മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ടൊവിനോ തോമസ്. നിരവധി മികച്ച സിനിമകളിലൂടെ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2018ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആമി എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ടൊവിനോയും അഭിനയിച്ചിരുന്നു.
എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറഞ്ഞ ചിത്രത്തില്‍ മഞ്ജു വാര്യരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്.
മാധവിക്കുട്ടിയുടെ കൃതികള്‍ വായിക്കാന്‍ തുടങ്ങിയ കാലം മുതല്‍ താന്‍ അവരുടെ ആരാധകനായിരുന്നുവെന്നും ഒരു നിയോഗംപോലെ ആ ചിത്രത്തിലെ കൃഷ്ണവേഷം ചെയ്യാനുള്ള അവസരം തന്നെ തേടിവന്നെന്നും ടൊവിനോ പറയുന്നു.
കുട്ടിക്കാലം മുതല്‍ ആരാധനയോടെ കാണുന്ന താരമാണ് മഞ്ജു വാര്യരെന്നും ആമിയില്‍ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ ചെന്നപ്പോള്‍ ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടെ അഭിനയിക്കുന്നവരെ കംഫര്‍ട്ടാക്കി അഭിനയിക്കുന്നതില്‍ മഞ്ജുവിന് പ്രത്യേക മിടുക്കുണ്ടെന്നും ടൊവിനോ തോമസ് വ്യക്തമാക്കി.
‘മാധവിക്കുട്ടിയുടെ കൃതികള്‍ വായിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഞാന്‍ അവരുടെ ആരാധകനായിരുന്നു. ആ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടമായിരുന്നു. പിന്നെ നിയോഗംപോലെ ആ ചിത്രത്തിലെ കൃഷ്ണവേഷം ചെയ്യാനുള്ള അവസരം കറങ്ങിത്തിരിഞ്ഞ് എന്നെത്തേടി എത്തി.
ആ പ്രൊജക്ടില്‍ ഏറ്റവും അവസാനമായി ജോയിന്‍ ചെയ്ത നടനാണ് ഞാന്‍. ശരിക്കും ചലഞ്ചിങ്ങായ കഥാപാത്രമായിരുന്നു അത്. എവിടെയെങ്കിലും പാളിപ്പോയാല്‍ ആള്‍ക്കാര്‍ തേച്ച് ഒട്ടിക്കും. ആ കഥാപാത്രത്തിന്റെ വിജയത്തിന്റെ ക്രഡിറ്റ് മുഴുവന്‍ കമല്‍ സാറിനുള്ളതാണ്.
കുട്ടിക്കാലം മുതല്‍ ആരാധനയോടെ കാണുന്ന താരമാണ് മഞ്ജു വാര്യര്‍. നേരത്തെ പരിചയമുണ്ടെങ്കിലും ഒന്നിച്ചഭിനയിക്കാന്‍ കഴിഞ്ഞില്ല. ആമിയില്‍ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ ചെന്നപ്പോള്‍ ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ, കൂടെ അഭിനയിക്കുന്നവരെ കംഫര്‍ട്ടാക്കി അഭിനയിക്കുന്നതില്‍ അവര്‍ക്ക് പ്രത്യേക മിടുക്കുണ്ട്,’ ടൊവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas Talks About Manju Warrier