‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബാലൻ ദി ബോയ്’. തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ‘ആവേശം’ എന്ന ചിത്രത്തിന്റെ സംവിധായകനായ ജിത്തു മാധവൻ തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തി.
ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നത് മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസും ‘ബാലൻ ദി ബോയ്’ എന്ന ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വാർത്ത ആരാധകരുടെ പ്രതീക്ഷകൾ വാനോളമുയർത്തിയിട്ടുണ്ട്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘അതിരടി’യിലെ തകർപ്പൻ വില്ലൻ വേഷത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന ടൊവിനോ ചിത്രം കൂടിയാണിത്.
ഇപ്പോൾ ബാലനിലെ തന്റെ കഥാപാത്രത്തെ കുറിച്ച് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് താരം.സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ടപ്പോൾ തന്നെ വളരെ മനോഹരമായി തോന്നിയിരുന്നു . കഥയറിയില്ലെങ്കിലും അതിന്റെ അണിയറപ്രവർത്തകരെ കണ്ടപ്പോൾ തന്നെ ഇതൊരു മികച്ച ചിത്രമായിരിക്കുമെന്ന് ഉറപ്പിച്ചു.
ഈ സിനിമയിൽ തന്നെ ഒരു ‘പോസ്റ്റർ ബോയ്’ ആയിട്ടല്ല അവർ സമീപിച്ചത് എന്നതായിരുന്നു ഏറ്റവും സന്തോഷം നൽകിയ കാര്യം എന്നും, അതുകൊണ്ടാണ് സിനിമയുടെ പ്രൊമോഷനുകളിലോ ഷൂട്ടിംഗ് സമയത്തോ ഇതിന്റെ ഭാഗമാണെന്ന കാര്യം പുറത്തുവിടാതിരുന്നത് എന്നും ടൊവിനോ പറയുന്നു.
‘ഒരു അമ്മയുടെയും മകന്റെയും യാത്ര പറയുന്ന ഈ ചിത്രത്തിൽ, ‘ടൊവിനോ തോമസ്’ എന്ന സ്റ്റാർ വാല്യൂ ഒരുപക്ഷേ ഒരു ബാധ്യതയായേക്കാം. എന്നെ ഇതിലേക്ക് ക്ഷണിച്ചത് കേവലം ഒരു സുഹൃത്തെന്ന നിലയിലോ അല്ലെങ്കിൽ എന്റെ താരപദവി ഉപയോഗിക്കാനോ വേണ്ടിയല്ല, മറിച്ച് ഒരു നടനെന്ന നിലയിൽ നൽകിയ ബഹുമാനമായിട്ടാണ് ഞാൻ കാണുന്നത്. അടുത്ത കാലത്ത് ഞാൻ കേട്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണിത്. അതുകൊണ്ട് തന്നെ കഥ കേട്ടപ്പോൾ മറുത്തൊന്നും ചിന്തിക്കാതെ ഞാൻ സമ്മതം മൂളുകയായിരുന്നു’, ടോവിനോ തോമസ് പറഞ്ഞു
താൻ ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണിത്. രൂപത്തിലും ശരീരഭാഷയിലും സംസാരശൈലിയിലുമെല്ലാം ഒട്ടും സാമ്യതകളില്ലാത്ത ഒരു കഥാപാത്രം. ഇത് ചെയ്യുക എന്നത് ഒരേസമയം വെല്ലുവിളിയും റിസ്കുമായിരുന്നു എന്നും, അത്തരം റിസ്കുകളെക്കുറിച്ച് ആലോചിച്ച് അനാവശ്യമായി സമ്മർദം അനുഭവിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും ടോവിനോ പറയുന്നു. പൂർണമായി വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു സംവിധായകനും മികച്ചൊരു ടീമും കൂടെയുണ്ടെങ്കിൽ ഏതൊരു വെല്ലുവിളിയും എളുപ്പമായി മാറും എന്നും ടോവിനോ കൂട്ടിച്ചേർത്തു.
Content Highlight : Tovino Thomas talks about his character in Balan movie