പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയുടെ മുന്‍നിരയിലേക്ക് വളരെ വേഗത്തിലെത്താന്‍ ടൊവിനോക്ക് സാധിച്ചു. ടൊവിനോ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. ഇഷ്‌ക് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
കേരളത്തെ പിടിച്ചുകുലുക്കിയ മുത്തങ്ങ ഭൂസമരത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് നരിവേട്ട. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷമാണ് ടൊവിനോ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമെന്ന നിലയില്‍ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്.
മുത്തങ്ങ സമരത്തെക്കുറിച്ച് താന്‍ കേട്ടിട്ടുണ്ടെന്നും ഈ സംഭവം നടന്നത് 2003ലാണെന്ന് ടൊവിനോ പറഞ്ഞു. ആ സമയത്ത് താന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നെന്നും ടൊവിനോ തോമസ് കൂട്ടിച്ചേര്‍ത്തു. ഈ സംഭവം നടന്ന വര്‍ഷത്തില്‍ ജനിച്ചവര്‍ ഇന്ന് യുവാക്കളെന്ന് വിളിക്കാവുന്നത്ര വളര്‍ന്നെന്നും അത്രയും പഴയ കഥയാണെന്നും ടൊവിനോ തോമസ് പറഞ്ഞു.
ചില സംഭവങ്ങള്‍ മാത്രമല്ല ഓര്‍മിപ്പിക്കേണ്ടതെന്നും ഒരുപാട് സംഭവങ്ങള്‍ ഓര്‍മിപ്പിക്കാനുണ്ടെന്ന് തനിക്ക് തോന്നാറുണ്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ഈ സംഭവത്തെക്കുറിച്ച് അറിയാത്തവര്‍ക്കായി ഒരുപാട് വിവരങ്ങള്‍ അന്വേഷിച്ചാല്‍ ലഭിക്കുമെന്നും അത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്നും ടൊവിനോ തോമസ് പറഞ്ഞു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.
‘അങ്ങനെ ഒരു സംഭവം മാത്രമായി ഓര്‍മിപ്പിക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. ഇന്നത്തെ ആളുകളെ ഒരുപാട് കാര്യങ്ങള്‍ ഓര്‍മിപ്പിക്കണമെന്ന് തോന്നിയിട്ടുണ്ട്. ഈ മുത്തങ്ങ സമരം നടക്കുമ്പോള്‍ ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു. അന്ന് ജനിച്ച ആളുകള്‍ ഇപ്പോള്‍ യുവാക്കളെന്ന് വിളിക്കാനുള്ള പ്രായത്തിലെത്തിയിട്ടുണ്ട്.
അവര്‍ക്കൊക്കെ ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്ന് പോലും അറിയില്ലായിരിക്കും. അറിയാന്‍ ശ്രമിക്കുകയാണെങ്കില്‍ അതിന് സഹായിക്കുന്ന കുറച്ച് കാര്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അത് കൃത്യമായി മനസിലാക്കി എന്താണ് ശരി എന്താണ് തെറ്റ് എന്ന് സ്വയം തിരിച്ചറിയുക. സിനിമ എന്നത് ഒരിക്കലും നൂറ് ശതമാനം സത്യമായി കാണിക്കാന്‍ പറ്റില്ല. അതില്‍ കൊമേഴ്‌സ്യലായിട്ടുള്ള കാര്യങ്ങള്‍ ഉണ്ടായെന്നിരിക്കും,’ ടൊവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas about Narivetta movie