ടെഹ്റാന്‍: വാഷിങ്ടണ്‍ തങ്ങളെ ആക്രമിച്ചാല്‍ അയല്‍രാജ്യങ്ങളിലെ അമേരിക്കന്‍ ക്യാമ്പുകളെ അക്രമിക്കുമെന്ന ടെഹ്റാന്റെ ഭീഷണിക്കുപിന്നാലെ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ താവളങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് അമേരിക്ക.
ഇതിന് പിന്നാലെയെന്നോണം ഇന്നുപുലര്‍ച്ചെ (വ്യാഴം) അറിയിപ്പുകളൊന്നുമില്ലാതെ ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ഭാഗികമായി അടച്ചിട്ടുമുണ്ട്.
വാഷിങ്ടണ്‍ ആക്രമിച്ചാല്‍ അമേരിക്കന്‍ താവങ്ങളങ്ങള്‍ ആക്രമിക്കുമെന്ന് ടെഹ്‌റാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങള്‍ സൈനികരെ മാറ്റുകയാണെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ചില അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആക്രമണം ആസന്നമാണെന്ന് പറഞ്ഞതായും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘കാത്തിരിക്കുകയാണെന്നും സംഘര്‍ഷങ്ങള്‍ നിരീക്ഷിക്കുകയാണ് ‘ എന്നും പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
സാമ്പത്തിക തകര്‍ച്ചക്കെതിരെ ഡിസംബര്‍ 28 ന് ആരംഭിച്ച പ്രക്ഷോഭം പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിലുള്ള പൗരോഹിത്യ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം വ്യാപിക്കുകയായിരുന്നു.
എന്നാല്‍ ഇസ്രാഈലും അമേരിക്കയുമാണ് കലാപങ്ങള്‍ക്ക് പിറകിലെന്നാണ് ഇറാന്റെ പ്രതികരണം. ഏതുനിമിഷവും അമേരിക്കയുടെ ഇടപെടല്‍ പ്രതീക്ഷിക്കുന്ന ഇറാന്‍ പ്രതിരോധിക്കാന്‍ സജ്ജമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞമാസം അവസാനം ആരംഭിച്ച ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളില്‍ ആകെ മരണസംഖ്യ 3400 കടന്നതായാണ് എന്‍.ജി.ഒ റിപോര്‍ട്ടുകള്‍.
ജീവിത ചിലവുവര്‍ധിച്ചതും, രാജ്യത്തിന്റെ കറന്‍സിയായ റിയാലിന്റെ മൂല്യം റെക്കോര്‍ഡ്നിലയില്‍ താഴ്ന്നതുമാണ് ഇപ്പോള്‍ പ്രക്ഷോഭം ആളിക്കത്താന്‍ കാരണമായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
പ്രക്ഷോഭം കനത്തതോടെ ആശയവിനിമയവും സ്വതന്ത്ര റിപ്പോര്‍ട്ടിങ്ങും തടസപ്പെടുത്തുന്നതിനായി ഇറാന്‍ ഇന്റര്‍നെറ്റ് ബ്ലാക്ഔട്ടും ഏര്‍പ്പെടുത്തിയിരുന്നു.
Content Highlight: Trump appears to soften rhetoric after Iran threats