| Friday, 20th February 2026, 2:26 pm

ഫോട്ടോസ്റ്റാറ്റ് മെഷീന്‍ പുറത്തെടുത്ത് അറ്റ്‌ലി; വൈറലായി അല്ലുവിന്റെ പുതിയ ലുക്ക്

അശ്വിന്‍ രാജേന്ദ്രന്‍

2013 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം രാജാ റാണിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അറ്റ്‌ലി. 2023 ല്‍ പുറത്തിറങ്ങിയ ജവാനില്‍ ഷാരൂഖ് ഖാനെ നായകനാക്കി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അറ്റ്‌ലി ഇന്ന് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരിലൊരാളാണ്. പുഷ്പക്ക് ശേഷം കരിയറില്‍ തിളങ്ങി നില്‍ക്കുന്ന അല്ലു അര്‍ജുനെ നായകനാക്കി AA22 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രമാണ് അറ്റ്‌ലിയുടെതായി വരാനിരിക്കുന്ന പുതിയ ചിത്രം.

മെര്‍സല്‍. Photo: Peakpx

ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കവെ കഴിഞ്ഞ ദിവസം പുറത്തുവന്ന അല്ലു അര്‍ജുന്റെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. കുറച്ച് കാലങ്ങളായി കണ്ടുവന്നിരുന്ന നീണ്ട താടി ട്രിം ചെയ്ത് പുതിയ ഹെയര്‍ കട്ടുമായിട്ടുള്ള ലുക്ക് ലോകേഷ് ചിത്രമായ AA23 യുടെ തീം മ്യൂസിക്കുമായി എഡിറ്റ് ചെയ്ത വീഡിയോക്ക് ലക്ഷകണക്കിന് കാഴ്ച്ചക്കാരെയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

എന്നാല്‍ അറ്റ്‌ലിയുടെ മുന്‍ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ അല്ലുവിന്റെ പുതിയ ലുക്കിന് ട്രോളുകളും ലഭിക്കുന്നുണ്ട്. സംവിധായകന്‍ മുമ്പ് ചെയ്ത അവസാന മൂന്ന് ചിത്രങ്ങളിലും നായകനായെത്തിയ കഥാപാത്രം തന്നെയാണ് അച്ഛന്‍ കഥാപാത്രത്തെയും അവതരിപ്പിച്ചത് എന്നതാണ് ഈ ട്രോളുകള്‍ക്ക് ആധാരം. അറ്റ്‌ലിയുടെ ഈ ട്രെന്‍ഡ് ആരംഭിക്കുന്നത് 2017 ല്‍ പുറത്തിറങ്ങിയ മെര്‍സലിലൂടെയാണ്. വിജയ് വ്യത്യസ്ത ഗെറ്റപ്പില്‍ മൂന്ന് കഥാപാത്രങ്ങളായാണ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ ഇത് സംവിധായകന്റെ മാസ്റ്റര്‍പീസാണെന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നത് 2019 ല്‍ പുറത്തിറങ്ങിയ വിജയ്‌യുടെ തന്നെ ബിഗിലിലൂടെയാണ്. ചിത്രത്തില്‍ മൈക്കിള്‍ രായപ്പനായും മൈക്കിളിന്റെ അച്ഛനായ ഗുണ്ടാതലവന്‍ രായപ്പനായും രണ്ട് റോളിലാണ് വിജയ് വേഷമിട്ടത്. തമിഴില്‍ തുടങ്ങിയ ഈ ട്രെന്‍ഡ് ബോളിവുഡിലേക്കും അറ്റ്‌ലി വ്യാപിക്കുകയായിരുന്നു. സാക്ഷാല്‍ ഷാരൂഖ് ഖാനെ വരെ മുടിക്ക് കളറടിപ്പിച്ചാണ് രണ്ട് കഥാപാത്രങ്ങളായി ജവാനില്‍ അവതരിപ്പിച്ചത്. ക്യാപ്റ്റന്‍ വിക്രം റാഥോറായും എസ്.എസ്.പി ആസാദുമായാണ് ഷാരൂഖ് വെള്ളിത്തിരയിലെത്തിയത്.

അല്ലുവും അറ്റ്‌ലിയും. Photo: south casette/ x.com

ട്രോള്‍ പേജിന് താഴെ വിഷയവുമായി ബന്ധപ്പെട്ട് വരുന്ന കമന്റുകളും രസകരമാണ്. പുതിയ ചിത്രത്തിലും അറ്റ്‌ലി തന്റെ ഫോട്ടോകോപ്പി മിഷന്‍ ഉപയോഗിക്കുന്നുണ്ടെന്നും വമ്പന്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍താരങ്ങളെ രണ്ട് വേഷങ്ങളിലഭിനയിപ്പിച്ച് പ്രതിഫലം മുതലാക്കുകയാണ് അറ്റ്‌ലിയുടെ രീതിയെന്നും കമന്റുകളുണ്ട്.

അതേസമയം വമ്പന്‍ ലൈനപ്പാണ് അല്ലുവിന്റതായി വരാനിരിക്കുന്നത്. അറ്റ്‌ലിക്കൊപ്പം ഒരുങ്ങുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന് പുറമെ തമിഴിലെ ലീഡിങ്ങ് ഡയറക്ടര്‍ ലോകേഷ് കനകരാജിന്റെ ഡ്രീം പ്രൊജക്ടായ ഇരുമ്പ് കൈ മായാവിയും ശേഷം പുഷ്പ 3യുമാണ് താരത്തിന്റെ അപ്കംമിങ് പ്രൊജക്ട്. ഇന്ത്യന്‍ സിനിമായിലാദ്യമായി ആയിരം കോടിയെന്ന നേട്ടം അല്ലു സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: Troll for atlee after new look of allu arjun went viral on social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more