ടൈഗര്‍ ബിസ്‌കറ്റില്‍ ടൈഗര്‍ ഇല്ലല്ലോ, പിന്നെന്തിനാ കേരള സ്റ്റോറിയില്‍ മലയാളികള്‍; ട്രോളിനിരയായി ദല്‍ഹിയില്‍ നടന്ന പത്രസമ്മേളനം
Malayalam Cinema
ടൈഗര്‍ ബിസ്‌കറ്റില്‍ ടൈഗര്‍ ഇല്ലല്ലോ, പിന്നെന്തിനാ കേരള സ്റ്റോറിയില്‍ മലയാളികള്‍; ട്രോളിനിരയായി ദല്‍ഹിയില്‍ നടന്ന പത്രസമ്മേളനം
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 24th February 2026, 2:08 pm

രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു 2023 ല്‍ സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ദി കേരള സ്‌റ്റോറി. കാമാഖ്യ നാരായണ്‍ സിങ്ങിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലറും സമൂഹത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ സംഘടിപ്പിച്ച പത്രസമ്മേളനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്.

ദി കേരള സ്‌റ്റോറി 2. Photo: Sunshine Pictures

ലവ് ജിഹാദിന് ഇരകളായെന്ന് അവകാശപ്പെട്ട് മുപ്പത്തിയേഴോളം സ്ത്രീകളെ വേദിയിലെത്തിച്ചാണ് ചിത്രത്തിന്റെ സംവിധായകന്‍ കാമാഖ്യാ നാരായണ്‍ സിങും നിര്‍മാതാവ് വിപുല്‍ അമൃത് ലാലും പത്രസമ്മേളനം നടത്തിയത്. എന്നാല്‍ തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞതിന് ശേഷം വേദി വിടാനൊരുങ്ങിയ ഇവര്‍ മാധ്യമപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് ശേഷം പത്രസമ്മേളനത്തിന് തയ്യാറാകുകയായിരുന്നു.

എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം മുട്ടിയ സംവിധായകനും നിര്‍മാതാവും ഉടന്‍ തന്നെ വേദി വിട്ടതാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് വഴിവെച്ചത്. ചിത്രത്തില്‍ കേരളത്തില്‍ നിന്നുമുള്ള പെണ്‍കുട്ടികളുടെ കഥ പറയുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും ഇന്ത്യയില്‍ മറ്റ് പലയിടത്തും നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പരാമര്‍ശിച്ചതെന്നുമായിരുന്നുമായിരുന്നു സംവിധായകന്റെ മറുപടി.

ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും വലിയ വിമര്‍ശനം ഉയരുന്നത്. ചിത്രം പറയുന്നത് കേരളത്തില്‍ നിന്നുമുള്ള കഥയല്ലെങ്കില്‍ എന്തിനാണ് ചിത്രത്തിന് കേരള സ്റ്റോറി എന്ന് പേരിട്ടിരിക്കുന്നതെന്നും രാജ്യം മൊത്തത്തില്‍ നടക്കുന്ന കഥക്ക് ഇന്ത്യന്‍ സ്റ്റോറി എന്ന് പേരിട്ടാല്‍ പോരെ എന്നുമാണ് പലരുടെയും വിമര്‍ശനം. പത്രസമ്മേളനത്തില്‍ കൊണ്ടുവന്നവരില്‍ ഭൂരിഭാഗവും നോര്‍ത്ത് ഇന്ത്യയില്‍ നിന്നുമാണെന്നും എന്നിട്ടും യാതൊരു ബന്ധവുമില്ലാതെ കേരളത്തെ കരിവാരി തേക്കുകയാണെന്നും ട്രോളുകളിലൂടെ പലരും ചൂണ്ടിക്കാട്ടുന്നു.

ടൈഗര്‍ ബിസ്‌കറ്റില്‍ ടൈഗര്‍ ഇല്ലല്ലോ പിന്നെന്തിനാ കേരള സ്റ്റോറിയില്‍ കേരളത്തില്‍ നിന്നുമുള്ള ആളുകള്‍ എന്നാണ് മറ്റൊരു ട്രോള്‍. പത്രസമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ കഷ്ടിച്ച് അഞ്ചു മിനുട്ട് മാത്രമാണ് ഇരുവര്‍ക്കും പിടിച്ചു നില്‍ക്കാനായത്. കൃത്യമായ മറുപടി നല്‍കാതെ സംസാരിച്ചുകൊണ്ടിരുന്ന സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങിന്റെ കൈയും പിടിച്ച് നിര്‍മാതാവ് വേദി വിട്ട് ഇറങ്ങുകയായിരുന്നു.

കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ലവ് ജിഹാദുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു നിര്‍മാതാവിന്റെ മറുപടി. എന്നാല്‍ ഏത് മുഖ്യമന്ത്രിയെന്നോ ഏത് നിയമസഭയെന്നോ ഇവര്‍ വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കൊണ്ടുവന്ന അജണ്ടയല്ലേ എന്നടക്കം ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉടന്‍ തന്നെ പത്രസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

സംവിധായകന്‍ കാമാഖ്യാ നാരായണ്‍ സിങും നിര്‍മാതാവ് വിപുല്‍ അമൃത് ലാലും. Photo: screen grab/ HM Digital Reviews/ youtube.com

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രത്യക്ഷമായി വെല്ലുവിളിയുയര്‍ത്തുന്ന ചിത്രം സമൂഹത്തില്‍ വലിയ രീതിയില്‍ ഭിന്നിപ്പുണ്ടാക്കുമെന്നാണ് വിമര്‍ശനം. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പല ചിത്രങ്ങള്‍ക്കും പ്രദര്‍ശനാനുമതി നിഷേധിക്കുന്ന സെന്‍സര്‍ ബോര്‍ഡ് ദി കേരള സ്റ്റോറി 2വിന് അനുമതി നല്‍കിയതിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഇത്തവണ സഹിക്കില്ല, പോരാടും എന്ന ചിത്രത്തിന്റെ ടാഗ്‌ലൈന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള തുറന്ന യുദ്ധപ്രഖ്യാപനമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Content Highlight: Troll against press brief conducted by The Kerala story  2 team at delhi

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.