ടി.പി വധക്കേസ്; ജ്യോതിബാബുവിന് ജാമ്യം, ശിക്ഷ മരവിപ്പിച്ചു
Kerala
ടി.പി വധക്കേസ്; ജ്യോതിബാബുവിന് ജാമ്യം, ശിക്ഷ മരവിപ്പിച്ചു
രാഗേന്ദു. പി.ആര്‍
Monday, 23rd February 2026, 3:06 pm

ന്യൂദല്‍ഹി: ടി.പി. ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയും സി.പി.ഐ.എം നേതാവുമായ ജ്യോതിബാബുവിന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

അപ്പീലില്‍ തീരുമാനമാകും വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വൃക്ക രോഗത്തിന് ചികിത്സിക്കാനായി ജാമ്യം നല്‍കണമെന്നായിരുന്നു ജ്യോതിബാബുവിന്റെ ആവശ്യം.

ജാമ്യം അനുവദിച്ചതിന് പുറമെ ജ്യോതിബാബുവിന്റെ ശിക്ഷയും കോടതി മരവിപ്പിച്ചു. പ്രതിക്കെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിന് തെളിവുകളില്‍ അപര്യാപ്തത ഉണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.

ജ്യോതിബാബുവിനെതിരെ ഹാജരാക്കിയത് ദുര്‍ബലമായ തെളിവുകളാണെന്നും കോടതി പറഞ്ഞു. കേസിലെ പന്ത്രണ്ടാം പ്രതിയാണ് ജ്യോതിബാബു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജ്യോതിബാബുവിന് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷാവിധിയാണ് സുപ്രീം കോടതി നിലവില്‍ മരവിപ്പിച്ചിരിക്കുന്നത്.

ജ്യോതിബാബുവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഡയാലിസിസിന് വിധേയനാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരും ഇതേ കാര്യം കോടതിയെ അറിയിച്ചിരുന്നു.

പ്രതിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡാണ് സുപ്രീം കോടതിക്ക് കൈമാറിയത്. ഇതില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം കൊലപാതക കേസില്‍ ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ജ്യോതിബാബുവിന് ഇടക്കാല ജാമ്യം നല്‍കരുതെന്ന വടകര എം.എല്‍.എയും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമയുടെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല.

Content Highlight: TP murder case; Jyothibabu granted bail, sentence suspended

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.