| Monday, 12th May 2025, 10:14 am

കാടേറിയ കൊമ്പന്റെ മുന്നിലേക്കിറങ്ങുന്നത് തത്കാലം സേഫല്ല, ഡിറ്റക്ടീവ് ഉജ്ജ്വലന് പിന്നാലെ റിലീസ് തിയതി മാറ്റി നരിവേട്ട

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും തിയേറ്ററുകളില്‍ ജനസാഗരം സൃഷ്ടിക്കുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. സാധാരണ ഫാമിലി ഡ്രാമ എന്ന അവകാശവാദവുമായെത്തിയ ചിത്രം ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ത്തു. കേരളത്തില്‍ നിന്ന് മാത്രം 95 കോടി സ്വന്തമാക്കിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തു.

തുടരും എന്ന ചിത്രത്തിന് പിന്നാലെ തിയേറ്ററുകളിലെത്തിയ പല സിനിമകള്‍ക്കും പ്രതീക്ഷിച്ച രീതിയില്‍ തിളങ്ങാന്‍ സാധിച്ചില്ല. പത്തോളം ചിത്രങ്ങള്‍ പിന്നീട് റിലീസായെങ്കിലും അവയെല്ലാം ബോക്‌സ് ഓഫീസില്‍ മങ്ങുകയായിരുന്നു. സൂര്യയുടെ റെട്രോ, ദിലീപിന്റെ പ്രിന്‍സ് ആന്‍ഡ് ഫാമിലി, ആസിഫ് അലിയുടെ സര്‍ക്കീട്ട് എന്നീ സിനിമകള്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കാന്‍ പാടുപെട്ടു.

തുടരും സിനിമയുടെ സെന്‍സേഷണല്‍ ഹിറ്റിന് പിന്നാലെ പല സിനിമകളും റിലീസ് തിയതി മാറ്റിയിരുന്നു. ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ലൗലിയാണ് ആദ്യമായി റിലീസ് മാറ്റിയത്. ഏപ്രില്‍ റിലീസായി ആദ്യം പ്ലാന്‍ ചെയ്ത ചിത്രം എമ്പുരാന്റെ വിജയത്തിന് പിന്നാലെ മെയ്‌യിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ തുടരും സിനിമയുടെ വിജയം കണ്ട് മെയ് 1ന് റിലീസ് പ്ലാന്‍ ചെയ്ത ചിത്രം മെയ് 16ലേക്ക് വീണ്ടും മാറ്റി.

മെയ് 16ന് റിലീസ് പ്രഖ്യാപിച്ച ഡിറ്റക്ടീവ് ഉജ്ജ്വലന്‍ മെയ് 23ലേക്ക് റിലീസ് മാറ്റി. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി.കെ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും മറ്റ് അപ്‌ഡേറ്റുകളും പ്രതീക്ഷ നല്‍കുന്നവയായിരുന്നു. മിന്നല്‍ മുരളി ഒരുക്കിയ വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍ നിര്‍മിക്കുന്നത്.

ഏറ്റവുമൊടുവില്‍ ടൊവിനോ തോമസ് നായകനാകുന്ന നരിവേട്ടയും റിലീസ് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 16ന് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം 23ലേക്ക് റിലീസ് മാറ്റുകയായിരുന്നു. കേരളത്തെ പിടിച്ചുകുലുക്കിയ മുത്തങ്ങ സമരത്തിന്റെ പശ്ചാത്തലത്തിലാണ് നരിവേട്ട ഒരുങ്ങുന്നത്. ഇഷ്‌കിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നരിവേട്ട.

മലയാളസിനിമകള്‍ റിലീസ് മാറ്റിയതോടെ തുടരും സിനിമക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായിട്ടുണ്ടെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിക്കുമുകളില്‍ ചിത്രത്തിന് നേടാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. വേള്‍ഡ്‌വൈഡ് കളക്ഷന്‍ ഇതിനോടകം 200 കോടി പിന്നിട്ടതോടെ തുടര്‍ച്ചയായി രണ്ട് 200 കോടി കളക്ഷന്‍ നേടുന്ന നടനായി മോഹന്‍ലാല്‍ മാറി.

Content Highlight: Tovino Thomas’s Narivetta movie postponed

We use cookies to give you the best possible experience. Learn more