ജനനായകന്‍, എം.എസ് ധോണി, സിബി ചക്രവര്‍ത്തി; എല്ലാത്തിലും കോമണ്‍ ഫാക്ടര്‍ ശിവകാര്‍ത്തികേയന്‍, ട്രോളി സോഷ്യല്‍ മീഡിയ
Indian Cinema
ജനനായകന്‍, എം.എസ് ധോണി, സിബി ചക്രവര്‍ത്തി; എല്ലാത്തിലും കോമണ്‍ ഫാക്ടര്‍ ശിവകാര്‍ത്തികേയന്‍, ട്രോളി സോഷ്യല്‍ മീഡിയ
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 25th June 2026, 7:47 pm

തമിഴകത്ത് അതിവേഗം വളര്‍ന്നുവരുന്ന സൂപ്പര്‍താരമാണ് ശിവകാര്‍ത്തികേയന്‍. വിജയ്ക്കും സൂര്യയ്ക്കും ശേഷം തമിഴിലെ അടുത്ത സൂപ്പര്‍ താരമെന്ന് പലരും വിലയിരുത്തിയ ശിവകാര്‍ത്തികേയന്‍ തുടര്‍ച്ചയായ ഹിറ്റുകളായിരുന്നു തമിഴ് സിനിമയ്ക്ക് സമ്മാനിച്ചത്. എന്നാല്‍ നായകനായി അവസാനമായി പുറത്തിറങ്ങിയ സുധ കൊങ്കര ചിത്രം പരാശക്തിക്ക് വേണ്ടത്ര തിളങ്ങാന്‍ സാധിക്കാതെ പോയതോടെ താരം പ്രതിസന്ധിയിലായിരുന്നു.

എന്നാല്‍ സിനിമയ്ക്ക് പുറത്ത് മറ്റൊരു ചര്‍ച്ചയിലാണ് ഇപ്പോള്‍ ശിവകാര്‍ത്തികേയന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. താരം ആര്‍ക്കെല്ലാം വേണ്ടി ആശംസ അറിയിക്കുന്നോ അവര്‍ക്കെല്ലാം തിരിച്ചടി കിട്ടുന്നുണ്ടെന്ന വിചിത്രമായ കണ്ടുപിടിത്തവുമായാണ് ഇപ്പോള്‍ ട്രോളന്മാര്‍ രംഗത്തെത്തിയിരിക്കുന്നത്. വിജയ് ചിത്രം ജനനായകന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് സൂപ്പര്‍ താരവും മുന്‍ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ എം.എസ് ധോണി, തമിഴ് സംവിധായകന്‍ സിബി ചക്രവര്‍ത്തി എന്നിവര്‍ക്ക് വേണ്ടി ആശംസകള്‍ അറിയിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ട്രോള്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

പരാശക്തി. Photo: Zee5

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് അവസാനമായി ചെയ്ത ചിത്രമായിരുന്നു ജനനായകന്‍. ചിത്രത്തിനൊപ്പം ശിവകാര്‍ത്തികേയന്റെ പരാശക്തിയും ക്ലാഷ് റിലീസിനൊരുങ്ങിയിരുന്നു. പരാശക്തിയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കവെ എല്ലാവരും ജനുവരി 9ന് ജനനായകന്‍ തിയേറ്ററില്‍ പോയി ആഘോഷിക്കണമെന്ന് അറിയിച്ചു കൊണ്ട് താരം ചിത്രത്തിന് ആശംസകള്‍ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ ചിത്രം സെന്‍സര്‍ കുരുക്കില്‍ പെടുകയും നാളിതുവരെ പുറംലോകം കാണാതെ പെട്ടിയയില്‍ കിടക്കുകയുമായിരുന്നു.

സമാനമായി ഈ വര്‍ഷമാദ്യം ഐ.പി.എല്‍ തുടങ്ങുന്നതിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ ശിവകാര്‍ത്തികേയന്‍ അതിഥിയായി പങ്കെടുത്തിരുന്നു. ചടങ്ങിനിടെ ധോണിയെക്കുറിച്ച് ‘ദ ഒ.ജി ഇസ് ബാക്ക്’ എന്നായിരുന്നു താരം പറഞ്ഞത്. ധോണി വേദിയില്‍ നില്‍ക്കെ പറഞ്ഞ വാക്കുകള്‍ക്ക് വലിയ കൈയടിയും ലഭിച്ചിരുന്നു. എന്നാല്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധിക്കാതെയാണ് താരം ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്.

ശിവകാര്‍ത്തികേയന്‍. Photo: Telangana Today

ട്രോളന്മാരുടെ മൂന്നാമത്തെ കണ്ടുപിടുത്തവും രസകരമാണ്. കമല്‍ ഹാസന്‍ നിര്‍മിച്ച് രജിനികാന്ത് നായകനാകുന്ന തലൈവര്‍ 173ലേക്ക് സിബി ചക്രവര്‍ത്തിയെയായിരുന്നു സംവിധായകനായി തെരഞ്ഞെടുത്തത്. സംവിധായകന് ആശംസയുമായി ശിവകാര്‍ത്തികേയന്‍ രംഗത്തെത്തുകയും പിന്നാലെ പ്രൊജക്ടില്‍ നിന്നും സിബിയെ മാറ്റി അശ്വത് മാരിമുത്തു എത്തുകയും ചെയ്തു. രസകരമായാണ് ഈ സംഭവങ്ങള്‍ ട്രോളന്മാര്‍ കോര്‍ത്തിയിണക്കിയിരിക്കുന്നതെങ്കിലും ഇത്തരത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാതെ തത്വങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമുയരുന്നുണ്ട്.

Content Highlight: Troll For Sivakarthikeyan relating Ms Dhoni

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.