സിനിമാപാരമ്പര്യമൊന്നുമില്ലാതെ വന്ന് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ സ്ഥാനം നേടിയ നടനാണ് ടൊവിനോ തോമസ്. അസിസ്റ്റന്റ് ഡയറക്ടറായി കരിയറാരംഭിച്ച ടൊവിനോ ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയര്‍ന്നുവന്ന് നായകവേഷത്തില്‍ തിളങ്ങുകയായിരുന്നു. മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ റീച്ചും സ്വന്തമാക്കിയ ടൊവിനോ മികച്ച സ്‌ക്രിപ്റ്റ് സെലക്ഷനിലൂടെ ഞെട്ടിക്കുകയാണ്.
ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ പള്ളിച്ചട്ടമ്പി റിലീസിന് തയാറെടുക്കുകയാണ്. ഒന്നിന് പിന്നാലെ ഒന്നായി ബിഗ് ബജറ്റ് സിനിമകള്‍ ചെയ്ത് സ്റ്റാര്‍ എന്ന ലെവലിലേക്ക് ടൊവിനോ ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ സ്റ്റാര്‍ എന്നതിലപ്പുറം നല്ലൊരു നടന്‍ എന്ന പേരില്‍ അറിയപ്പെടാനാണ് താന്‍ അഗ്രഹിക്കുന്നതെന്ന് ടൊവിനോ പറഞ്ഞു. ഭരദ്വാജ് രംഗനുമായി സംസാരിക്കുകയായിരുന്നു താരം.
ടൊവിനോ തോമസ് Photo: Screen grab/ Galatta Plus
ബിഗ് ബജറ്റ് സിനിമകള്‍ ചെയ്തുകൊണ്ട് മോളിവുഡില്‍ സ്റ്റാര്‍ എന്ന ലെവലിലേക്ക് ഉയര്‍ന്നു എന്ന് ഭരദ്വാജ് രംഗന്റെ വാക്കുകളെ ടൊവിനോ തിരുത്തി. സ്റ്റാര്‍ എന്ന് മറ്റുള്ളവര്‍ വിശേഷിപ്പിച്ചാലും സ്വയം ഒരു നല്ല നടന്‍ എന്നറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ടൊവിനോ പറഞ്ഞു. അതിന് വേണ്ടിയാണ് നല്ല സ്‌ക്രിപ്റ്റുകള്‍ സെലക്ട് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒന്നിന് പിന്നാലെ ഒന്നായി ഞാന്‍ ചെയ്യുന്ന സിനിമകള്‍ ബിഗ് ബജറ്റായത് എന്റെ കഴിവല്ല. അത് ഞാന്‍ എന്ന നടന്റെ ബാങ്കബിലിറ്റി കൊണ്ടാണ്. എന്നെ നായകനാക്കി സിനിമ ചെയ്യുമ്പോള്‍ മുടക്കിയ പൈസ തിരിച്ചുകിട്ടുമെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടാകും. ഒരിക്കലും സൂപ്പര്‍സ്റ്റാര്‍ എന്ന ലെവലിലേക്ക് എത്തണമെന്ന് ആഗ്രഹിച്ചിട്ടില്ല.
വലിയ സിനിമകള്‍ മാത്രമല്ല, ചെറിയ സിനിമകളും ഒരുപോലെ ചെയ്തുകൊണ്ട് മുന്നോട്ടുപോകാനാണ് ആഗ്രഹം. അതിന്റെ ഉദാഹരണമാണ് അദൃശ്യ ജാലകങ്ങള്‍. ആ സിനിമ തിയേറ്ററില്‍ അധികം ഓടില്ലെന്നും കൊമേഴ്ഷ്യലി സക്‌സസ് ആകില്ലെന്നും അറിയാമായിരുന്നു. അതുകൊണ്ട് അത്തരം സിനിമകളില്‍ ഞാന്‍ എന്റെ പ്രതിഫലം കുറക്കും. അല്ലെങ്കില്‍ അതില്‍ ഞാന്‍ ഇന്‍വെസ്റ്റ് ചെയ്യാനും തയാറാകുമെന്ന് പറയും. അങ്ങനെയുള്ള സിനിമകളുടെ ഭാഗമാകനും എനിക്ക് ഇഷ്ടമാണ്,’ ടൊവിനോ പറയുന്നു.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പിയാണ് ടൊവിനോയുടെ പുതിയ ചിത്രം. 1950കളുടെ പശ്ചാത്തലത്തില്‍ കുന്നുംപുറം എന്ന മലയോരഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വിമോചന സമരത്തിന്റെ സമയത്ത് കുന്നുംപുറം ഗ്രാമത്തിലെ പള്ളിയെ സംരക്ഷിക്കാനെത്തുന്ന ചട്ടമ്പിയായാണ് ടൊവിനോ വേഷമിടുന്നത്. ഏപ്രില്‍ 10ന് തിയേറ്ററുകളിലെത്തുമെന്നറിയിച്ച ചിത്രം ഇലക്ഷന്‍ കാരണം 15ലേക്ക് റിലീസ് മാറ്റുകയായിരുന്നു.
Content Highlight: Tovino saying he want to be part of small films like Adrishya Jalakangal