ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ പ്രശ്നങ്ങൾ; തുറന്ന് പറഞ്ഞ് പരിശീലകൻ
football news
ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ പ്രശ്നങ്ങൾ; തുറന്ന് പറഞ്ഞ് പരിശീലകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th January 2023, 11:02 am

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയ പാതയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പരാജയം ഏറ്റു വാങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ തോൽപ്പിച്ചത്.

ഞായറാഴ്ച നടന്ന മത്സരത്തിൽ കളിയുടെ 42,44 മിനിട്ടുകളിൽ ദിമിത്രിയോസ് തുടർച്ചയായി നേടിയ രണ്ട് ഗോളുകളിലാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം കൈ പ്പിടിയിലാക്കിയത്.

ഇതോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടുണ്ട്.


എന്നാൽ മത്സരത്തിൽ വിജയിച്ചെങ്കിലും കളി കഴിഞ്ഞതിന് ശേഷമുള്ള പത്ര സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പുമായി ബന്ധപ്പെട്ട് ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങൾ കോച്ച് ഇവാൻ വുകോമനോവിച്ച് മാധ്യമ പ്രവർത്തകരോട് പറയുകയുണ്ടായി.

ഇനി നിർണായകമായ കുറച്ച് മത്സരങ്ങൾ മാത്രം ശേഷിക്കെ ടീമിനുള്ളിൽ പല താരങ്ങളും ഫിറ്റ്നെസ് പ്രശ്നങ്ങൾ നേരിടുണ്ടെന്നും പനി പോലെയുള്ള പല ആരോഗ്യ പ്രശ്നങ്ങളും ടീമംഗങ്ങൾ നേരിടുന്നുണ്ടെന്നുമാണ് വുകോമനോവിച്ച് പറഞ്ഞത്. ഇതിനാൽ ടീമിൽ അഴിച്ചു പണി നടത്തേണ്ടി വരുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തരെ അറിയിച്ചു.

““കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ക്യാമ്പിലെ കളിക്കാർ, ടെക്‌നിക്കൽ സ്റ്റാഫുകൾ, മെഡിക്കൽ സ്റ്റാഫുകൾ എന്നിങ്ങനെ കുറച്ചധികം പേർ പനിബാധിച്ച് ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയായിരുന്നു. ഈ സമയത്ത് പല കളിക്കാർക്കും മത്സരങ്ങൾക്കായി നന്നായി തയ്യാറെടുക്കാൻ കഴിഞ്ഞില്ല. പലർക്കും ട്രെയിനിങ് നഷ്‌ടമായി, അത് കൊണ്ട് തന്നെ മികച്ച ടീമിനെയല്ല ഇടകലർന്ന തരത്തിലുള്ള ഒരു ടീമിനെയാണ് ഞങ്ങൾ മത്സരങ്ങൾക്കായി തയ്യാറാക്കിയതത്,’ വുകോമനോവിച്ച് പറഞ്ഞു.

മുംബൈക്കെതിരായ മത്സരത്തിലും തനിക്ക് അടക്കം പല ടീമംഗങ്ങൾക്കും പനി ബാധിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ ലീഗിൽ അഞ്ച് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കേ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയെ പറ്റി ആശങ്കയിലാണ് ആരാധകർ.

 

പോയിന്റ് ടേബിളിൽ ആദ്യ ആറ് സ്ഥാനത്ത് എത്തുന്ന ടീമുകളിക്കാണ് സെമി ഫൈനൽ കളിക്കാൻ അവസരം ലഭിക്കുക.


ടേബിളിലെ ആദ്യ രണ്ട് ടീമുകൾ നേരിട്ട് സെമിയിലേക്ക് യോഗ്യത നേടുമ്പോൾ, മൂന്ന് മുതൽ ആറ് വരെയുള്ള ടീമുകൾ പരസ്പരം ക്വാളിഫയർ കളിച്ച് അതിൽ നിന്നും യോഗ്യത നേടുന്ന രണ്ട് ടീമുകളാണ് സെമിയിലേക്കെത്തുക.

അതേസമയം ഫെബ്രുവരി 3ന് ഈസ്റ്റ്‌ ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

 

Content Highlights:Trouble at Blasters’ Camp said coach