| Tuesday, 25th February 2025, 11:42 am

എന്റെ കഞ്ഞിയില്‍ പാറ്റയിടരുതെന്ന് അന്ന് ഞാന്‍ രാജുവേട്ടനോട് പറഞ്ഞു: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടി ഇന്ന് പാന്‍ ഇന്ത്യന്‍ റീച്ച് സ്വന്തമാക്കിയ നടനാണ് ടൊവിനോ തോമസ്. സഹനടനായും വില്ലനായും വേഷമിട്ട ടൊവിനോയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചുതുടങ്ങിയത് പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം ടൊവിനോക്ക് വലിയ റീച്ച് നേടിക്കൊടുത്തു.

പൃഥ്വിരാജ് ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ലൂസിഫറിലും ടൊവിനോക്ക് മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. ജതിന്‍ രാംദാസ് എന്ന കഥാപാത്രം വെറും മൂന്ന് സീനിലൂടെ വലിയ ഇംപാക്ടാണ് ലൂസിഫറില്‍ ഉണ്ടാക്കിയത്. രണ്ടാം ഭാഗമായ എമ്പുരാനിലും ടൊവിനോയുടെ സാന്നിധ്യമുണ്ട്. എമ്പുരാനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ടൊവിനോ തോമസ്.

ലൂസിഫറില്‍ ജതിന്‍ രാംദാസ് ഉള്ളതുകൊണ്ട് എമ്പുരാനിലും ജതിന്റെ ആവശ്യമുണ്ടെന്ന് ടൊവിനോ പറഞ്ഞു. തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേദികളില്‍ പറഞ്ഞിട്ടുള്ളത് ലൂസിഫറിലെ ഡയലോഗായിരുന്നെന്നും എണ്ണമറ്റ വേദികളില്‍ ആ ഡയലോഗ് പറഞ്ഞിട്ടുണ്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒരു തവണ പൃഥ്വിരാജ് ആ ഡയലോഗ് പറഞ്ഞെന്നും തന്റെ കഞ്ഞിയില്‍ പാറ്റയിടരുതെന്ന് പൃഥ്വിരാജിനോട് പറഞ്ഞെന്നും ടൊവിനോ പറയുന്നു.

എമ്പുരാനിലേക്കെത്തുമ്പോള്‍ സിനിമയുടെ ലോകം വളരെ വലുതായെന്നും തന്റെ കഥാപാത്രവും വളരെ വലുതാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ലൂസിഫറില്‍ തനിക്ക് മോഹന്‍ലാലുമായി കോമ്പിനേഷന്‍ സീനൊന്നും ഇല്ലായിരുന്നെന്നും എന്നാല്‍ എമ്പുരാനില്‍ തങ്ങള്‍ക്ക് കോമ്പിനേഷനുണ്ടെന്നും ടൊവിനോ പറഞ്ഞു. എമ്പുരാനിലെ ഏറ്റവും മികച്ച മൊമന്റുകളിലൊന്നാണ് ആ സീനെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. എമ്പുരാന്റെ ക്യാരക്ടര്‍ റിവീലിങ് വീഡിയോയിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.

‘ലൂസിഫറിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു ജതിന്‍ രാംദാസ്. എമ്പുരാനിലും ആ കഥാപാത്രം കൂടുതല്‍ പവര്‍ഫുള്ളായി തന്നെയുണ്ട്. എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റേജുകളില്‍ പറഞ്ഞിട്ടുള്ളത് ലൂസിഫറിലെ ‘മുണ്ട് മടക്കിക്കുത്താനറിയാം’ എന്ന ഡയലോഗാണ്. എണ്ണമറ്റ വേദികളില്‍ ഞാന്‍ ആ ഡയലോഗ് പറഞ്ഞിട്ടുണ്ട്. ഒരു തവണ രാജുവേട്ടനും ആ ഡയലോഗ് ഏതോ സ്‌റ്റേജില്‍ പറഞ്ഞിട്ടുണ്ട്.

എന്റെ കഞ്ഞിയില്‍ പാറ്റയിടരുത് എന്നാണ് ഞാന്‍ അന്ന് രാജുവേട്ടനോട് പറഞ്ഞത്. ലൂസിഫറില്‍ നിന്ന് എമ്പുരാനിലേക്കെത്തുമ്പോള്‍ ആ സിനിമയുടെ ലോകവും എന്റെ ക്യാരക്ടറും വലുതായിട്ടുണ്ട്. ലൂസിഫറില്‍ എനിക്കും ലാലേട്ടനും കോമ്പിനേഷന്‍ സീനൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ എമ്പുരാനില്‍ ഞങ്ങള്‍ ഒരുമിച്ചുള്ള സീനുണ്ട്. ഈ സിനിമയിലെ ഏറ്റവും ഇംപോര്‍ട്ടന്റായിട്ടുള്ള സീനുകളിലൊന്നാണ് അത്,’ ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas about his character in Empuraan movie

We use cookies to give you the best possible experience. Learn more