കഴിഞ്ഞദിവസം കെ.എസി.എല്ലില്‍ നടന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ട്രിവാന്‍ഡ്രം റോയല്‍സ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിനാണ് ട്രിവാന്‍ഡ്രം വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ട്രിവാന്‍ഡ്രം നേടിയത്. മറുപടി ബാറ്റിങ്ങില്‍ തൃശൂര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് മാത്രമാണ് നേടിയത്.
ട്രിവാന്‍ഡ്രത്തിന്റെ ഓപ്പണറും ക്യാപ്റ്റനുമായ കൃഷ്ണ പ്രസാദിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്റെ മികവിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയതും വിജയം നേടിയതും. താരത്തിന് പുറമേ അബ്ദുല്‍ ബാസിത്തിന്റെ കാമിയോ റോള്‍ ടീമിനെ ഫിനിഷിങ്ങില്‍ എത്തിച്ചു. 13 പന്തില്‍ 28 റണ്‍സ് നേടിയാണ് താരം ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
അതേസമയം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് രോഹിത് കെ.ആറിനെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടപ്പോള്‍ അഹമ്മദ് ഇമ്രാന്‍ 18 പന്തില്‍ 38 റണ്‍സ് നേടി സ്‌കോറിങ്ങിന് അടിത്തറയിട്ടു. ക്യാപ്റ്റന്‍ ഷോണ്‍ റോജര്‍ 26 പന്തില്‍ 37 റണ്‍സ് നേടിയപ്പോള്‍ അവസാന ഘട്ടത്തില്‍ വിനോദ് കുമാര്‍ 19 പന്തില്‍ അഞ്ച് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെ 41 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. നോട്ടൗട്ട് ആണെങ്കിലും താരത്തിന് ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലായിരുന്നു.
ട്രിവാന്‍ഡ്രത്തിന് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് ആസിഫ് സലമാണ് മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. രണ്ട് വിക്കറ്റുകള്‍ നേടി അഭിജിത്ത് പ്രവീണും മികവ് പുലര്‍ത്തി. ബേസില്‍ തമ്പി, അബ്ദുല്‍ ബാസിത്, അജിത് വാസുദേവന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
നിലവില്‍ പോയിന്റ് ടേബിളില്‍ ഒമ്പത് മത്സരങ്ങളില്‍ ഏഴ് വിജയവും രണ്ടു തോല്‍വിയും അടക്കം 14 പോയിന്റുമായി കൊച്ചി ബ്ലൂ ടൈക്കഗേഴ്‌സാണ് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാറാണ്. മൂന്നാം സ്ഥാനത്ത് തൃശൂര്‍ ടൈറ്റന്‍സുമാണ്.
ഇരുവരും പത്ത് പോയിന്റാണ് നേടിയത്. അതേസമയം ഇന്ന് നടക്കുന്ന മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സ് ആലപ്പി റിപ്പിള്‍സുമായി ഏറ്റുമുട്ടും. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊല്ലം സെയ്‌ലേഴ്‌സും കൊച്ചിയുമായിട്ടാണ് മത്സരം.
Content Highlight: Trivandrum Royals Won Against Trissur In KCL