കൃഷ്‌ണേട്ടാ മോനൂസ് വിളിക്കുന്നു; ഒ.ടി.ടി റിലീസിന് പിന്നാലെ ദൃഢത്തെ ട്രോളി സോഷ്യല്‍ മീഡിയ
Malayalam Cinema
കൃഷ്‌ണേട്ടാ മോനൂസ് വിളിക്കുന്നു; ഒ.ടി.ടി റിലീസിന് പിന്നാലെ ദൃഢത്തെ ട്രോളി സോഷ്യല്‍ മീഡിയ
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 16th June 2026, 4:30 pm

മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്ത് ഷെയ്ന്‍ നിഗം നായകനായി മെയ് 8 ന് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ദൃഢം. ഷെയ്ന്‍ നിഗം പൊലീസ് വേഷത്തിലെത്തിയ ചിത്രം ക്രൈം ത്രില്ലര്‍ ഴോണറിലായിരുന്നു സംവിധായകന്‍ ഒരുക്കിയിരുന്നത്. കുഴിനിലം എന്ന പൊലീസ് സ്റ്റേഷനിലേക്ക് ട്രെയിനിങ്ങിന് ശേഷം ആദ്യമായി ചാര്‍ജെടുക്കാന്‍ വരുന്ന വിജയ് രാധാകൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഷെയ്ന്‍ നിഗം വേഷമിടുന്നത്.

ഒരു തുടക്കകാരന്റെ പരിഭ്രമവും ഒരു പൊലീസ് ഓഫീസറുടെ ജാഗ്രതയുമെല്ലാം ചിത്രത്തില്‍ കൃത്യമായി തന്നെ താരം ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഷെയ്‌നിനൊപ്പം ഷോബി തിലകന്‍, ദിനേഷ് പ്രഭാകര്‍, കൃഷ്ണ പ്രഭ, സാനിയ ഫാത്തിമ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. കണ്ടിരിക്കുന്നവര്‍ വിചാരിക്കാത്ത തരത്തിലുള്ള ട്വിസ്റ്റ് ചിത്രത്തിലുണ്ടെങ്കിലും ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ വലിയ ട്രോളാണ് ചിത്രത്തിനെതിരെ ഉയരുന്നത്.

ദൃഢം. Photo: Jio Hotstar

കുഴിനിലം പൊലീസ് സ്റ്റേഷന്റെ സെറ്റപ്പിനെയും ചിത്രത്തിലെ സംഭാഷണങ്ങളെയുമാണ് പലരും ട്രോളാക്കുന്നത്. എസ്.ഐയുടെ റൂമും ഒരു ഹാളും മാത്രമുള്ള പൊലീസ് സ്റ്റേഷന്‍ നാടകത്തെ ഓര്‍മിപ്പിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ പലയിടത്തും ഒരേ ഡയലോഗ് ആവര്‍ത്തിക്കുന്നുണ്ടെന്നും ഇത് അരോചകരമായി തോന്നുന്നുണ്ടെന്നുമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ചിത്രത്തില്‍ ഷോബി തിലകന്‍ അവതരിപ്പിച്ച എ.എസ്.ഐ കൃഷ്ണനും ഷെയ്‌നിന്റെ കഥാപാത്രവും തമ്മിലുള്ള ഡയലോഗുകളാണ് ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന വിജയ്ക്ക് എല്ലാ നിര്‍ദേശങ്ങളും നല്‍കുന്നത് കൃഷ്‌ണേട്ടനാണ്. കൈക്കൂലി വാങ്ങുന്ന കാര്യങ്ങളടക്കം എല്ലാം കൃഷ്‌ണേട്ടന്റെ ഇഷ്ടം പോലെ ചെയ്‌തോളൂ എന്നാണ് എസ്.ഐ പറയുന്നതെന്ന് കാണാം. എന്നാല്‍ പല സീനുകളിലും ഇത് ആവര്‍ത്തിച്ചതോടെയാണ് ചിത്രത്തിനെതിരെ ട്രോളുകള്‍ ഉയരുന്നത്.

ദൃഢം. Photo: Jio Hotstar

 

ദൃഢത്തിന് പകരം മറ്റ് പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് നിര്‍ദേശിക്കുന്നതാണ് ഏറെ രസകരം. ഇത് കൃഷ്‌ണേട്ടന്റെയും ബാലേട്ടന്റെയും കഥയാണെന്നും അതിനാല്‍ ചിത്രത്തിന് ഈ പേര് ചേരുന്നില്ലെന്നും പലരും അഭിപ്രായപ്പെടുന്നു. ‘എന്നാല്‍ ശരി കൃഷ്‌ണേട്ടാ’ എന്നും കൃഷ്‌ണേട്ടാ മോനൂസ് വിളിക്കുന്നു’ എന്നുമുള്ള പേരുകള്‍ ചിത്രത്തിന് യോജിക്കുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Troll for Shane Nigam starrer Dridam after ott release

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.