സെന്‍സര്‍ ബോര്‍ഡേ, പോക്രിത്തരം കാണിക്കുന്നതിനും ഒരു അതിരുണ്ട്; ദി കേരള സ്‌റ്റോറി 2 ട്രെയ്‌ലറിന് പിന്നാലെ ക്ഷുഭിതരായി വിജയ് ആരാധകര്‍
Indian Cinema
സെന്‍സര്‍ ബോര്‍ഡേ, പോക്രിത്തരം കാണിക്കുന്നതിനും ഒരു അതിരുണ്ട്; ദി കേരള സ്‌റ്റോറി 2 ട്രെയ്‌ലറിന് പിന്നാലെ ക്ഷുഭിതരായി വിജയ് ആരാധകര്‍
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 19th February 2026, 11:12 am

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേല്‍ എങ്ങനെ കത്രിക വെക്കാം എന്നതിന് ഉത്തമ ഉദാഹരണമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് രാജ്യത്തെ സെന്‍സര്‍ ബോര്‍ഡ്. തീവ്ര വലതുപക്ഷ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും കേന്ദത്തിലിരിക്കുന്നവര്‍ക്കെതിരെ സംസാരിക്കുമ്പോള്‍ ചിത്രത്തിന് കൂച്ചുവിലങ്ങിടുകയും ചെയ്യുന്ന കാഴ്ച്ച ഇന്ന് സിനിമാ പ്രേമികള്‍ക്ക് പുതുമയുള്ളതല്ല. ആദ്യകാലങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തികളെ ന്യായീകരിച്ചിരുന്ന സെന്‍സര്‍ ബോര്‍ഡ് ഇപ്പോള്‍ യാതൊരു മറയുമില്ലാതെയാണ് തങ്ങളുടെ അജണ്ട നടപ്പാക്കുന്നത്.

ദി കേരള സ്‌റ്റോറി 2 . Photo: Sunshine Pictures

കഴിഞ്ഞ ദിവസം പുറത്തുവന്ന ദി കേരള സ്റ്റോറി 2 വിന്റെ ട്രെയ്‌ലര്‍ ഇതിന് ഉത്തമ ഉദാഹരണമാണ്. ജനുവരി 9 ന് തിയേറ്റര്‍ റിലീസിനൊരുങ്ങിയ വിജയ്‌യുടെ അവസാന ചിത്രം ജന നായകന്‍ റീമേക്കായിട്ട് കൂടി പ്രദര്‍ശനാനുമതി നിഷേധിച്ചത് ഇതുമായി കൂട്ടിവായിക്കുമ്പോഴാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഇരട്ടത്താപ്പ് വെളിവാകുന്നത്. കാമാഖ്യ നാരായണ്‍ സിങ് സംവിധാനം ചെയ്ത കേരള സ്റ്റോറി 2വിന്റെ മൂന്ന് മിനുട്ടുള്ള ട്രെയ്‌ലറില്‍ യാതൊരു വിധ നിയന്ത്രണവും കൂടാതെയാണ് മുസ്‌ലിം മതവിഭാഗത്തിനെതിരെയുള്ള വിദ്വേഷം അഴിച്ചുവിടുന്നത്.

വലിയ വിമര്‍ശനമാണ് ട്രെയ്‌ലറിലെ ഉള്ളടക്കത്തിനെതിരെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും ഉയരുന്നത്. ജന നായകന് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുകയും മറുവശത്ത് ഒരു നാടിനെയും മതവിഭാഗത്തെയും അധിക്ഷേപിക്കുന്ന കേരള സ്റ്റോറിക്ക് അനുമതി നല്‍കിയതിനും വിജയ് ആരാധകരുടെ അടുത്ത് നിന്നും രൂക്ഷ വിമര്‍ശനം സെന്‍സര്‍ ബോര്‍ഡിനെതിരെ ഉയരുന്നുണ്ട്.

കിലുക്കത്തില്‍ തിലകന്‍ അവതരിപ്പിച്ച ജസ്റ്റിസ് പിള്ളയെന്ന കഥാപാത്രം തന്റെ വേലക്കാരിയായ രേവതിയുടെ കഥാപാത്രം നന്ദിനിയോട് ക്ഷുഭിതയായി സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചാണ് ആരാധകര്‍ സെന്‍സര്‍ ബോര്‍ഡിനെ വിമര്‍ശിക്കുന്നത്. ‘പോക്കിരിത്തരം കാണിക്കുന്നതിന് ഒരതിരുണ്ട് കേട്ടോ, ഒരെണ്ണം അങ്ങ് ഇട്ട് തന്നാല്‍ ഉണ്ടല്ലോ, നാല് കഷ്ണമാക്കി കാലേല്‍ പിടിച്ച് ഒരലക്കുതന്നാല്‍ ഉണ്ടല്ലോ, വലിച്ച് കീറി അടുപ്പത്ത് വെച്ച് വെള്ളം ഒഴിച്ച് പുഴുങ്ങി ഇറക്കിവെച്ചിട്ട് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് ചുട്ട്… എന്റെ കൊക്കിന് ജീവനുണ്ടെങ്കില്‍ 24 മണിക്കൂറിനകം നിന്നെ ഇറക്കിവിടുമെടീ, നിന്റെ അമ്മായി അമ്മേടെ പാറ്റ കരണ്ടല്ലേ,’ എന്ന ഡയലോഗ് ഉപയോഗിച്ചാണ് ട്രോളുകള്‍ നിര്‍മിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന കേരള സ്റ്റോറി 2 ട്രെയ്‌ലര്‍ ലവ് ജിഹാദ്, നിര്‍ബന്ധിത മതപരിവര്‍ത്തനം, ഹിന്ദുപെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കല്‍ തുടങ്ങിയ മതസ്പര്‍ധ വളര്‍ത്തുന്ന ദൃശ്യങ്ങളാല്‍ സമ്പന്നമായിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ പ്രത്യക്ഷമായി തന്നെ വെല്ലുവിളിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളുമടങ്ങിയ ചിത്രം സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുമെന്നും ഇത്തരം ചിത്രങ്ങള്‍ക്കെങ്ങനെയാണ് അനുമതി നല്‍കുന്നത് എന്നുമാണ് വിജയ് ആരാധകര്‍ ചോദിക്കുന്നത്.

വിജയ്. Photo: Dool News

ജന നായകനില്‍ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അനിശ്ചിത കാലമായി ചിത്രത്തിന്റെ റിലീസ് വൈകിപ്പിക്കുന്നത്. അതേസമയം ജന നായകന് ശേഷം വിജയ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതിനാലാണ് കേന്ദ്രസര്‍ക്കാറും ബി.ജെ.പിയും ഇടപെട്ട് ചിത്രം തടയുന്നതെന്നാണ് ആരാധകരുടെ വാദം.

Content Highlight:  Troll against Kerala story 2 trailer from vijay fans for not allowing censor certificate of Jana Nayagan

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.