പരുന്ത് മുതല്‍ സ്പര്‍സ് വരെ; ഫുട്‌ബോളില്‍ ഇത് പക്ഷികളുടെ സീസണ്‍
Sports News
പരുന്ത് മുതല്‍ സ്പര്‍സ് വരെ; ഫുട്‌ബോളില്‍ ഇത് പക്ഷികളുടെ സീസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd May 2025, 4:08 pm

മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ഒരു യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം എസ്റ്റാഡിയോ ഡെ സാന്‍ മാമ്‌സില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്താണ് സ്പര്‍സ് യൂറോപ്പ ലീഗ് കിരീടമണിഞ്ഞത്.

1984ന് ശേഷം ഇതാദ്യമായാണ് സ്പര്‍സ് യൂറോപ്പ ലീഗ് സ്വന്തമാക്കുന്നത്. ടീമിന്റെ മൂന്നാം യൂറോപ്പ ലീഗാണിത്, 2007/08 സീസണിന് ശേഷം സ്വന്തമാക്കുന്ന ആദ്യ കിരീടവും! ഇതിന് മുമ്പ് 2008ല്‍ നേടിയ ഫുട്‌ബോള്‍ ലീഗ് കപ്പാണ് സ്പര്‍സിന്റെ ഷോകെയ്‌സിലെത്തിയ അവസാന കിരീടം.

യൂറോപ്പ ലീഗില്‍ ചുവന്ന ചെകുത്താന്‍മാരെ പരാജയപ്പെടുത്തി സ്പര്‍സ് കിരീടമണിഞ്ഞതോടെ ഒരു വല്ലാത്ത യാദൃശ്ചികത കൂടിയാണ് തുടര്‍ന്നിരിക്കുന്നത്. തങ്ങളുടെ ക്രെസ്റ്റില്‍ പക്ഷികളുടെ ചിഹ്നങ്ങളുള്ളതോ പക്ഷികളുടെ വിളിപ്പേരുള്ളതോ ആയ ഇംഗ്ലീഷ് ടീമുകള്‍ ഏറെ കാലമായി തുടര്‍ന്നുപോന്ന തങ്ങളുടെ കിരീടവരള്‍ച്ച അവസാനിപ്പിച്ചിരിക്കുകയാണ്.

പ്രീമിയര്‍ ലീഗ് സൂപ്പര്‍ ടീമായ ക്രിസ്റ്റല്‍ പാലസിന്റെ നേട്ടമാണ് ഇതില്‍ എടുത്തുപറയേണ്ടത്. എഫ്.എ കപ്പിന്റെ കലാശപ്പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഈഗിള്‍സ് കപ്പുയര്‍ത്തിയത്.

ടോപ് ലീഗില്‍ ഈഗിള്‍സ് നേടുന്ന ആദ്യ കിരീടമാണിത്. സെക്കന്‍ഡ് ഡിവിഷനില്‍ രണ്ട് തവണയും തേര്‍ഡ് ടയറില്‍ ഒരിക്കലും കിരീടമണിഞ്ഞതാണ് ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ എടുത്ത് പറയാനുണ്ടായിരുന്ന നേട്ടങ്ങള്‍.

പ്രീമിയര്‍ ലീഗിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ടതിന് ശേഷം ഒറ്റ കിരീടം പോലും നേടാനായിട്ടില്ല എന്ന ആരാധകരുടെ കണ്ണീരിന് കൂടിയാണ് വെംബ്ലി സ്റ്റേഡിയത്തില്‍ ടീം വിരാമമിട്ടത്.

ന്യൂകാസില്‍ യുണൈറ്റഡാണ് ഇക്കൂട്ടത്തിലെ അടുത്ത ടീം. ടീമിന്റെ ക്രെസ്റ്റിലോ ലോഗോയിലോ പക്ഷികളുടെ സാന്നിധ്യമില്ലെങ്കിലും മാഗ്പീ പക്ഷികളെന്നാണ് ന്യൂകാസിലിന്റെ വിളിപ്പേര്. ബ്രസീല്‍ ദേശീയ ടീമിനെ കാനറികളെന്നും ബ്രൈറ്റണ്‍ എഫ്.സിയെ സീഗള്‍സ് എന്നും വിളിക്കുന്നത് പോലെ ന്യൂകാസിലിനെ ദി മാഗ്പീസ് എന്നാണ് ആരാധകര്‍ സ്‌നേഹപൂര്‍വം വിളിക്കുന്നത്.  ന്യൂകാസിലിന്റെ പഴയ ക്രസ്റ്റില്‍ ഈ പക്ഷികളുടെ സാന്നിധ്യമുണ്ടായിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

1954/55 സീസണിന് ശേഷം ടോപ് ടയര്‍ ലീഗിലെ ആദ്യ കിരീടമാണ് ഈ സീസണില്‍ ടീം സ്വന്തമാക്കിയത്. അതും ഇതുവരെയില്ലാതിരുന്ന ഇംഗ്ലീഷ് ലീഗ് കിരീടം സ്വന്തമാക്കിയാണ് ന്യൂകാസില്‍ കിരീടവരള്‍ച്ച അവസാനിപ്പിച്ചത്.

മാര്‍ച്ച് 16ന് കരുത്തരായ ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് ന്യൂകാസില്‍ കിരീടമണിഞ്ഞത്.

നാല് തവണ പ്രീമിയര്‍ ലീഗ് കിരീടവും ആറ് തവണ എഫ്. എ കപ്പും നേടിയ ടീമാണ് മാഗ്പീസ്. എന്നാല്‍ അതെല്ലാം പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കാര്യങ്ങളാണ്.

1926/27 സീസണിലാണ് ടീം അവസാനമായി പ്രീമിയര്‍ ലീഗ് സ്വന്തമാക്കുന്നത്. അവസാന എഫ്.എ കപ്പ് ആകട്ടെ 1954/55 സീസണിലും! ഇപ്പോള്‍ കാലങ്ങളായുള്ള കിരീടവരള്‍ച്ചയാണ് ന്യൂകാസിലും അവസാനിപ്പിച്ചിരിക്കുന്നത്.

കിരീടവരള്‍ച്ച അവസാനിപ്പിച്ചതല്ലെങ്കില്‍ കൂടിയും ലിവര്‍പൂളിന്റെ ലീഗ് വിജയവും ഇതോടൊപ്പം ചേര്‍ത്തുവെക്കാം. ലിവര്‍പൂള്‍ ക്രസ്റ്റിലെ റെഡ് ബേര്‍ഡ് തന്നെയാണ് ഈ കൂട്ടിച്ചേര്‍ക്കലിന് കാരണവും.

Content Highlight: Tottenham Hotspur, Crystal Palace, Newcastle FC, and Liverpool have won titles in various tournaments.