ദേശീയ വോട്ടേഴ്‌സ് ദിനാഘോഷം വെറുമൊരു പ്രഹസനം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത
India
ദേശീയ വോട്ടേഴ്‌സ് ദിനാഘോഷം വെറുമൊരു പ്രഹസനം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത
യെലന കെ.വി
Sunday, 25th January 2026, 11:11 pm

 

കൊല്‍ക്കത്ത: ദേശീയ വോട്ടേഴ്‌സ് ദിനാഘോഷങ്ങള്‍ക്കിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണങ്ങളുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ബി.ജെ.പി സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി കമ്മീഷന്‍ ജനാധിപത്യത്തിന്റെ അടിത്തറ തോണ്ടുകയാണെന്ന് മമത പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ദേശീയ വോട്ടേഴ്‌സ് ദിനം ആഘോഷിക്കുകയാണെന്നും ഇത് വലിയ പ്രഹസനമാണെന്നും മമത എക്‌സിലൂടെ പറഞ്ഞു.

‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ദേശീയ വോട്ടേഴ്‌സ് ദിനം ആഘോഷിക്കുകയാണ്. എന്ത് വലിയ പ്രഹസനമാണിത്, യജമാനന്റെ ശബ്ദമായി പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍, ജനങ്ങളുടെ വോട്ടവകാശം തട്ടിയെടുക്കുന്ന തിരക്കിലാണ്. എന്നിട്ടും അവര്‍ക്ക് വോട്ടേഴ്‌സ് ദിനം ആഘോഷിക്കാന്‍ ധൈര്യം വരുന്നു,’ അവര്‍ വ്യക്തമാക്കി.

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനങ്ങളെ പീഡിപ്പിക്കുകയാണ്. കമ്മീഷന്റെ നടപടികള്‍ മൂലമുണ്ടായ മാനസിക സമ്മര്‍ദത്താല്‍ ബംഗാളില്‍ ഇതുവരെ 130ലധികം പേര്‍ മരിച്ചതായും നിരവധി പേര്‍ ആത്മഹത്യ ചെയ്തതായും മമത ചൂണ്ടിക്കാട്ടി.

വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുമോ എന്ന ഭയമാണ് ഇത്തരത്തില്‍ ഒരു ദുരന്തത്തിലേക്ക് എത്തിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന പൗരന്‍മാരെയും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെയും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ നേരിട്ട് ഓഫീസുകളില്‍ വിളിച്ച വരുത്തുന്ന രീതി നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പൗരന്മാരോടുള്ള ക്രൂരതയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള ആയുധമായാണ് വോട്ടര്‍ പട്ടികയെ കാണുന്നതെന്നും മമത വിമര്‍ശിച്ചു.

ബംഗാളില്‍ നടപ്പിലാക്കിയ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് പിന്നാലെയാണ് 58 ലക്ഷത്തിലധികം പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. അതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

ഡിസംബറില്‍ പുറത്തിറക്കിയ കരട് പട്ടികയിലെ വോട്ടര്‍മാരുടെ എണ്ണം 7.66 കോടിയില്‍ നിന്ന് 7.08 കോടിയായി കുറഞ്ഞു. മരണം, താമസം മാറ്റം, തുടങ്ങിയ സ്വാഭാവിക കാരണങ്ങളാലാണ് പേരുകള്‍ ഒഴിവാക്കിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

content highlight:‘Tragic farce’: Amid Bengal SIR, Mamata targets EC over national voters’ day celebrations

 

യെലന കെ.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.