മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. തന്റെ ഇഷ്ടനടനെ കാണാനാഗ്രഹിക്കുന്ന രീതിയില്‍ പൃഥ്വിരാജ് ആദ്യചിത്രത്തില്‍ തന്നെ അവതരിപ്പിച്ചത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ഒടിയൻ എന്ന വലിയ പരാജയ ചിത്രത്തിന് ശേഷം മോഹൻലാൽ ഗംഭീര തിരിച്ചുവരവ് നടത്തിയ സിനിമയായിരുന്നു ലൂസിഫർ. മുരളി ഗോപിയുടെ രചനയിൽ പിറന്ന ചിത്രത്തിൽ മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ് തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ചിരുന്നു.
ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി ലൂസിഫര്‍ മാറി. ആദ്യഭാഗത്തെക്കാള്‍ വലിയ രീതിയിലാണ് പൃഥ്വിരാജ് എമ്പുരാന്‍ അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മാർച്ച് 27 ന് എമ്പുരാൻ പ്രേക്ഷകർക്ക് മുന്നിലെത്തും.
എമ്പുരാനായി കാത്തിരിക്കുകയാണെന്ന് പറയുകയാണ് നടൻ ടൊവിനോ തോമസ്. ആദ്യ ഭാഗത്തിൽ ജെതിൻ രാംദാസ് എന്ന കഥാപാത്രത്തെ ടൊവിനോ അവതരിപ്പിച്ചിരുന്നു. ഒരു സിനിമയെന്ന ടോട്ടാലിറ്റിയിൽ എമ്പുരാൻ കാണാൻ കാത്തിരിക്കുകയാണ് താനെന്നും ചില സീക്വൻസുകൾ കണ്ടപ്പോൾ വലിയ ആകാംക്ഷ തോന്നിയെന്നും ടൊവിനോ പറയുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച സിനിമയാണ് ലൂസിഫർ എന്നും എമ്പുരാനും അങ്ങനെ കാണാനാണ് ആഗ്രഹമെന്നും ടൊവിനോ കൂട്ടിച്ചേർത്തു.
‘എന്റെ കഥാപാത്രം സെയിമാണ്. ജെതിൻ രാംദാസ്, മുഖ്യമന്ത്രിയാണല്ലോ. നേരത്തെ എവിടെയാണോ അവസാനിച്ചത്, അവിടെ നിന്ന് തന്നെയാണ് എമ്പുരാൻ തുടങ്ങുന്നത്. എന്റെ കഥാപാത്രത്തെ കുറിച്ച് മാത്രമല്ല പറയുന്നത്, ഒരു സിനിമയെന്ന ടോട്ടാലിറ്റിയിൽ എമ്പുരാൻ കാണാൻ കാത്തിരിക്കുകയാണ് ഞാൻ.
റഷ്യയിലാണല്ലോ ലൂസിഫർ അവസാനിക്കുന്നത്. എമ്പുരാനിൽ ഏതൊക്കെ രാജ്യങ്ങളുണ്ടെന്ന് എനിക്ക് അറിയാം. കുറെ സീക്വൻസുകൾ ഞാൻ കണ്ടിട്ടുണ്ട്. പല ഭാഗങ്ങളും കണ്ടപ്പോൾ ഞാൻ വലിയ ആകാംക്ഷയിലാണ്. പറ്റിയാൽ അന്ന് ലൂസിഫർ കണ്ടപോലെ രാജുവേട്ടന്റെയും ലാലേട്ടന്റെയും കൂടെ ആദ്യ ദിനം എമ്പുരാൻ കാണണമെന്നാണ് എന്റെ ആഗ്രഹം. അത് വേറെത്തന്നെ ഒരു എക്സ്പീരിയൻസായിരിക്കും.
ജീവിതത്തിൽ ഞാൻ കണ്ട സിനിമകളിൽ ഏറ്റവും മികച്ച തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിച്ചത് ലൂസിഫറാണ്. അതിന്റെ ഫാൻസ് ഷോ ഞങ്ങൾക്ക് എല്ലാര്ക്കും കൂടെ കാണാൻ സാധിച്ചിരുന്നു,’ടൊവിനോ പറയുന്നു.
Content Highlight: Tovino Thomas Says That He Is Waiting For Mohanlal’s Empuran