പവര്‍കട്ടില്ലാത്ത കേരളം മുതല്‍ മരണവീട്ടിലെ മുദ്രാവാക്യം വിളി വരെ, പ്രകമ്പനം ഒ.ടി.ടി റിലീസിന് ശേഷം ചര്‍ച്ചയായി കണ്ണൂരിലെ രാഷ്ട്രീയം
Malayalam Cinema
പവര്‍കട്ടില്ലാത്ത കേരളം മുതല്‍ മരണവീട്ടിലെ മുദ്രാവാക്യം വിളി വരെ, പ്രകമ്പനം ഒ.ടി.ടി റിലീസിന് ശേഷം ചര്‍ച്ചയായി കണ്ണൂരിലെ രാഷ്ട്രീയം
അമര്‍നാഥ് എം.
Monday, 16th March 2026, 4:24 pm

ഈ വര്‍ഷത്തെ രണ്ടാമത്തെ സൂപ്പര്‍ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയ പ്രകമ്പനം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രത്തില്‍ സാഗര്‍ സൂര്യയാണ് നായകന്‍. സാഗര്‍ സൂര്യക്കൊപ്പം ഗണപതിയും ഇന്‍സ്റ്റഗ്രാം വ്‌ളോഗര്‍ അമീന്‍ അല്ലും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

തിയേറ്ററില്‍ വന്‍ വിജയമായ ചിത്രം സീ ഫൈവിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. ഈയടുത്ത് വന്നതില്‍ വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് പ്രകമ്പനത്തിന്റെ കഥ പറയുന്നത്. സാഗര്‍ സൂര്യ അവതരിപ്പിക്കുന്ന പുണ്യാളന്റെ ശരീരത്തിലേക്ക് മല്ലിക സുകുമാരന്റെ ചെമ്പകത്തമ്മയുടെ ആത്മാവ് കേറുന്നിടത്താണ് പ്രകമ്പനം ഹൊറര്‍ ട്രാക്കിലേക്ക് കയറുന്നത്.

ഹൊറര്‍ എലമെന്റിനെക്കാള്‍ കോമഡിക്ക് പ്രാധാന്യം നല്‍കിയ പ്രകമ്പനത്തില്‍ നിരവധി ട്രോളുകളുമുണ്ട്. കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നടക്കുന്ന കഥയായതിനാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംവിധായകന്‍ നല്ല രീതിയില്‍ തന്നെ ട്രോളുന്നുണ്ട്. കലാഭവന്‍ നവാസ് അവതരിപ്പിച്ച രാഘവനും അസീസിന്റെ ചെറിയച്ചനുമാണ് ആദ്യ സീന്‍ മുതല്‍ ചിരിപ്പിക്കുന്നത്.

റെഡ് വളണ്ടിയര്‍ മാര്‍ച്ച് കഴിഞ്ഞെത്തുന്ന രാഘവനും ചെറിയച്ചനും വീട്ടില്‍ വെളിച്ചമില്ലാത്തത് ശ്രദ്ധിക്കുകയും പവര്‍ കട്ടാണോ എന്ന് സംശയിക്കുകയും ചെയ്യുന്നുണ്ട്. ‘നമ്മട പാര്‍ട്ടി ഭരിക്കുമ്പോ പവര്‍ കട്ടോ’ എന്ന അസീസിന്റെ ഡയലോഗ് തിയേറ്റര്‍ റിലീസില്‍ ഒരുപാട് ചിരിയുണര്‍ത്തിയിരുന്നു. സ്വന്തം വീട്ടില്‍ രാഘവന്റെ അമ്മ പിതൃക്കള്‍ക്ക് ബലിയിടുന്നത് കണ്ട് രാഘവന്‍ ദേഷ്യപ്പെടുന്നുമുണ്ട്.

ഇതേ കഥാപാത്രം ക്ലൈമാക്‌സില്‍ അമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കാനായി ബലിയിടുന്ന സീന്‍ ഗംഭീരമായിരുന്നു. ചെമ്പകത്തമ്മയെ പൊതുദര്‍ശനത്തിന് വെക്കുന്ന രംഗത്തിലും ചെറിയ രീതിയില്‍ നര്‍മം കൊണ്ടുവരാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ചുവന്ന പട്ടിന് മുകളിലായി മഞ്ഞപ്പട്ട് വിരിക്കുമ്പോള്‍ അത് തിരിച്ചിടുന്ന രംഗവും ദഹിപ്പിക്കുന്ന സമയത്ത് മുദ്രാവാക്യം വിളികളുമെല്ലാം ചിരിയുണര്‍ത്തി.

ഇതിനൊപ്പം സനേഷ് ഗിന്നസ് അവതരിപ്പിച്ച ബെനഡിക്റ്റും ചിരിയുണര്‍ത്തുന്നുണ്ട്. ‘തിരുവനന്തപുരത്ത് താമസിച്ചിട്ടും മുഖ്യമന്ത്രിയെ കണ്ടിട്ടില്ലേ’ എന്ന് ദേഷ്യത്തോടെ ചോദിക്കുന്നതും ‘കണ്ണൂര് കാരെല്ലാം കക്ഷത്തില്‍ ബോംബും വെച്ച് നടക്കുന്നവരല്ല’ എന്ന ഡയലോഗുമെല്ലാം ഗംഭീരമായിരുന്നു. കാടടച്ച് വിമര്‍ശിക്കാതെ നൈസായിട്ടാണ് വിജേഷ് പ്രകമ്പനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ട്രോളിയിട്ടുള്ളത്.

ഒന്ന് പാളിയിരുന്നെങ്കില്‍ ഒരുപാട് വിമര്‍ശനം കേള്‍ക്കേണ്ടി വരുന്ന ഇത്തരം ട്രോളുകള്‍ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ വിജേഷിന് സാധിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ ലൈഫിലെ തമാശകളും കോളേജ് രാഷ്ട്രീയവുമെല്ലാം കടന്നുവന്ന സ്‌ക്രിപ്റ്റില്‍ ഒരിടത്ത് പോലും ലാഗ് തോന്നിക്കാത്തത് വിജേഷിന്റെ വിജയമാണ്.

Content Highlight: Troll dialogues about Communist Party in Prakambanam movie viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം