ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്കെത്തി വളരെ വേഗത്തില്‍ മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച നടനാണ് ടൊവിനോ തോമസ്. ഗപ്പി എന്ന ചിത്രത്തിലൂടെ നായകവേഷം തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ ഇന്ന് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയ ടൊവിനോ മികച്ച സിനിമകളുടെ ഭാഗമാകാനാണ് എപ്പോഴും ശ്രമിക്കുന്നത്.
തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന തുടരും എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ താന്‍ രസിച്ച് കണ്ടെന്ന് ടൊവിനോ തോമസ് പറഞ്ഞു. ആ സിനിമയില്‍ മോഹന്‍ലാലിന്റെ ചാട്ടത്തെ പ്രശംസിച്ച് പലരും പോസ്റ്റിട്ടത് കണ്ടെന്നും അതെല്ലാം തനിക്ക് സന്തോഷം നല്‍കിയെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മോഹന്‍ലാല്‍ പണ്ടുമുതലേ ഇത്തരം ആക്ഷന്‍ സീക്വന്‍സുകള്‍ ചെയ്ത് ശീലിച്ച നടനാണെന്നും ടൊവിനോ പറയുന്നു. ഇന്ന് കാണുന്നതുപോലെ സേഫ്റ്റി ഉപകരണങ്ങളൊന്നും അന്ന് ഇല്ലായിരുന്നെന്നും എന്നിട്ടും വളരെ റിസ്‌കിയായിട്ടുള്ള ആക്ഷന്‍ സീനുകള്‍ മോഹന്‍ലാലിനെപ്പോലെയുള്ള നടന്മാര്‍ ചെയ്തിട്ടുണ്ടെന്നും ടൊവിനോ തോമസ് പറഞ്ഞു.
അന്നത്തെ കാലത്ത് ഹാര്‍നെസ്സുകളൊന്നും ഇല്ലായിരുന്നെന്നും കൈലി മുണ്ടും റോപ്പും പോലുള്ള സാധനങ്ങള്‍ ദേഹത്ത് കെട്ടിവെച്ചിട്ടാണ് മോഹന്‍ലാല്‍ ആക്ഷന്‍ സീനുകള്‍ ചെയ്തിരുന്നതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ഇത്രയും കാലത്തിനിടക്ക് ആക്ഷന്‍ സീനുകള്‍ ചെയ്യുമ്പോള്‍ പരിക്കുകള്‍ പറ്റാതെ നോക്കുക എന്നത് വലിയ കാര്യമാണെന്നും മോഹന്‍ലാലിന്റെ ആക്ഷന്‍ സീനുകള്‍ കാണാന്‍ നല്ല ചന്തമാണെന്നും ടൊവിനോ തോമസ് പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.
‘തുടരും സിനിമയിലെ ലാലേട്ടന്റെ ഫൈറ്റും ആ ചാട്ടവും എല്ലാവരും ചര്‍ച്ച ചെയ്യുകയാണ്. ഈ പ്രായത്തിലും ഫൈറ്റ് സീനുകളില്‍ ലാലേട്ടന്‍ കാണിക്കുന്ന ഫ്‌ളെക്‌സിബിലിറ്റി അപാരമാണ്. ഇന്ന് നമുക്ക് ഫൈറ്റ് സീനിലെല്ലാം ഹാര്‍നെസ്സും മറ്റ് സേഫ്റ്റി ഉപകരണങ്ങളും ഉണ്ടല്ലോ. അന്ന് കൂടിപ്പോയാല്‍ ഒന്നോ രണ്ടോ റോപ്പോ, അതിന്റെ കൂടെ ഒരു കൈലി മുണ്ടോ ഉണ്ടാകും.
ഇതൊക്കെ ഉപയോഗിച്ചാണ് അവരെല്ലാം ഓരോ ആക്ഷന്‍ സീനുകള്‍ ചെയ്തത്. അതിന്റെ ഇംപാക്ട് ഇന്നുമുണ്ട്. ലാലേട്ടന്റെ കാര്യം പറഞ്ഞാല്‍, അന്നായാലും ഇന്നായാലും ലാലേട്ടന്റെ ഫൈറ്റിന് വലിയ മാറ്റം വന്നിട്ടില്ല. ഇത്രയും കാലം ഇതുപോലെ ഫൈറ്റ് ചെയ്യുന്നതിനിടക്ക് പരിക്കൊന്നും പറ്റാതെ നോക്കുക എന്നത് വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ ഫൈറ്റ് കാണാന്‍ തന്നെ നല്ല ചന്തമാണ്,’ ടൊവിനോ തോമസ് പറഞ്ഞു.
Content Highlight: Tovino Thomas about the flexibility of Mohanlal in fight scenes