നവ്യയല്ല ഇത് നമ്മുടെ യു.ഡി.സി. കുമാരി; ട്രോളന്മാര്‍ ഏറ്റെടുത്ത് താരത്തിന്റെ ലുക്ക്
Malayalam Cinema
നവ്യയല്ല ഇത് നമ്മുടെ യു.ഡി.സി. കുമാരി; ട്രോളന്മാര്‍ ഏറ്റെടുത്ത് താരത്തിന്റെ ലുക്ക്
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 21st April 2026, 10:16 pm

2001 ല്‍ പുറത്തിറങ്ങിയ സിബി മലയില്‍ ചിത്രം ഇഷ്ടത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് അഭിനേത്രിയാണ് നവ്യ നായര്‍. അതേവര്‍ഷം പുറത്തിറങ്ങിയ മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെയും 2002ല്‍ പുറത്തിറങ്ങിയ നന്ദനത്തിലെ ബാലാമണിയായും മലയാളി പ്രേക്ഷക മനസില്‍ സ്ഥാനം കണ്ടെത്താന്‍ നവ്യക്കായിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്നും താരം ഇടവേളയെടുത്തെങ്കിലും പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

നവ്യ നായര്‍.. Photo: The Hindu

ഇപ്പോഴിതാ ഓഫ് സ്‌ക്രീനില്‍ താരം പ്രത്യക്ഷപ്പെട്ട ഒരു ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തിലെ അതുല്യ കലാകാരി കല്പന ഡോ.പശുപതി എന്ന ചിത്രത്തില്‍ അവതരിപ്പിച്ച യു.ഡി.സി എന്ന കഥാപാത്രവുമായി നവ്യയുടെ ലുക്കിലുള്ള സാമ്യത ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ താരത്തെ എയറിലാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിനെത്തിയ നവ്യ വെള്ള സാരിക്കൊപ്പം കറുപ്പ് ഷെയ്ഡിലുള്ള കൂളിങ് ഗ്ലാസായിരുന്നു ധരിച്ചിരുന്നത്. സാരിക്കൊപ്പം കൂളിങ്ങ് ഗ്ലാസെന്ന കോംബോയാണ് താരത്തെ കല്പനയുടെ കഥാപാത്രത്തോട് താരതമ്യപ്പെടുത്താന്‍ കാരണമായത്. ചിത്രത്തില്‍ കല്പനയെക്കുറിച്ച് ജഗദീഷിന്റെ കഥാപാത്രം സൊസൈറ്റി ബാലന്‍ വിവരിക്കുന്ന ഡയലോഗിന്റെ പശ്ചാത്തലത്തിലാണ് നവ്യയുടെ ട്രോള്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

‘യു.ഡി.സി. കുമാരി, പഞ്ചായത്തിലെ ഏക അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്. ഇവള്‍ ചലിച്ചാല്‍ പോക്കണംകോട് പ്രായഭേദമന്യേ ചലിക്കുന്നു. ഇവള്‍ ചിരിച്ചാലോ പോക്കണംകോടും ചിരിക്കുന്നു’ എന്ന ഡയലോഗാണ് ഏവരിലും ചിരിപടര്‍ത്തുന്നത്.

യു.ഡി.സി. കുമാരി. Photo: Screen Grab/ retropeedika/ Youtube.com

കമന്റ് ബോക്‌സിലും വീഡിയോക്ക് അഭിപ്രായവുമായി പലരും എത്തുന്നുണ്ടെന്ന് കാണാം. യു.ഡി.സി കുമാരിയുടെ എല്ലാ ശാലീനതയും കിട്ടിയിട്ടുണ്ടെന്നും ഒരു മഞ്ഞക്കുടയുടെ കുറവുണ്ടെന്നുമാണ് ഒരു കമന്റ്. എന്നാല്‍ മലയാള സിനിമയുടെ ലെജന്റായ കല്പന ചേച്ചിയുടെ ലുക്കിന്റെ ഏഴയലത്ത് നവ്യ വരില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം യു.ഡി.സി, കുമാരിയെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ ചെയ്യാനും അതില്‍ നവ്യയെ നായികയാക്കാനും ആവശ്യപ്പെട്ട് കൊണ്ടും കമന്റുകളുണ്ട്.

Content Highlight: Troll For Navya’s New look similar to iconic character UDC Kumari

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.