എന്റര്‍ടൈനര്‍ സിനിമകളിലൂടെ തമിഴില്‍ തന്റേതായ സ്ഥാനം നേടിയ നടനാണ് ശിവകാര്‍ത്തികേയന്‍. ചാനല്‍ അവതാരകനായി കരിയര്‍ ആരംഭിച്ച ശിവകാര്‍ത്തികേയന്‍ ചുരുങ്ങിയ കാലം കൊണ്ട് തമിഴ് സിനിമയുടെ മുന്‍നിരയിലേക്ക് ഓടിക്കയറി. ഫാമിലിക്കും യൂത്തിനും ഒരുപോലെ ഇഷ്ടമാകുന്ന തരത്തിലായിരുന്നു ശിവയുടെ സിനിമകളെല്ലാം.
എന്നാല്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പരാശക്തി ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയിരിക്കുകയാണ്. വന്‍ ബജറ്റിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 100 കോടി നേടാന്‍ പാടുപെടുകയാണ്. നിര്‍മാതാക്കള്‍ പുറത്തുവിട്ട പോസ്റ്ററില്‍ ചിത്രം 100 കോടി കടന്നിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ട്രാക്ക്ഡ് കളക്ഷനില്‍ 85 കോടി മാത്രമാണ് പരാശക്തിക്ക് സ്വന്തമാക്കാനായത്.
120 കോടിയോളം ബജറ്റിലാണ് ചിത്രം ഒരുങ്ങിയിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ പരാശക്തിക്ക് ബജറ്റ് തിരിച്ചുപിടിക്കാനാകില്ലെന്നാണ് കണക്കുകൂട്ടല്‍. ഇത് രണ്ടാം തവണയാണ് ശിവകാര്‍ത്തികേയന്റെ ചിത്രം ബജറ്റ് തിരിച്ചുപിടിക്കാന്‍ പാടുപെടുന്നത്. തൊട്ടുമുമ്പ് പുറത്തിറങ്ങിയ മദിരാശിയും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.
മദിരാശിയും 100 കോടി നേടിയെന്ന് നിര്‍മാതാക്കള്‍ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഈ ചിത്രവും 80 കോടിയോളം മാത്രമാണ് നേടിയത്. നിര്‍മാതാവിന് നഷ്ടമുണ്ടാക്കിയ സിനിമകളുടെ പട്ടികയില്‍ പരാശക്തിയും ഇടംപിടിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ താരത്തിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം പേജുകള്‍.
സേഫ് സോണിന് പുറത്തുള്ള സിനിമകള്‍ ചെയ്യരുതെന്നാണ് പലരും ഉപദേശിക്കുന്നത്. പോപ്‌കോണ്‍ എന്റര്‍ടൈനറുകളല്ലാതെ ശിവകാര്‍ത്തികേയന്‍ നായകനായതില്‍ ആകെ അമരന്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. മറ്റ് സിനിമകളെല്ലാം പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുകയായിരുന്നു. 2017ല്‍ റിലീസായ വേലൈക്കാരനാണ് ലിസ്റ്റിലെ ആദ്യ ചിത്രം. അതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ പ്രമേയത്തിലെത്തിയ ചിത്രം വേണ്ടത്ര ഹിറ്റായില്ല.
പി.എസ്. മിത്രന്‍ സംവിധാനം ചെയ്ത് 2020ല്‍ പുറത്തിറങ്ങിയ ഹീറോയും ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി. മികച്ച കണ്ടന്റായിരുന്നിട്ടും ചിത്രത്തിന് വിജയിക്കാനാകാത്തത് ആരാധകരില്‍ നിരാശയുണ്ടാക്കി. ഇതിന് ശേഷം സ്ഥിരം ട്രാക്കില്‍ ഡോക്ടര്‍, ഡോണ്‍ തുടങ്ങിയ ഹിറ്റുകള്‍ താരം സമ്മാനിച്ചു. മഡോണ്‍ അശ്വിനുമൊത്ത് കൈകോര്‍ത്ത മാവീരന്‍ പ്രമേയം കൊണ്ട് മുന്നിട്ടുനിന്നെങ്കിലും തമിഴ് പ്രേക്ഷകര്‍ ഈ ചിത്രത്തെയും കയ്യൊഴിഞ്ഞു.
കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മദിരാശിയിലെ രഘുറാം എന്ന കഥാപാത്രം ശിവ മികച്ചതാക്കിയെങ്കിലും ഈ ചിത്രവും പരാജയമായി മാറി. ഇപ്പോഴിതാ പരാശക്തിയും പരാജയത്തിലേക്ക് കുതിക്കുകയാണ്. എന്റര്‍ടൈനിങ് സിനിമകള്‍ മാത്രം സമ്മാനിച്ച നടനെ ട്രാക്ക് മാറാന്‍ സമ്മതിക്കാത്ത പ്രേക്ഷകരുടെ മനോഭാവമാണ് ഇത്തരം പരാജയത്തിന് കാരണമെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട
Content Highlight: Trackers saying that Parasakthi is struggling to cover the budget