അരിപ്പൊടിക്കോലങ്ങളുടെ, രഥോത്സവങ്ങളുടെ സ്വന്തം കല്‍പ്പാത്തി
DISCOURSE
അരിപ്പൊടിക്കോലങ്ങളുടെ, രഥോത്സവങ്ങളുടെ സ്വന്തം കല്‍പ്പാത്തി
ജിൻസി വി ഡേവിഡ്
Monday, 20th October 2025, 4:11 pm
ആധുനികവത്കരണത്തിനിടയിലും പാലക്കാട്ടെ കല്‍പ്പാത്തി അതിന്റെ പാരമ്പര്യവും സാംസ്‌കാരിക സ്വത്വവും സൂക്ഷ്മതയോടെ സംരക്ഷിക്കുകയാണ്. പൂര്‍വ്വിക പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പ്രാദേശിക ജനത ഉറച്ചുനില്‍ക്കുന്നു.

പാലക്കാട്ടെ ഉച്ചച്ചൂട് ഒന്ന് കുറഞ്ഞിട്ടുണ്ട്. കല്‍പ്പാത്തി പുഴയുടെ തീരത്ത് നിന്നും ഒഴുകിയെത്തുന്ന ഇളം കാറ്റ് അഗ്രഹാരങ്ങള്‍ക്ക് മുന്നിലുള്ള തുളസിത്തറയെ മെല്ലെ തഴുകി നീങ്ങി. തെരുവിലൂടെ നടക്കുമ്പോള്‍ കാറ്റിനൊപ്പം ഒഴുകി വരുന്ന വേദപാരായണ മന്ത്രങ്ങളും, വൈകുന്നേരത്തെ കാപ്പി കുടിച്ചുകൊണ്ട് സൊറ പറയുന്നവരുടെ ചിരികളും കേള്‍ക്കാം.

ഇതാണ് കല്‍പ്പാത്തി, പാലക്കാടിന്റെ കാശി അല്ലെങ്കില്‍ ദക്ഷിണ കാശി. ഗംഗാതീരത്തുള്ള കാശി വിശ്വനാഥ ക്ഷേത്രവുമായി വളരെയധികം സാമ്യമുള്ളതിനാലാണ് കാല്‍പ്പാത്തിക്ക് ദക്ഷിണ കാശി എന്ന പേര് വന്നത്.

ഏഴ് നൂറ്റാണ്ട് പഴക്കമുള്ള ഈ ഗ്രാമം കേരളത്തിലെ ഏറ്റവും പഴയ തെക്കന്‍ ബ്രാഹ്‌മണ അഗ്രഹാരങ്ങളിലൊന്നാണ്. ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലേക്ക് പലായനം ചെയ്‌തെത്തിയ തമിഴ് ബ്രാഹ്‌മണ കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത് അവര്‍ പ്രധാനമായും മായപുരം, കുംഭകോണം, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവരായിരുന്നു.

കേരളത്തിലേക്ക് യാത്ര തിരിച്ച അവരുടെ ലക്ഷ്യം കോഴിക്കോട് ആയിരുന്നെങ്കിലും യാത്രാമധ്യേ പാലക്കാട്ടിലെ ഭരണാധികാരിയായിരുന്ന കൊമ്പി അച്ചന്‍ അവര്‍ക്ക് ഭൂമി വാഗ്ദാനം ചെയ്തു.

രാജാവ് ഇവര്‍ക്കായി കല്‍പ്പാത്തിയിലെ നദീതീരത്ത് സ്ഥലമൊരുക്കി. അവര്‍ക്ക് അവിടെ സ്ഥിരമായി താമസിക്കാമെന്ന് ഉറപ്പ് നല്‍കി. പാലക്കാട് രാജാവിന്റെ സഹായം കൊണ്ട് അവര്‍ അവിടെയൊരു അഗ്രഹാരം പണിത്, താമസം തുടങ്ങിയെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

അഗ്രഹാരം എന്ന പദത്തിന്റെ അര്‍ത്ഥം ‘വീടുകളുടെ പൂമാല’ എന്നാണ്. അഗ്രഹാരങ്ങള്‍ സാധാരണയായി റോഡിന്റെ വശത്തോടു ചേര്‍ന്ന് നിരയായി കാണപ്പെടുന്നു. ഈ നിരയുടെ ഒത്ത നടുവില്‍ ഒരു അമ്പലവും കാണും. ഈ അമ്പലത്തിനു ചുറ്റും ഒരു പൂമാലപോലെ വീടുകള്‍ നിരന്നു നില്‍ക്കുന്നതുകൊണ്ടാണ് അഗ്രഹാരം എന്ന പേരുവന്നത്.

അഗ്രഹാരം

കഴിഞ്ഞ 500 വര്‍ഷമായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും പേരില്‍ മാത്രമല്ല കല്‍പ്പാത്തി അറിയപ്പെടുന്നത്. മറിച്ച്, ഈ തമിഴ് കുടിയേറ്റ ബ്രാഹ്‌മണ ഗ്രാമം കേരളത്തിലെ കര്‍ണാടക സംഗീതത്തിന്റെ കേന്ദ്രം എന്ന നിലയിലും അറിയപ്പെടുന്നുണ്ട്.

കാലക്രമേണ കല്‍പ്പാത്തിയിലെ അഗ്രഹാരം നാല് പ്രധാന പ്രദേശങ്ങളായി വികസിച്ചു. പഴയ കല്‍പ്പാത്തി, പുതിയ കല്‍പ്പാത്തി, ചാത്തപുരം, ഗോവിന്ദരാജപുരം എന്നിങ്ങനെയായാണ് ആ നാല് പ്രദേശങ്ങള്‍ അറിയപ്പെട്ടത്.

അവിടെയുള്ള വീടുകളെല്ലാം ഒരുപോലെ രൂപകല്‍പന ചെയ്തതായിരുന്നു. നടുവിലൂടെ നീളുന്ന വഴിയും ഇരുവശത്തുമുള്ള സമാനമായ വീടുകളും കാല്‍പ്പാത്തിയുടെ മാറ്റ് കൂട്ടി. ഈ വീടുകള്‍ കേരള-തമിഴ് ആര്‍ക്കിടെക്ചറുകളുടെ മനോഹര മിശ്രണമാണ്.

കേരളത്തിലെ ആദ്യ ഹെറിറ്റേജ് വില്ലേജ് ആയി പ്രഖ്യാപിക്കപ്പെട്ട ഗ്രാമമാണ് കല്‍പ്പാത്തി ഹെറിറ്റേജ് വില്ലേജ്. ഈ പദവി ലഭിച്ചത് കല്‍പ്പാത്തിയുടെ സൗന്ദര്യത്തിന് മാത്രമല്ല, മറിച്ച് അതിന്റെ പാരമ്പര്യത്തിനും സാംസ്‌കാരിക ആത്മാവിനുമാണ്.

സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ബോർഡ്

2008ലാണ് കല്‍പ്പാത്തിയെ ഹെറിറ്റേജ് വില്ലേജ് ആയി പ്രഖ്യാപിച്ചത്. അതിനുശേഷം സര്‍ക്കാര്‍ ഇവിടെ ‘Kalpathy Heritage Village Conservation-and-Development Program’ എന്ന പേരില്‍ ഒരു സംരക്ഷണ-വികസന പദ്ധതി നടപ്പാക്കുകയും ചെയ്തു.

ഈ പദ്ധതിയുടെ കീഴില്‍ പഴയ വീടുകളുടെ പുനരുദ്ധാരണത്തിനും പരിപാലനത്തിനും സാമ്പത്തിക സഹായം നല്‍കുകയും ക്ഷേത്രപ്രദേശത്തെയും നദിയ്ക്കരയെയും ഉള്‍പ്പെടുത്തി ഹെറിറ്റേജ് ട്രെയില്‍ പദ്ധതികള്‍ രൂപപ്പെടുത്തുകയും ചെയ്തു.

വീടുകള്‍ പുതുക്കുമ്പോള്‍ ആദി ആര്‍ക്കിടെക്ചറല്‍ ശൈലി നിര്‍ബന്ധമായും നിലനിര്‍ത്തുകയും ചെയ്തിരുന്നു. കൂടാതെ കല്‍പ്പാത്തിയുടെ സംസ്‌കാരവും ഭംഗിയും ആസ്വദിക്കാന്‍ വിദേശ, ആഭ്യന്തര സഞ്ചാരികള്‍ക്കായി സാംസ്‌കാരിക ടൂറിസം പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

അരിപ്പൊടിക്കോലങ്ങളുടെ ഭംഗിയും തുളസിത്തറയും അഗ്രഹാരവുമൊക്കെ കാണുന്നതിനോടൊപ്പം കാണേണ്ട മറ്റൊരു പ്രധാന കാര്യമാണ് കല്‍പ്പാത്തി രഥോത്സവം.

കോലംവര

കല്‍പ്പാത്തി രഥോത്സവം കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഉത്സവങ്ങളിലൊന്നാണ്. ഓരോ വര്‍ഷവും നവംബര്‍ മാസം ആരംഭിക്കുന്ന ഉത്സവം ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ്.

ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം വലിയ വലിപ്പമുള്ള രഥങ്ങള്‍ തന്നെയാണ്. ഏതൊരു വ്യക്തിയും ഒരിക്കലെങ്കിലും കാണേണ്ട ഭംഗിയും പ്രൗഢിയും സാംസ്‌കാരിക തനിമയും കല്‍പ്പാത്തി രഥോത്സവത്തിനുണ്ട്.

മനോഹരമായി അലങ്കരിച്ച ക്ഷേത്ര രഥങ്ങള്‍ ആയിരക്കണക്കിന് ഭക്തരായ അനുയായികള്‍ തെരുവുകളിലൂടെ വലിക്കുകയാണ് ചെയ്യുക. കല്‍പ്പാത്തി രഥോത്സവം വെറുമൊരു ഉത്സവമല്ല, അത് ഒരു ഗ്രാമത്തിന്റെ പാരമ്പര്യവും സംസ്‌കാരവും, ഭക്തിയും സംഗീതവുമെല്ലാമാണ്.

മായപുരത്ത് രഥോത്സവം നടക്കുമ്പോള്‍ തന്നെയാണ് കല്‍പ്പാത്തിയിലെയും രഥോത്സവം നടക്കുന്നതെന്ന് പാലക്കാട് കാല്‍പ്പാത്തിക്കരനായ കരിമ്പുഴ രാമന്‍ പറയുന്നു.

‘പെറ്റമ്മയെ മറക്കാതെ അതേസമയം പോറ്റമ്മയോടുള്ള സ്‌നേഹാദരങ്ങള്‍ ഒന്നും കുറയാതെ മായപുരത്തെ രഥോത്സവത്തിന്റെ അതെ സമയം തന്നെയാണ് കല്‍പ്പാത്തി രഥോത്സവവും നടക്കുന്നത്.

കാശിയില്‍ നിന്നും ബാണലിംഗവുമായെത്തിയ ശേഖരപുരത്തുകാരിയായ ബ്രഹ്‌മണ സ്ത്രീ പാലക്കാട് രാജാവിനോട് ബാണലിംഗം പ്രതിഷ്ഠിക്കണമെന്നും അതിനായി 100 സ്വര്‍ണനാണയം അദ്ദേഹത്തിന് കൈമാറുകയും ചെയ്തു.

അങ്ങനെ പ്രതിഷ്ഠ നടത്തിയതാണ് പാലക്കാട് കാല്‍പ്പാത്തിയിലെ വിശാലാക്ഷി സാമവേദം വിശ്വനാഥ സ്വാമി ക്ഷേത്രം.

പാലക്കാടുള്ള തമിഴ് ബ്രഹ്‌മണരുടെ ആദ്യത്തെ താമസസ്ഥലമായ പഴയിലപ്പാത്ത് ലക്ഷ്മി നാരായണപ്പെരുമാള്‍, ചാത്തപുരം മഹാഗണപതി, പാലക്കാട് പുതിയ കല്‍പ്പാത്തി മന്ദക്കര മഹാഗണപതി, പിന്നെ വിശാലാക്ഷി സമേതം വിശ്വനാഥ സ്വാമി എന്നീ രഥങ്ങളാണ് രഥോത്സവത്തില്‍ ഉണ്ടാവുക.

വിശ്വനാഥസ്വാമിയുടെ രഥം, വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ സഹ പ്രതിഷ്ഠകളായ മഹാഗണപതിയുടെ രഥം, വള്ളി-ദേവായനി സമേതമായ സുബ്രഹ്‌മണ്യ സ്വാമി രഥം, മന്ദക്കര മഹാഗണപതിയുടെ വലിയ രഥം, പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണപെരുമാളിന്റെ രഥം, ചാത്തപുരം മഹാഗണപതിയുടെ രഥം എന്നിവയാണ് ഒന്നാം തേര്, രണ്ടാം തേര്, മൂന്നാം തേര് എന്നിവക്കായി എഴുന്നള്ളുക.

ഒന്നാം തേര് ദിവസം, കല്‍പ്പാത്തി വിശാലാക്ഷി സമേതം വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ഉപദേവന്മരമായ മഹാഗണപതി, പിന്നെ വള്ളി-ദേവായനി സമേതമായ സുബ്രഹ്‌മണ്യ സ്വാമി എന്നിവരുടെ രഥം പുതിയ കല്‍പ്പാത്തി ഗ്രാമത്തില്‍ വലിച്ച് നിര്‍ത്തും. അന്ന് വൈകീട്ട് അത് അച്ഛന്‍ പടി വരെ വലിച്ച് നിര്‍ത്തുകയും ചെയ്യും.

രണ്ടാം ദിവസം മന്ദക്കര മഹാഗണപതിയുടെ രഥം വരും. ഈ രഥം പുതിയ കല്‍പ്പാത്തി ഗ്രാമത്തില്‍ മാത്രമേ പോവുകയുള്ളു. ബാക്കിയുള്ള എല്ലാ രഥങ്ങളും നാല് ഗ്രാമങ്ങളായ പഴയ കല്‍പ്പാത്തി, പുതിയ കല്‍പ്പാത്തി, ചാത്തപ്പുരം പന്ത്രണ്ടാം തെരുവ്, തുടങ്ങിയ ഗ്രാമവീഥികളിലൂടെ പോകും.

മൂന്നാം തീയതി ദിവസം പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണപ്പെരുമാള്‍, ചാത്തപ്പുരം മഹാഗണപതി, പുതിയ കല്‍പ്പാത്തി മന്ദക്കര മഹാഗണപതി, പഴയ കാല്‍പ്പാത്തിയിലെത്തി നില്‍ക്കുന്ന വിശ്വനാഥ ക്ഷേത്രത്തിന്റെ മൂന്ന് രഥങ്ങള്‍ എന്നിവയെല്ലാം എല്ലാ ഗ്രാമങ്ങളിലും എഴുന്നള്ളത്ത് നടത്തും.

അന്ന് വൈകീട്ടോടുകൂടി കല്‍പ്പാത്തി രഥോത്സവത്തിന് തിരശീല വീഴും. അടുത്ത ദിവസം ചണ്ഡാലഭിഷേകം നടക്കും അതോടെ കൊടിയിറങ്ങും. അതോടുകൂടി ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന കല്‍പ്പാത്തി രഥോത്സവത്തിന് അവസാനമാകും.

അഞ്ചാം ദിവസമായ അഞ്ചാം തിരുന്നാളിന്റെ രാത്രി പതിനൊന്നര മണിക്ക് നടക്കുന്ന അഞ്ച് ദേവന്മാരുടെ രഥസംഗമമാണ് ശരിക്കുള്ള രഥ സംഗമം. ഇന്ന് പത്രങ്ങള്‍ പറയുന്ന മൂന്നാം ദിവസം നടക്കുന്ന രഥസംഗമം അല്ല ശരിക്കുള്ളത്.

കൊടി കയറി അഞ്ചാം ദിവസം രാത്രി പതിനൊന്നരയോട് കൂടി പുതിയ കല്‍പ്പാത്തി ഗ്രാമത്തില്‍ അഞ്ച് ദേവന്മാരുടെ രഥസംഗമം നടക്കും,’ കരിമ്പുഴ രാമന്‍ പറഞ്ഞു.

ആധുനികവത്കരണത്തിനിടയിലും പാലക്കാട്ടെ കല്‍പ്പാത്തി അതിന്റെ പാരമ്പര്യവും സാംസ്‌കാരിക സ്വത്വവും സൂക്ഷ്മതയോടെ സംരക്ഷിക്കുകയാണ്. പൂര്‍വ്വിക പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പ്രാദേശിക ജനത ഉറച്ചുനില്‍ക്കുന്നു.

ഒരു യഥാര്‍ത്ഥ സാംസ്‌കാരിക അനുഭവം തേടുന്നവര്‍ കാല്‍പ്പാത്തിയെ ഒരിക്കലും വിട്ടുകളയരുത്.

കല്‍പ്പാത്തിയില്‍ ഓരോ വീടിനും ഒരു കഥയുണ്ട്. ഇവിടെ കാലം കുതിച്ചുപായുകയല്ല, പുഞ്ചിരിച്ചുകൊണ്ട് അല്പം മന്ദമായി നടന്നു പോകുകയാണ്.

 

Content Highlight: Tourist Destination: Kalpathy

 

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം