റിലീസായ ശേഷം ഇന്ത്യയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത് 2023 ല്‍ പുറത്തിറങ്ങിയ കേരള സ്റ്റോറി. തീവ്ര വലതുപക്ഷ അജണ്ടകളെ പോഷിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസിന് ശേഷം വലിയ ഹെയ്റ്റ് ക്യാംപെയ്‌നായിരുന്നു മുസ്‌ലിം ജനവിഭാഗത്തിനെതിരെയും കേരളത്തിനെതിരെയും നോര്‍ത്ത് ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും ഉയര്‍ന്നത്. ഐ.എസ് അടക്കമുള്ള തീവ്രവാദ സംഘടനകളിലേക്ക് ലവ് ജിഹാദ് വഴി പെണ്‍കുട്ടികളെയെത്തിക്കുന്ന കഥയായിരുന്നു ചിത്രം പറഞ്ഞത്.
ഇതേ രീതിയില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. കാമാഖ്യ നാരായണ്‍ സിങ് സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസായിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ മുസ്‌ലിം മതവിഭാഗത്തിനെതിരെ വിദ്വേഷം പടര്‍ത്തുന്ന തരത്തിലുള്ള ദൃശ്യങ്ങളടങ്ങിയ ട്രെയ്‌ലറിന് വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടുന്നത്. ബീഫ് കഴിക്കാത്ത പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ലഭിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ സജീവമായ സിനിമാ പേജുകളിലും ഗ്രൂപ്പുകളിലുമാണ് ട്രെയ്‌ലര്‍ പുറത്തുവന്നത് മുതല്‍ ട്രോളുകളുയരുന്നത്. ഈയടുത്ത കാലത്ത് കണ്ടതില്‍വെച്ച് ഏറ്റവും സങ്കടകരമായ സീനായിരുന്നു ഇതെന്നും വളരെയധികം കിഡ്‌നി ടച്ചിങ്ങായ ഈ സീനിനായിരിക്കും ചിത്രം റിലീസ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി കിട്ടുകയെന്നുമായിരുന്നു ട്രോളുകള്‍. ഇതിന് താഴെ വന്ന കമന്റുകളും വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ട്.
ഒരിറ്റ് കണ്ണീരോടെ അല്ലാതെ ഈ സീന്‍ കണ്ടിരിക്കാന്‍ കഴിയില്ലെന്നും കാരണം ഇത് കാണുന്നവരെല്ലാം ഉള്ളിക്കറി കഴിക്കുന്ന ബി.ജെ.പിക്കാരാവുമെന്നുമാണ് ഒരു കമന്റ്. ബി.ജെ.പിയുടെ തന്നെ മുന്‍ സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രന്‍ ഒരു ഹോട്ടലിലിരുന്ന് ബീഫ് കഴിക്കുന്ന ദൃശ്യങ്ങളും ഇതിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ആദ്യത്തെക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗമെന്നും 1000 കോടി ‘ഫിസ്‌കട്’ എന്നും പരിഹാസത്തോടെ കുറിച്ചിട്ടുണ്ട്.
സ്വന്തം വായില്‍ കുത്തികയറ്റാന്‍ പോലും മലയാളികള്‍ക്ക് ബീഫ് കിട്ടുന്നില്ലെന്നും കിലോക്ക് 450 രൂപയോളമാണ് മാര്‍ക്കറ്റ് വിലയെന്നും അപ്പോഴാണ് നിര്‍ബന്ധിപ്പിച്ച് കഴിപ്പിക്കുന്നതെന്നും പരിതപിക്കുന്നവരെയും കാണാം. പൊറാട്ടയില്ലാതെ ബീഫ് കഴിക്കാന്‍ പറഞ്ഞതുകൊണ്ടാവും കഴിക്കാത്തതെന്നും തേങ്ങാക്കൊത്തിട്ട് നല്ല അടിച്ച പൊറാട്ടയുടെ കൂടെ നല്‍കിയാല്‍ ആരും കഴിക്കുമെന്നുമാണ് ഒരു ഐ.ഡിയില്‍ നിന്നുമുള്ള അഭിപ്രായം. ആദ്യം നമ്മള്‍ ചത്താലും, ബീഫ് കഴിക്കില്ലെന്ന് കിഡ്‌നാപ് ചെയ്തവരോട് പറയണമെന്നും എന്നാല്‍ പിന്നീടുള്ള എല്ലാ ദിവസവും മൂന്നു നേരവും ബീഫ് കഴിച്ച് കുശാലായി ജീവിക്കാമെന്നും ഐഡിയ നല്‍കുന്നവരുണ്ട്.
അതേസമയം ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താനുള്ള സംവിധായകന്റെ ഉദ്ദേശം തിരിച്ചറിയണമെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. കേരളത്തില്‍ ഇങ്ങനെ നടക്കുന്നില്ലെന്ന് നമുക്കറിയാമെങ്കിലും നോര്‍ത്ത് ഇന്ത്യക്കാരുടെ ഇടയില്‍ മലയാളികളോടും നമ്മുടെ നാടിനോടുമുള്ള മനോഭാവം ചിത്രത്തിലൂടെ മാറുമെന്നും ഇത് അപകടകരമാണെന്നും കമന്റ് ബോക്‌സില്‍ മുന്നറിയിപ്പുണ്ട്. ഒരു നാടിന്റെ പേര് തന്നെ മോശമാക്കി കാണിക്കുന്ന ചിത്രം കേരളത്തില്‍ നിരോധിക്കണമെന്നും റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ക്ക് മുമ്പില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കണമെന്നും നിര്‍ദേശം വെക്കുന്നവരെയും കാണാം.
Content Highlight: Trolls against Kerala story 2 trailer released yestarday
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.