മലയാളത്തിലെ മുന്‍നിരതാരമായ സുരേഷ് ഗോപിയുടെ മകനെന്നതിലുപരി സോഷ്യല്‍ മീഡിയയിലെ ട്രോളുകളിലൂടെ അഡ്രസുണ്ടാക്കിയ അഭിനേതാവാണ് മാധവ് സുരേഷ്. നായകനായി അരങ്ങേറിയ തന്റെ ആദ്യ ചിത്രം കുമ്മാട്ടിക്കളിയിലൂടെ വലിയ വിമര്‍ശനങ്ങളും ട്രോളുകളുമായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. പിന്നാലെ അഭിനയിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയിലൂടെ ഈ ട്രോളുകള്‍ താരത്തിന് തുടര്‍ന്നും ലഭിച്ചിരുന്നു. എന്നാല്‍ സിനിമയ്ക്ക് പുറത്ത് താരം നടത്തുന്ന പ്രസ്താവനകളാണ് താരത്തെ പലപ്പോഴും ‘എയറില്‍’ കയറ്റാറുള്ളത്.
ഇത്തരത്തില്‍ അടുത്തിടെ ബീഫ് കഴിക്കുന്നതിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകള്‍ക്ക് വിധേയമാകുന്നത്. താന്‍ ഒരു ഹോട്ടലില്‍ നിന്നും ബീഫ് സ്റ്റീക്ക് കഴിച്ചുകൊണ്ടിരിക്കെ തൊട്ടടുത്ത ടേബിളില്‍ ഇരുന്ന രണ്ട് പേര്‍ തന്നെ നോക്കിയെന്നും ബി.ജെ.പി-ബീഫ് എന്ന് പറഞ്ഞ് തന്നെ കളിയാക്കിയെന്നും താരം പറയുന്നു. സമാധാനമായിട്ട് തനിക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ ഉയര്‍ന്ന സാക്ഷരതയുള്ള ഈ നാട്ടില്‍ പറ്റുന്നില്ലെന്നത് വളരെ കഷ്ടമാണെന്നുമാണ് താരത്തിന്റെ പരാതി.
സമൂഹമാധ്യമങ്ങളിലൂടെ പരാമര്‍ശം വൈറലായതോടെ താരത്തിനെ ട്രോളിക്കൊണ്ട് ഒട്ടനവധി പേരാണ് ഇപ്പോള്‍ രംഗത്തെത്തുന്നത്. ബി.ജെ.പിയുടെ കേന്ദ്രമന്തിയായ സുരേഷ് ഗോപിയുടെ മകനാണ് ഇത്തരത്തിലൊരു കാര്യം ഉന്നയിക്കുന്നത് എന്ന വൈരുദ്ധ്യമാണ് താരത്തിനെതിരെ വിമര്‍ശനം ഉയരാനുള്ള പ്രധാന കാരണം. സ്വന്തം അച്ഛന്റെ പാര്‍ട്ടി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ബീഫിന് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ കേരളത്തില്‍ തങ്ങള്‍ക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നതാണ് ഈ നാടിന്റെ സാക്ഷരതയെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പ്രസ്താവനയ്ക്ക് പലരും മറുപടി നല്‍കിയത്.
മാധവിനെ ട്രോളിക്കൊണ്ട് വന്ന കമന്റുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. ഇത്തരം പരാതികളെല്ലാം നാട്ടുകാരോട് പറയുന്നതിന് പകരം വീട്ടിലിരിക്കുന്ന എം.പിയായ അച്ഛനോട് പറഞ്ഞാല്‍ പോരെ എന്നാണ് പലരുടെയും സംശയം. കാരണം ഇന്ത്യയില്‍ പല സ്ഥലത്തും ഇത്തരത്തില്‍ ഭക്ഷണം കഴിക്കാന്‍ കഴിയാത്തത് അച്ഛന്റെ പാര്‍ട്ടിക്കാര്‍ കാരണമാണെന്നും പലരും ഓര്‍മപ്പെടുത്തുന്നു. ബി.ജെ.പിക്കാരന്റെ മകന്‍ ബീഫ് കഴിക്കുന്നതിലെ വിരോധാഭാസം കണ്ടായിരിക്കും പരിഹസിച്ചതെന്നും നോര്‍ത്ത് ഇന്ത്യയില്‍ നിന്നാണ് ഇത് കഴിച്ചതെങ്കില്‍ പരാതി പറയാന്‍ ജീവനോടെ ഉണ്ടാവില്ലെന്നും ഓര്‍മപ്പെടുത്തുന്നവരുണ്ട്.
ബീഫ് കഴിച്ചപ്പോള്‍ ആളുകള്‍ കളിയാക്കിയ കാര്യം മാധവിന് വീട്ടില്‍ പോയി പറയാന്‍ പറ്റില്ലെന്നും കാരണം അച്ഛന്റെ പാര്‍ട്ടിയിലെ ആളുകള്‍ അറിഞ്ഞാല്‍ കേന്ദ്രമന്ത്രി സ്ഥാനം വരെ തെറിക്കാന്‍ സാധ്യതയുണ്ടെന്നും പലരും പരിഹസിക്കുന്നു. എന്നാല്‍ മാധവ് സുരേഷിന്റെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാന്‍ താരം നടത്തുന്ന ഡ്രാമയാണിതെന്നും പലരും അഭിപ്രായപ്പെടുന്നു.
Content Highlight: Troll for madhav suresh for his statement about Beef
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.