| Tuesday, 3rd June 2025, 10:42 pm

കൊറോണക്കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ പേടിച്ചത് അവരെ, എപ്പോഴും തുറന്നിടാറുള്ള വീടിന്റെ ഗേറ്റ് പോലും അടച്ചിടേണ്ടി വന്നു: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്കെത്തി വളരെ വേഗത്തില്‍ മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച നടനാണ് ടൊവിനോ തോമസ്. ഗപ്പി എന്ന ചിത്രത്തിലൂടെ നായകവേഷം തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ ഇന്ന് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയ ടൊവിനോ മികച്ച സിനിമകളുടെ ഭാഗമാകാനാണ് എപ്പോഴും ശ്രമിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴായി പല ചര്‍ച്ചകളിലും ടൊവിനോ വിഷയമാകാറുണ്ട്. കൊറോണക്കാലത്ത് താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. കൊവിഡിന്റെ സമയത്ത് പല വ്‌ളോഗര്‍മാരും തന്റെ വീട്ടിലേക്ക് വരാറുണ്ടായിരുന്നെന്ന് ടൊവിനോ പറഞ്ഞു. തൃശൂരില്‍ നിന്ന് ചിലര്‍ ഇരിങ്ങാലക്കുടയിലുള്ള തന്റെ വീട് വരെ വന്നിട്ടുണ്ടായിരുന്നെന്നും ആ സമയത്ത് താന്‍ അതൊന്നും അറിഞ്ഞില്ലായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

വീടിന്റെ പിന്നിലുള്ള അലക്കുകല്ലും, പുറത്ത് മുറ്റമടിക്കുന്ന അമ്മയുടെ വീഡിയോയും അവര്‍ എടുത്തിട്ടുണ്ടായിരുന്നെന്നും ഒന്നും മിണ്ടാതെ അവര്‍ തിരികെ പോകുമായിരുന്നെന്നും താരം പറയുന്നു. യൂട്യൂബില്‍ എല്ലാവരും വ്‌ളോഗ് ചെയ്യുന്ന സമയമായിരുന്നു അതെന്നും തനിക്ക് അവരെ പേടിയായിരുന്നെന്നും ടൊവിനോ പറഞ്ഞു. കാര്‍ത്തിക് സൂര്യയോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

‘കൊറോണയുടെ സമയത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ പേടിച്ചത് ഈ വ്‌ളോഗര്‍മാരെയായിരുന്നു. ഒരു സമയത്ത് തൃശൂരില്‍ നിന്ന് ഒരു ടീം അവിടം തൊട്ട് ഇരിങ്ങാലക്കുടയിലുള്ള എന്റെ വീട് വരെ ബൈക്കില്‍ വന്നിട്ടുണ്ട്. തൃശൂര്‍ തൊട്ട് ടൈംലാപ്‌സില്‍ വീഡിയോ എടുക്കും. എന്റെ വീടെത്തിയപ്പോള്‍ നോര്‍മല്‍ മോഡില്‍ വീഡിയോ എടുത്തു.

വീടിന്റെ അകത്തേക്ക് കയറിയില്ല. പകരം വീടിന്റെ ചുറ്റും കറങ്ങി. പിന്‍ഭാഗത്തുള്ള അലക്കുകല്ലിന്റെ വീഡിയോ എടുത്തു. വീടിന് പുറത്ത് മുറ്റമടിച്ചുകൊണ്ടിരുന്ന അമ്മച്ചിയുടെ വീഡിയോ എടുത്തു. ഈ സമയത്തൊന്നും ഞാന്‍ ഇത് അറിയുന്നില്ല. പിന്നീട് അവര്‍ ഇത് വീഡിയോ പബ്ലിഷ് ചെയ്തപ്പോഴാണ് ഞാന്‍ കണ്ടത്.

പിന്നീട് എനിക്ക് ഇവരെ പേടിയായി. അതുവരെ എല്ലാവര്‍ക്കും വേണ്ടി വീടിന്റെ ഗേറ്റ് തുറന്നിടുമായിരുന്നു. ഈയൊരു സംഭവത്തിന് ശേഷം ഗേറ്റ് പൂട്ടിയിടാന്‍ തുടങ്ങി. അവരെയും കുറ്റം പറയാന്‍ പറ്റില്ല. ലോക്ക്ഡൗണ്‍ കാരണം എല്ലവരും വ്‌ളോഗിങ് തുടങ്ങി. എന്ത് കാണിക്കണമെന്ന ഐഡിയയില്ലാതെയായിരിക്കും അങ്ങനെ ഓരോന്ന് കാട്ടിക്കൂട്ടിയത്,’ ടൊവിനോ തോമസ് പറയുന്നു.

Content Highlight: Tovino Thomas shares his experience during Corona pandemic time

We use cookies to give you the best possible experience. Learn more