| Wednesday, 21st May 2025, 8:53 pm

ഞാന്‍ ആ സിനിമയിലൂടെ ബേസിലിനെ പറ്റിച്ചതാണ്; മറ്റാരോടും ചെന്ന് ചോദിക്കാനാവില്ല: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മരണമാസ്സ്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നായിരുന്നു ഈ ചിത്രം നിര്‍മിച്ചത്.

സിനിമയില്‍ നിര്‍മാതാവായ ടൊവിനോ തോമസ് ഡെഡ് ബോഡിയായി ഒരു കാമിയോ റോളില്‍ എത്തിയിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ. തന്റെ ഏറ്റവും പുതിയ ചിത്രമായ നരിവേട്ടയുടെ പ്രൊമോഷന്റെ ഭാഗമായി റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

മരണമാസ്സ് എന്ന സിനിമയിലെ ടൈറ്റില്‍ ക്യാരക്ടര്‍ സത്യത്തില്‍ ഞാനാണ്. ബേസിലിനെ ഞാന്‍ പറ്റിച്ചതാണ്. മരിച്ചിട്ട് മരണമാസ്സായി അഭിനയിച്ചത് ഞാനാണ് (ചിരി). അങ്ങനെ നോക്കുമ്പോള്‍ എന്റേത് ടൈറ്റില്‍ ക്യാരക്ടറാണെന്ന് പറയാമല്ലോ.

ആ സിനിമയില്‍ ചിലപ്പോള്‍ നായകനും നായികയുമൊക്കെയായി കുറേ ആളുകള്‍ ഉണ്ടാകും. പക്ഷെ ടൈറ്റില്‍ ക്യാരക്ടര്‍ ഞാനാണ്. ഡെഡ് ബോഡി ആയിട്ട് അഭിനയിക്കാന്‍ നല്ല പ്രയാസമാണ്. ഞാന്‍ മരിക്കുന്ന കഥാപാത്രങ്ങള്‍ ഒരുപാട് ചെയ്തിരുന്നു.

പക്ഷെ ഡെഡ് ബോഡി ആകുമ്പോഴുള്ള പ്രശ്‌നം എന്താണെന്ന് ചോദിച്ചാല്‍, അറിയാതെ ഉറങ്ങി പോകും. നമ്മള്‍ ആരോടെങ്കിലുമൊക്കെ സംസാരിച്ചിട്ട് ഇരിക്കുകയാണെങ്കില്‍ എന്തായാലും ഉറങ്ങി പോകില്ല. ഇത് ഡെഡ് ബോഡി ആകുമ്പോള്‍ ഒന്നും ചെയ്യാനില്ലല്ലോ.

കണ്ണടച്ച് കിടക്കുകയല്ലേ വേണ്ടത്. അപ്പോള്‍ ഉറങ്ങി പോകും. അവസാനം ആക്ഷന്‍ വിളിക്കുമ്പോഴാണ് ഞെട്ടി എഴുന്നേല്‍ക്കുക. ശ്വാസമെടുക്കാന്‍ സാധിക്കില്ല, കണ്ണ് ബ്ലിങ്ക് ചെയ്യാന്‍ ആവില്ല. മരിച്ചു കിടക്കുന്ന ഒരൊറ്റ ഷോട്ടിലാണ് ആ കഥാപാത്രം വരുന്നത്.

കണ്ട ഉടനെ തന്നെ ആളുകള്‍ക്ക് കൗതുകം തോന്നുന്ന ഒരാളാകണം വേണ്ടതെന്ന നിര്‍ബന്ധമുണ്ടായിരുന്നു. അതിന് ആളുകള്‍ക്ക് പരിചിതനായ വ്യക്തിയാകണമെന്ന് ഉണ്ടായിരുന്നു. വേറെ ആരോടും ചെന്നിട്ട് ഒന്ന് ഡെഡ് ബോഡി ആയിട്ട് അഭിനയിക്കാന്‍ വരുമോയെന്ന് ചോദിക്കാനും ആവില്ലല്ലോ,’ ടൊവിനോ തോമസ് പറയുന്നു.


Content Highlight: Tovino Thomas Talks About His Role In Maranamass Movie

Latest Stories

We use cookies to give you the best possible experience. Learn more