ഇഷ്‌ക് എന്ന സിനിമക്ക് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത് എത്തിയ ചിത്രമാണ് നരിവേട്ട. ടൊവിനോ തോമസാണ് ഈ സിനിമയില്‍ നായകനായത്. പ്രശസ്ത തമിഴ് സംവിധായകന്‍ ചേരന്‍ ആദ്യമായി അഭിനയിച്ച മലയാള സിനിമയായിരുന്നു ഇത്.
‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം 2003ല്‍ നടന്ന മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പുമാണ് പറഞ്ഞത്. മികച്ച അഭിപ്രായം നേടിയ ഈ സിനിമ കണ്ട് പലരും തിയേറ്ററില്‍ നിന്ന് ഇറങ്ങിയത് കണ്ണുനീര്‍ തുടച്ചു കൊണ്ടാണ്.
ഇപ്പോള്‍ നരിവേട്ട സിനിമയെ കുറിച്ചും ചിത്രം കണ്ട് തിയേറ്ററില്‍ നിന്നും കരയുന്നവരെ കുറിച്ചും പറയുകയാണ് നടന്‍ ടൊവിനോ തോമസ്. സക്‌സസ് ഇവന്റിന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു സിനിമ കണ്ടിട്ട് പൊട്ടിക്കരയാന്‍ പറ്റുന്നതും പൊട്ടിച്ചിരിക്കാന്‍ സാധിക്കുന്നതും നല്ലൊരു ക്വാളിറ്റിയായിട്ടാണ് ഞാന്‍ കാണുന്നത്. നമ്മുടെ ഉള്ളില്‍ നല്ല ഇമോഷനുകള്‍ ഉള്ളത് കൊണ്ടാണ് അതിന് സാധിക്കുന്നത്.
ഞാന്‍ സിനിമകളൊക്കെ കണ്ടിട്ട് കരയുന്ന ആളാണ്. പക്ഷെ തിയേറ്ററില്‍ പോയിട്ട് ഒരു സിനിമ കാണുമ്പോള്‍ ഒരുപാട് ബുദ്ധിമുട്ടുകളുണ്ടാകും. സിനിമ കണ്ട് കഴിഞ്ഞ് അവസാനം നമ്മള്‍ കരഞ്ഞു കൊണ്ടിരിക്കുമ്പോഴാകും തിയേറ്ററുകാര്‍ ലൈറ്റ് ഓണ്‍ ചെയ്യുക.
അതിനുമുമ്പ് പത്തോ ഇരുപതോ മിനിട്ട് സമയം കൊടുക്കണം. അതൊരു പ്രശ്‌നമാണ് (ചിരി). അങ്ങനെ സമയം കൊടുത്തില്ലെങ്കില്‍ ബുദ്ധിമുട്ടാകും. ലൈറ്റ് വരുമ്പോള്‍ പെട്ടെന്ന് കണ്ണുതുടച്ച് എഴുന്നേല്‍ക്കേണ്ടി വരും.
നരിവേട്ട സിനിമ തിയേറ്ററില്‍ കണ്ട് ആളുകള്‍ പുറത്തേക്കിറങ്ങിയത് വളരെ ഹെവി ഹാര്‍ട്ടടായിട്ടാണ്. നമ്മള്‍ ഈ സിനിമയുടെ കഥ കേട്ടപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ.
കഥ കേട്ട ദിവസം രാത്രി നമ്മള്‍ ആ കഥയെ കുറിച്ചാണ് ആലോചിച്ചത്. നമ്മള്‍ ഷൂട്ടിങ്ങ് സമയത്ത് പരസ്പരം തമാശ പറയുകയും ചിരിക്കുകയും മറ്റും ചെയ്തുവെങ്കിലും എല്ലാവരുടെയും ഉള്ളില്‍ ഒരു കനമുണ്ടായിരുന്നു,’ ടൊവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas Talks About Narivetta