| Friday, 9th May 2025, 8:01 am

ലൂസിഫറിൽ നിന്നും എമ്പുരാനിലേക്ക് എത്തിയപ്പോൾ രാജുവേട്ടൻ ഒരു കാര്യമാണ് പറഞ്ഞത്: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ സര്‍വമാന കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്ത ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ അടുത്ത ഭാഗമായിരുന്നു ഇത്. ഇരു ചിത്രങ്ങളിലും ജെതിന്‍ രാംദാസ് എന്ന വേഷത്തില്‍ എത്തിയത് ടൊവിനോ തോമസായിരുന്നു.

ആദ്യ ഭാഗത്ത് ഒരു പോസിറ്റീവ് ക്യാരക്ടറായി വന്ന ജെതിന്‍ രണ്ടാം ഭാഗത്ത് വില്ലന്റെ പക്ഷത്തായിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. എമ്പുരാനിലെയും ലൂസിഫറിലെയും ജെതിന്‍ ഒരാളാണെങ്കിലും രണ്ടും രണ്ട് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളാണെന്ന് ടൊവിനോ പറയുന്നു.

ആളുകളുടെ സ്‌നേഹം ലഭിക്കുന്നത് ലൂസിഫറിലെ ജെതിനെ ചെയ്യുമ്പോഴാണെന്നും എന്നാല്‍ തന്റെ ഉള്ളിലെ നടന്‍ കൂടുതല്‍ വളരുന്നത് എമ്പുരാനിലെ ജെതിനെ ചെയ്യുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാന്റെ അവസാനം ജെതിന്‍ കയറിയ ഹെലികോപ്റ്റര്‍ പൊട്ടിത്തെറിക്കുന്നതായാണ് കാണിക്കുന്നത്. എമ്പുരാന്റെ അടുത്ത ഭാഗത്ത് തന്നെ കാണിക്കാന്‍ വേണ്ടി പി.കെ. രാംദാസിന് ആരുമറിയാത്ത ഒരു മകന്‍, ജെതിന്റെ ഇരട്ട സഹോദരനായോ അല്ലെങ്കില്‍ പ്രേതമായോ തന്നെ ഉള്‍പ്പെടുത്താന്‍ താന്‍ ഐഡിയ പറഞ്ഞുകൊടുക്കാറുണ്ടെന്നും തമാശ രൂപേണ ടൊവിനോ പറയുന്നു. മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എമ്പുരാനിലെയും ലൂസിഫറിലെയും ജെതിന്‍ ഒരാളാണെങ്കിലും രണ്ടും രണ്ട് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളാണ്. വര്‍ക്ക് ചെയ്യാന്‍ എനിക്ക് വളരെ ഇഷ്ടമുള്ള ആളുകളാണ് ആ സിനിമയില്‍ ഉള്ളത്. പിന്നെ എനിക്കതില്‍ കൂടുതല്‍ തല പുകക്കേണ്ട ആവശ്യമില്ല. കാരണം നന്നായി ചിന്തിക്കുന്ന ആളുകളാണ് അതില്‍ ഉള്ളത്.

നമ്മളൊരു പോസറ്റീവ് ക്യാരക്ടര്‍ ചെയ്യുമ്പോള്‍ നമുക്ക് ലഭിക്കുന്നത് പോസിറ്റീവ് ആയിട്ടുള്ള അപ്രിസിയേഷന്‍ ആണ്. ഇതിനേക്കാള്‍ നന്നായി നമ്മള്‍ ഒരു നെഗറ്റീവ് ക്യാരക്ടര്‍ ചെയ്താലും നമ്മള്‍ വില്ലന്റെ സൈഡ് പോയാല്‍ ഒരു സാധാരണക്കാരന്റെ സ്‌നേഹം നമുക്ക് ലഭിക്കണമെന്നില്ല. സാധാരണക്കാരന്റെ സ്‌നേഹം ലഭിക്കാനായിട്ട് എനിക്ക് ലൂസിഫറിലെ ജെതിന്‍ രാംദാസിന്റെ ഭാഗം വരെ ചെയ്താല്‍ ചെയ്താല്‍ മതി.

ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ ഉള്ളിലെ ഗ്രേ ഷെയ്ഡ് ഉള്ള നടന്‍ കൂടുതല്‍ വളരാനും ലാലേട്ടന്‍, മഞ്ജു ചേച്ചി എന്നിവരുടെ കൂടെ അഭിനയിക്കാനും കഴിഞ്ഞതില്‍ എമ്പുരാനിലെ ജെതിനെ എനിക്ക് ഇഷ്ടമാണ്. ആദ്യ സിനിമയിലേക്കാളും കൂടുതല്‍ സ്‌പേസ് എനിക്ക് ലഭിക്കുന്നത് എമ്പുരാനിലാണ്.

എന്നാലും എവിടെ പോയാലും ആളുകള്‍ ഇപ്പോഴും എന്നോട് പറയുന്നത് ലൂസിഫറിലെ ജെതിന്റെ കാര്യമാണ്. ആളുകള്‍ക്ക് കൂടുതല്‍ പക്ഷെ ലൂസിഫറിലെ ജെതിനോടാണ്. അത് ഞങ്ങള്‍ക്കും അറിയുന്ന കാര്യമാണ്. രാജുവേട്ടന്‍ എന്നോട് പറഞ്ഞിട്ടുണ്ട്, അതില്‍ കിട്ടിയ അത്രയും സ്‌നേഹം എമ്പുരാനില്‍ പ്രതീക്ഷിക്കരുതെന്ന്.

അടുത്ത ഭാഗത്തിനായി ഞാന്‍ കുറെ ഐഡിയ പറഞ്ഞുകൊടുക്കുന്നുണ്ട്. പി.കെ. രാംദാസിന് ആരുമറിയാത്ത ഒരു മകന്‍ കൂടിയുണ്ട്, ജെതിന്റെ ഇരട്ട സഹോദരനായോ അല്ലെങ്കില്‍ പ്രേതമായോ എന്നെ അടുത്ത ഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട് (ചിരി),’ ടൊവിനോ തോമസ് പറയുന്നു.

Content Highlight: Tovino Thomas Talks About His Character In Empuraan And Lucifer

We use cookies to give you the best possible experience. Learn more