| Saturday, 19th April 2025, 9:08 am

ഞാനും ആ നടനും എപ്പോഴാണ് ഒന്നിക്കുക എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് തഗ് ലൈഫ്: തൃഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യൻ സിനിമയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി നിറഞ്ഞുനിൽക്കുന്ന താരമാണ് തൃഷ കൃഷ്ണൻ. തമിഴ് സിനിമയിലൂടെ അരങ്ങേറിയ തൃഷ തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്നും സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് തൃഷ.

തൃഷയും നടൻ സിലമ്പരസനും കേന്ദ്ര കഥാപാത്രങ്ങളായി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിണ്ണെത്താണ്ടി വരുവായ. തമിഴിലെ മികച്ച റൊമാന്റിക് ചിത്രങ്ങളിൽ സ്ഥാനം പിടിച്ച വിണ്ണെത്താണ്ടി വരുവായ ഇന്നും പലരുടെയും ഫേവറിറ്റ് ലിസ്റ്റിൽ ഉണ്ട്. ചിത്രത്തിലൂടെ വലിയ രീതിയിൽ ആരാധകരെ നേടിയ ജോഡിയായിരുന്നു തൃഷയും സിലമ്പരസനും.

ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. വിണ്ണെത്താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം താനും സിലമ്പരസനും എപ്പോഴാണ് അടുത്ത സിനിമ ചെയ്യുന്നതെന്ന് പലരും പലപ്പോഴായി ചോദിച്ചിട്ടുള്ള കാര്യമാണെന്നും അതിനുള്ള ഉത്തരമാണ് തഗ് ലൈഫെന്നും തൃഷ പറയുന്നു.

വിണ്ണെത്താണ്ടി വരുവായയിൽ കണ്ട അതേ മാജിക് തഗ് ലൈഫിലും കാണാൻ കഴിയുമെന്നും തൃഷ പറഞ്ഞു. തഗ് ലൈഫിന്റെ ചെന്നൈയിൽ വെച്ച് നടന്ന സിംഗിൾ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു തൃഷ.

‘വിണ്ണെത്താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം ഞാനും സിലമ്പരസനും എപ്പോഴാണ് അടുത്ത സിനിമ ചെയ്യുന്നതെന്ന് പലരും പലപ്പോഴായി ചോദിച്ചിട്ടുള്ള കാര്യമാണ്. അതിനുള്ള ഉത്തരമാണ് തഗ് ലൈഫ്. നിങ്ങൾക്ക് വിണ്ണെത്താണ്ടി വരുവായയിൽ കണ്ട കുറച്ച് മാജിക്ക് ഈ ചിത്രത്തിലും കാണാൻ കഴിയും,’ തൃഷ പറയുന്നു.

തഗ് ലൈഫ്

കമൽ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 38 വർഷത്തിന് ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്. ഓസ്‌കർ ജേതാവ് എ.ആർ. റഹ്‌മാനാണ് തഗ് ലൈഫിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു. തൃഷ, അഭിരാമി, ജോജു ജോർജ്, സിലമ്പരശൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content highlight: Trisha Talks About Thug Life Movie

We use cookies to give you the best possible experience. Learn more