| Saturday, 10th May 2025, 8:10 pm

ഫ്രണ്ട്‌സിനോട് കണ്ണ് കൊണ്ട് ഓരോന്ന് സംസാരിക്കാറില്ലേ, അതുപോലെ ലാലേട്ടന്‍ കാണിച്ച തമാശയാണത്: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്കെത്തി വളരെ വേഗത്തില്‍ മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച നടനാണ് ടൊവിനോ തോമസ്. ഗപ്പി എന്ന ചിത്രത്തിലൂടെ നായകവേഷം തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ ഇന്ന് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയ ടൊവിനോ മികച്ച സിനിമകളുടെ ഭാഗമാകാനാണ് എപ്പോഴും ശ്രമിക്കുന്നത്.

മോഹന്‍ലാലിനൊപ്പം ടൊവിനോ പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു എമ്പുരാന്‍. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായെത്തിയ എമ്പുരാന്‍ ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ വിജയമായി മാറി. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ മോഹന്‍ലാലും ടൊവിനോയും തമ്മില്‍ നടന്ന ആംഗ്യ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മോഹന്‍ലാല്‍ പറഞ്ഞത് എന്താകുമെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോഴിതാ ആ വീഡിയോക്ക് പിന്നിലുള്ള കഥ എന്താണെന്ന് പറയുകയാണ് ടൊവിനോ തോമസ്. സാധാരണ സുഹൃത്തുക്കള്‍ തമ്മിലുണ്ടാകാറുള്ളതുപോലെ സംഭാഷണങ്ങളായിരുന്നു തങ്ങള്‍ തമ്മില്‍ നടന്നതെന്ന് ടൊവിനോ തോമസ് പറഞ്ഞു.

അതില്‍ താന്‍ പറഞ്ഞ എന്തോ കാര്യത്തിന് രസകരമായ ഒരു റിയാക്ഷന്‍ മോഹന്‍ലാല്‍ നല്‍കിയെന്നും അത് ആരോ വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്നും ടോവിനോ കൂട്ടിച്ചേര്‍ത്തു. വലിയ കാര്യമുള്ള കാര്യങ്ങളല്ല തങ്ങള്‍ സംസാരിച്ചതെന്നും ആ സാഹചര്യത്തില്‍ അദ്ദേഹം കാണിച്ച തമാശയായിരുന്നു ആ റിയാക്ഷനെന്നും ടൊവിനോ പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

‘അത് ചുമ്മാ ഞങ്ങള്‍ എന്തോ തമാശ പറഞ്ഞതായിരുന്നു. ഇപ്പോള്‍ നമ്മള്‍ ഫ്രണ്ട്‌സിന്റെ കൂടെയിരിക്കുമ്പോള്‍ ഓരോ തമാശകള്‍ പറഞ്ഞ് ചിരിക്കാറില്ലേ. ആ സമയത്ത് സീരിയസായി ഒന്നും സംസാരിക്കാറില്ലല്ലോ. അതുപോലെ ഞങ്ങള്‍ ഒരുമിച്ച് ഇരുന്ന സംസാരിച്ചപ്പോള്‍ വന്ന തമാശകളായിരുന്നു അത്. ആ സമയത്ത് ഞാന്‍ പറഞ്ഞ എന്തോ ഒരു കാര്യത്തിന് ലാലേട്ടന്‍ ഒരു റിയാക്ഷന്‍ തന്നുവെന്നേ ഉള്ളൂ.

അത് ആരോ വീഡിയോ എടുത്ത് വൈറലായി. വലിയ കാര്യമുള്ള കാര്യമായിരുന്നില്ല ആ സമയത്ത് സംസാരിച്ചത്. എന്തൊക്കെയോ തമാശ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. അതിനെ കൂടുതല്‍ രസകരമാക്കാന്‍ വേണ്ടി ലാലേട്ടന്‍ ഇട്ട റിയാക്ഷനായിരുന്നു അത്. അല്ലാതെ വേറൊന്നും ആ വീഡിയോയുടെ പിന്നിലില്ല,’ ടൊവിനോ തോമസ് പറഞ്ഞു.

Content Highlight: Tovino about the viral video with Mohanlal during Empuraan movie promotion

We use cookies to give you the best possible experience. Learn more