ഹോര്‍മുസ് യു.എസ് ടെറിട്ടറിയാണെന്ന് വീണ്ടും അവകാശപ്പെട്ട് ട്രംപ്
World
ഹോര്‍മുസ് യു.എസ് ടെറിട്ടറിയാണെന്ന് വീണ്ടും അവകാശപ്പെട്ട് ട്രംപ്
റെന്വര്‍ പി
Saturday, 22nd August 2026, 12:55 pm

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് യു.എസിന്റെ ഒരു ടെറിട്ടറിയാണെന്ന് വീണ്ടും അവകാശവാദമുന്നയിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗത്ത് കരോലിനയില്‍ ഒരു റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ആയിരുന്നു ഇത്തവണ ട്രംപ് ഹോര്‍മുസിനെക്കുറിച്ചുള്ള അവകാശവാദം ആവര്‍ത്തിച്ചത്.

യു.എസ്-ഇറാന്‍ കരാറിനെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇറാന് കരാര്‍ ആവശ്യമാണെന്നും എന്നാല്‍ യു.എസിന് ഇപ്പോള്‍ ഹോര്‍മുസ് തങ്ങളുടെ ടെറിട്ടറി ആയതിനാല്‍ ആ കരാര്‍ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. ‘അവര്‍ക്ക് ഒരു കരാര്‍ വല്ലാതെ ആവശ്യമാണ്. പക്ഷേ യു.എസിന് ആ കരാര്‍ വേണോ വേണ്ടേ എന്നറിയില്ല. കാരണം ഹോര്‍മുസ് ഇപ്പോള്‍ ഒരു അമേരിക്കന്‍ ടെറിട്ടറിയാണ്,’ ട്രംപ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയും ട്രംപ് സമാന അവകാശവാദം ഉന്നയിച്ചിരുന്നു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടുന്ന മാപ്പും അതില്‍ യു.എസിന്റെ പുതിയ ടെറിട്ടറി എന്നു വാചകവും ഉള്‍പ്പെടുന്ന ഒരു ഇമേജ് ആയിരുന്നു ട്രംപ് അന്ന് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചത്. ഹോര്‍മുസിനെ ഉടന്‍ തന്നെ യു.എസ് ടെറിട്ടറി ആയി പ്രഖ്യാപിക്കുമെന്ന് ഏതാനും ദിവസം മുമ്പ് ട്രംപ് അവകാശപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, ഇറാന്‍ ശരിയായ കരാറുണ്ടാക്കാന്‍ പറ്റുന്ന രാജ്യമല്ലെന്നാണ് തന്റെ അഭിപ്രായമെന്നും സൗത്ത് കരോലിനയിലെ റാലിയില്‍ ട്രംപ് പറഞ്ഞു. ഇറാനെ ആണവായുധം സൂക്ഷിക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

‘അവര്‍ ആണവായുധം കൈവശം വയ്ക്കുന്നത് ഞങ്ങള്‍ അനുവദിക്കില്ല. ഇറാന്‍ ഒരു ആണവായുധവും കൈവശം വയ്ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ക്ക് വളരെ മോശമായ കാര്യങ്ങള്‍ കാണാന്‍ കഴിയും,’ എന്നാണ് ട്രംപിന്റെ അവകാശവാദം.

ഇറാന് ഇപ്പോള്‍ നാവിക സേനയോ വ്യോമസേനയോ റഡാറുകളോ സാങ്കേതിക ഉപകരണങ്ങളോ ഇല്ലെന്നും ട്രംപ് ആരോപിച്ചു. അവിടെ ഉദ്പാദനം നടക്കുന്നില്ല. അവരുടെ നേതാക്കള്‍ അവിടുന്ന് പോയിട്ടുണ്ട്. അവരുടെ രണ്ടാം നാര നേതാക്കളും പോയി. അവരുടെ മൂന്നാം നിര നേതാക്കളില്‍ ഒരു വിഭാഗവും പോയിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

ഇറാന്റെ അവസ്ഥ തന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണെന്നും ആരാണ് അത് കൈകാര്യം ചെയ്യുക എന്ന് തനിക്കറിയില്ലെന്നും ട്രംപ് പറയുന്നു. ‘ഇത് ഒരു പ്രശ്‌നമാണ്. ലോകത്തില്‍ ആര്‍ക്കും പ്രസിഡന്റ് ആവേണ്ടതില്ലാത്ത രാജ്യമാണത്. അവര്‍ ചോദിക്കും ആര്‍ക്കാണ് പ്രസിഡന്റ് ആവേണ്ടതെന്ന്. എനിക്ക് പ്രസിഡന്റ് ആവേണ്ട. അതിനാല്‍ അത് ചെറിയ ഒരു പ്രശ്‌നമാണ്,’ ട്രംപ് പറഞ്ഞു.

ഹോര്‍മുസുമായി ബന്ധപ്പെട്ട് ട്രംപിന് പുറമെ യു.എസ് എനര്‍ജി സെക്രട്ടറി ക്രിസ് റൈറ്റിന്റെ ഒരു പ്രസ്താവനയും പുറത്തുവന്നിരുന്നു. 15 മില്യണ്‍ ബാരലിലധികം എണ്ണ ഹോര്‍മുസിലൂടെ കടത്താന്‍ യു.എസ് സൈന്യം സഹായിച്ചതായി ക്രിസ് റൈറ്റ് അവകാശപ്പെട്ടു. എണ്‍പത് ലക്ഷം ബാരല്‍ വച്ചാണ് പ്രതിദിനം ഹോര്‍മുസിലൂടെ എണ്ണ കടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് വഴി എണ്ണ ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും റൈറ്റ് അവകാശപ്പെട്ടു.

ഹോര്‍മുസില്‍ നിലവില്‍ യുദ്ധത്തിന് മുമ്പുള്ളതിന്റെ 20 ശതമാനം ചരക്ക് ഗതാഗതം മാത്രമാണ് നടക്കുന്നതതെന്ന് കണക്കുകള്‍ പുറത്തുവരുന്നതിനിടെയാണ് റൈറ്റ് ഈ കാര്യം പറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 103 കപ്പലുകളാണ് ഹോര്‍മുസില്‍ പ്രവേശിച്ചതെന്നും 89 കപ്പലുകള്‍ ഹോര്‍മുസില്‍ നിന്ന് പുറത്തുകടന്നുവെന്നുമാണ് യുണൈറ്റഡ് കിങ്ഡം മാരിറ്റൈം ട്രേഡ് ഓപ്പറേഷന്‍സ് (യു.കെ.എം.ടി.ഒ) കണക്കുകള്‍. ഇത് യുദ്ധത്തിന് മുമ്പുള്ള പ്രതിവാര ശരാശരി കണക്കിന്റെ 20 ശതമാനം മാത്രമാണിത്.

Content Highlight: Trump calls Strait of Hormuz ‘American territory’, Again

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.