| Tuesday, 14th January 2025, 8:48 pm

ആ മോഹൻലാൽ ചിത്രത്തെ കുറിച്ച് സംവിധായകന് നല്ല ധാരണയുണ്ട്, രോമാഞ്ചം തോന്നുന്ന പരിപാടികളൊക്കെ കാണാം: ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്.

തന്റെ ഇഷ്ടനടനെ കാണാനാഗ്രഹിക്കുന്ന രീതിയില്‍ പൃഥ്വിരാജ് ആദ്യചിത്രത്തില്‍ തന്നെ അവതരിപ്പിച്ചത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒടിയൻ എന്ന വലിയ പരാജയ ചിത്രത്തിന് ശേഷം മോഹൻലാൽ ഗംഭീര തിരിച്ചുവരവ് നടത്തിയ സിനിമയായിരുന്നു ലൂസിഫർ. മുരളി ഗോപിയുടെ രചനയിൽ പിറന്ന ചിത്രത്തിൽ മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ് തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ചിരുന്നു.

ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി ലൂസിഫര്‍ മാറി. ആദ്യഭാഗത്തെക്കാള്‍ വലിയ രീതിയിലാണ് പൃഥ്വിരാജ് എമ്പുരാന്‍ അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മാർച്ച് 27 ന് എമ്പുരാൻ പ്രേക്ഷകർക്ക് മുന്നിലെത്തും. എമ്പുരാനെ കുറിച്ച് സംസാരിക്കുകയാണ് ഒന്നാംഭാഗത്തിൽ ജാതിന് രാംദാസ് എന്ന കഥാപാത്രമായി എത്തിയ ടൊവിനോ തോമസ്.

എമ്പുരാനെ കുറിച്ച് സംവിധായകൻ പൃഥ്വിരാജിന് വ്യക്തമായ ധാരണയുണ്ടെന്നും അതുകൊണ്ട് തന്നെ സിനിമയിൽ അഭിനയിക്കുമ്പോൾ യാതൊരു ടെൻഷനുമില്ലായിരുന്നുവെന്നും ടൊവിനോ പറയുന്നു. ലൂസിഫർ പോലെ രോമാഞ്ചം തോന്നുന്ന സീനുകൾ എമ്പുരാനിലും ഉണ്ടാവുമെന്നും അതെല്ലാം പ്രേക്ഷകരാണ് തീരുമാനിക്കേണ്ടതെന്നും പൃഥ്വി കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയിരുന്നു ടൊവിനോ.

‘അതിന്റെ സംവിധായകൻ ആ സിനിമയെ കുറിച്ച് നല്ല ധാരണയുണ്ട്. എന്താണ് ആ സിനിമ അച്ചീവ് ചെയ്യേണ്ടതെന്നും ഏത് രീതിയിലാണ് ഷൂട്ട് ചെയേണ്ടതെന്നല്ല വ്യക്തമായ ധാരണയുള്ള ആളാണ് പൃഥ്വിരാജ്. അതുകൊണ്ട് തന്നെ അതിൽ അഭിനയിക്കുന്ന എനിക്കൊന്നും ഒരു ടെൻഷനും ഇല്ലായിരുന്നു.

കാരണം പുള്ളിയത് പ്രോപ്പറായിട്ട് ചെയ്തിട്ടുണ്ട്. രോമാഞ്ചം തോന്നുന്ന സീനുകൾ എമ്പുരാനിലും എന്തായാലും ഉണ്ടാവുമെന്ന് ഉറപ്പാണ്. ഉണ്ടാവേണ്ടതാണ്. അങ്ങനെ രോമാഞ്ചം ഉണ്ടാവുമോ ഇല്ലയോ എന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. അവരാണ് അത് കണ്ടെത്തേണ്ടത്. പക്ഷെ അതിനുള്ള പരിപാടിയൊക്കെ ആ സിനിമയിലുണ്ട് എന്നാണ് എന്റെ വിശ്വാസം,’ടൊവിനോ തോമസ് പറയുന്നു.

ആശീർവാദ് സിനിമാസ് നിർമിക്കുന്ന സിനിമ മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ഒരുങ്ങുന്നത്. ആശീർവാദ് സിനിമാസ് സിൽവർ ജൂബിലി ആഘോഷിക്കുന്ന ജനുവരി 25 ന് ചിത്രത്തിന്റെ ഒരു ടീസർ പുറത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ വിവരം.

Content Highlight: Tovino Thomas About Empuran Movie

We use cookies to give you the best possible experience. Learn more