| Saturday, 20th September 2025, 8:49 am

ത്രിപുര; ബി.ജെ.പിയുടെ ജനാധിപത്യ അട്ടിമറിയുടെ ആദ്യ പരീക്ഷണശാല; 2018ന് ശേഷം അവിടെ തെരഞ്ഞെടുപ്പേ നടന്നിട്ടില്ല: മണിക് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ അട്ടിമറിയുടെ രാജ്യത്തെ ആദ്യ പരീക്ഷണശാലയായിരുന്നു ത്രിപുരയെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. ത്രിപുരയില്‍ നടന്നത് വോട്ട് മോഷണമല്ലെന്നും പൂര്‍ണമായ ജനാധിപത്യ അട്ടിമറിയാണെന്നും അദ്ദേഹം പറഞ്ഞു. 2018ന് ശേഷം ത്രിപുരയില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടിയേരി അനുസ്മരണത്തിനായി കണ്ണൂരിലെത്തിയ മണിക് സര്‍ക്കാര്‍ ദേശാഭിമാനി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘നമ്മള്‍ വോട്ട് മോഷണത്തെ കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. എന്നാല്‍ ത്രിപുരയില്‍ 2018ന് ശേഷം തെരഞ്ഞെടുപ്പേ നടന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജനാധിപത്യം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ആദ്യ പരീക്ഷണശാലയായിരുന്നു ത്രിപുര. അവിടെ വിജയിച്ചതോടെ അവര്‍ ആ മാതൃക രാജ്യമാകെ വ്യാപിപ്പിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ ചെറിയ സംസ്ഥാനമായ ത്രിപുരയില്‍ നടത്തിയ മാതൃക അവര്‍ക്ക് വലിയ സംസ്ഥാനങ്ങളിലോ രാജ്യവ്യാപകമായോ നടത്താനായിട്ടില്ല. അതിനാലാണ്, അവര്‍ വോട്ട് മോഷണം നടത്തിയും എസ്.ഐ.ആര്‍ നടത്തിയും തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ചും ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്’, മണിക് സര്‍ക്കാര്‍ പറഞ്ഞു.

ഇപ്പോള്‍ ബി.ജെ.പി നടപ്പിലാക്കുന്ന പദ്ധതി വിജയിക്കുമോ എന്നത് ബീഹാര്‍ തെരഞ്ഞെടുപ്പോട് കൂടി മനസ്സിലാകുമെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. ബിഹാറില്‍ അവര്‍ ഈ അട്ടിമറി നടത്തി വിജയിക്കുകയാണെങ്കില്‍ ഈ മാതൃക അവര്‍ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ രീതിയില്‍ ജനങ്ങളെ സമീപിച്ചാല്‍ അവര്‍ പരാജയപ്പെടുമെന്ന ഭയം ബി.ജെ.പിക്കുണ്ടെന്നും അതിനാലാണ് എസ്.ഐ.ആര്‍ ഉള്‍പ്പടെ നടപ്പിലാക്കാന്‍ അവര്‍ തിരക്ക് കൂട്ടുന്നതെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള ഭരണഘടന സ്ഥാപനങ്ങളെ പോലും അവര്‍ തങ്ങളുടെ അട്ടിമറിക്കുള്ള ഉപകരണങ്ങളാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും മോശം അവസ്ഥിലൂടെയാണ് ബി.ജെ.പി ഭരണത്തിന് കീഴില്‍ ത്രിപുര കടന്നുപോകുന്നതെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു. ‘സ്വയംഭരണ ഗിരിവര്‍ഗ മേഖലകളില്‍ പോലും ബി.ജെ.പി കടന്നു കയറി. അവിടങ്ങളില്‍ ഗുണ്ടാരാജാണ് നടക്കുന്നത്. പരാതി പറയാന്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് പോകാന്‍ പോലും ജനങ്ങള്‍ക്ക് കഴിയില്ല.

പൊലീസ് പരാതിക്കാരെ പ്രാദേശിക ബി.ജെ.പി, തിപ്രമോത്ത നേതാക്കള്‍ക്കടുത്തേക്കാണ് പറഞ്ഞയക്കുക. സര്‍വത്ര അഴിമതിയാണ് അവിടെ നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ നടപ്പിലാക്കിയ അതേ അട്ടിമറി രീതിയാണ് അവര്‍ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലും നടത്തിയത്’, മണിക് സര്‍ക്കാര്‍ പറഞ്ഞു.

ഇടതു സര്‍ക്കാര്‍ മണിപ്പൂരില്‍ നടപ്പിലാക്കിയ എല്ലാ ക്ഷേമപ്രവര്‍ത്തനങ്ങളും ബി.ജെ.പി സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. ഇടതു സര്‍ക്കാറിന്റെ കാലത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വഴി 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കിയിരുന്നെങ്കില്‍ ഇന്ന് 30 മുതല്‍ 32 തൊഴില്‍ ദിനങ്ങല്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ 350 രൂപ കൂലി ബി.ജെ.പി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നും 300 രൂപയില്‍ താഴെ മാത്രമാണ് കൂലി ലഭിക്കുന്നതെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.

തൊഴിലില്ലായ്മ, അഴിമതി, വികസനമുരടിപ്പ്, ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടി ത്രിപുരയില്‍ തങ്ങള്‍ പ്രതിഷേധത്തിലാണെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ സമരം ചെയ്യാനുള്ള അവകാശം പോലും അവിടെ നിഷേധിക്കപ്പെടുന്നെന്നും സമരത്തിനായി 10 അപേക്ഷ നല്‍കിയാല്‍ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനാല്‍ തന്നെ പലപ്പോഴും തങ്ങള്‍ക്ക് നിയമം ലംഘിച്ച് പുറത്തിറങ്ങേണ്ടി വരുന്നുണ്ടെന്നും അത്തരം സമരങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന ജനപങ്കാളിത്തം പ്രതീക്ഷ നല്‍കുന്നതാണെന്നും ത്രിപുര മുന്‍മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ മണിക് സര്‍ക്കാര്‍ പറഞ്ഞു.

CONTENT HIGHLIGHTS: Tripura; The first laboratory of democratic subversion; No election has been held there since 2018: Manik Sarkar

We use cookies to give you the best possible experience. Learn more