| Saturday, 24th May 2025, 12:21 pm

ആ നടന്‍ വിളിച്ചതിന് ശേഷം എന്റെ ഉള്ളിലെ എന്തോ ഒന്ന് സുഖപ്പെട്ടു: ടുറിസ്റ്റ് ഫാമിലി ഡയറക്ടര്‍ അബിഷന്‍ ജീവിന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ് ടൂറിസ്റ്റ് ഫാമിലി. ശശികുമാര്‍, സിമ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം നിരൂപക പ്രശംസകള്‍ക്കൊപ്പം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ടൂറിസ്റ്റ് ഫാമിലി നടത്തുന്നത്. വന്‍ ഹൈപ്പിലെത്തിയ സൂര്യയുടെ റെട്രോയെക്കാള്‍ കളക്ഷന്‍ തമിഴ്നാട്ടില്‍ നിന്ന് ടൂറിസ്റ്റ് ഫാമിലി സ്വന്തമാക്കി.

കഴിഞ്ഞ ദിവസം നടന്‍ സൂര്യ ടൂറിസ്റ്റ് ഫാമിലിയുടെ സംവിധായകന്‍ അബിഷാന്‍ ജീവിന്തിനെയും ചിത്രത്തില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവരെയും കണ്ടിരുന്നു. ഇപ്പോള്‍ സൂര്യയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെക്കുകയാണ് അബിഷാന്‍ ജീവിന്ത്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ സൂര്യയോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു.

‘എങ്ങനെയാണ് അത് വിശദീകരിക്കേണ്ടതെന്ന് എനിക്കറിയില്ല, പക്ഷേ എന്റെ ഉള്ളിലെ എന്തോ ഒന്ന് ഇന്ന് സുഖപ്പെട്ടു. സൂര്യ സാര്‍ എന്റെ പേര് വിളിച്ച് അദ്ദേഹത്തിന് എത്രമാത്രം ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു.

എന്റെ ഉള്ളിലെ കുട്ടി ഇപ്പോഴും 100-ാം തവണയും വാരണം ആയിരം കാണുന്നു. ഇന്ന് ആ കുട്ടി നന്ദിയോടെ കരയുകയാണ്. നന്ദി സാര്‍,’ അബിഷാന്‍ ജീവിന്ത് കുറിച്ചു.

കഴിഞ്ഞ ദിവസം ചിത്രത്തെ അഭിനന്ദിച്ച് എസ്.എസ്. രാജമൗലി രംഗത്തെത്തിയിരുന്നു. ഹൃദയം തൊട്ട സിനിമയാണ് ടൂറിസ്റ്റ് ഫാമിലിയെന്നും താന്‍ ഒരുപാട് ആസ്വദിച്ച് കണ്ടെന്നും രാജമൗലി പറഞ്ഞു. മനസ് നിറഞ്ഞ് ചിരിക്കാന്‍ കഴിയുന്ന ഒരുപാട് തമാശകള്‍ സിനിമയിലുണ്ടെന്നും അതോടൊപ്പം ഉള്ളില്‍ തട്ടുന്ന തരത്തില്‍ നല്ലൊരു കഥയുണ്ടെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചിരുന്നു.

Content Highlight: Tourist Family Movie Director  Abishan Jeevinth Talks About Suriya

We use cookies to give you the best possible experience. Learn more