേതാക്കള്‍ ഈ വിമര്‍ശനം ഉന്നയിക്കുന്നത്.

രാഷ്ട്രത്തലവന്മാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഐ.സി.സിക്ക് അധികാരം നല്‍കുന്ന സംവിധാനമാണ് റോം സ്റ്റാറ്റിയൂട്ട്. ഇസ്രഈലും ഈ ഉടമ്പടിയില്‍ കക്ഷിയല്ല.

നേരത്തെ ഐ.സി.സിയിലെ ഒന്നിലധികം ജഡ്ജിമാര്‍ക്കെതിരെ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പെറുവിലെ ലൂസ് ഡെല്‍ കാര്‍മെന്‍ ഇബാനെസ് കരാന്‍സ, ഉഗാണ്ടയിലെ സോളോമി ബലുങ്കി ബോസ, ബെനിനിലെ റെയ്ന്‍ അഡലെയ്ഡ് സോഫി അലാപിനി ഗാന്‍സോ, സ്ലൊവേനിയയിലെ ബെറ്റി ഹോഹ്ലര്‍ എന്നിവര്‍ക്കെതിരെയാണ് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത്.

ഇസ്രഈലിനെതിരായ വംശഹത്യാ കേസില്‍ നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനും അഫ്ഗാനിസ്ഥാനിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതിനുമായിരുന്നു യു.എസിന്റെ ഈ നടപടി.

Content Highlight: Trump government threatens ICC again, report says

We use cookies to give you the best possible experience. Learn more