അടിക്ക് മുകളില്‍ മറ്റൊരു അടി എന്ന തരത്തിലാണ് വിജയ് നായകനാകുന്ന ജന നായകന് നേരിടേണ്ടി വരുന്നത്. വണ്‍ ലാസ്റ്റ് ഡാന്‍സ് എന്ന ടാഗ്‌ലൈനോടെ ഒരുങ്ങിയ ചിത്രം റിലീസിന് രണ്ട് ദിവസം മുമ്പാണ് പ്രതിസന്ധികള്‍ നേരിട്ട് തുടങ്ങിയത്. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതിനാല്‍ റിലീസ് മാറ്റിവെക്കേണ്ട അവസ്ഥ വരികയായിരുന്നു.
ജനുവരിയില്‍ തന്നെ ചിത്രം തിയേറ്ററിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ കോടതിയെ വരെ സമീപിച്ചെങ്കിലും അനുകൂലമായ വിധി വരാന്‍ കാലതാമസമെടുത്തതിനാല്‍ കേസും പിന്‍വലിച്ചു. ഇലക്ഷന് ശേഷമെങ്കിലും ചിത്രം തിയേറ്റിലെത്തിക്കാമെന്ന മോഹങ്ങള്‍ക്ക് തിരിച്ചടിയായിക്കൊണ്ട് കഴിഞ്ഞദിവസം ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കാവുകയും ചെയ്തു.
മൂന്ന് മണിക്കൂറുള്ള ചിത്രത്തിന്റെ എച്ച്.ഡി പ്രിന്റാണ് എക്‌സില്‍ ലീക്കായത്. നിര്‍മാതാക്കള്‍ വളരെ വേഗം തന്നെ പ്രിന്റ് നീക്കം ചെയ്‌തെങ്കിലും പ്രധാന ഭാഗങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വിജയ്‌യുടെ ഇന്‍ട്രോ, ഇന്റര്‍വെല്‍, ക്ലൈമാക്‌സ് എന്നിവയടക്കം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയില്‍ ടോറന്റ് സൈറ്റായ തമിഴ് എം.വി പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
‘ഇപ്പോള്‍ ഒരു നടനുമായി ബന്ധപ്പെട്ട് നടക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് നല്ല ബോധമുണ്ട്. ഞങ്ങളുടെ ‘എത്തിക്‌സ്’ അനുസരിച്ച് ഈ സിനിമ തിയേറ്ററില്‍ റിലീസായതിന് ശേഷം മാത്രമേ ഞങ്ങള്‍ അപ്‌ലോഡ് ചെയ്യുകയുള്ളൂ. ഒഫിഷ്യല്‍ റിലീസിന് മുമ്പ് ഈ ചിത്രം ഞങ്ങള്‍ ഷെയര്‍ ചെയ്യില്ല’ എന്നാണ് സൈറ്റിന്റെ ഹോംപേജില്‍ ഡിസ്‌പ്ലേ ചെയ്തത്.
ഇത് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. കരിക്കിന്റെ ‘ഹാപ്പി ഓണം’ എപ്പിസോഡില്‍ പ്രഛന്നന്‍ പ്രകാശന്‍ പറയുന്ന ‘കള്ളന്‍… അത് മതി, എത്തിക്‌സുള്ള കള്ളന്‍, അത് വേണ്ട. ആ കോഴ്‌സ് ഇവിടെ പഠിപ്പിക്കുന്നില്ല’ എന്ന ഡയലോഗും ഈ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചുകൊണ്ടുള്ള റീല്‍ മലയാളം പേജുകളില്‍ വൈറലായിരിക്കുകയാണ്.
തമിഴ് പേജുകള്‍ പങ്കുവെക്കുന്നത് മറ്റൊരു വീഡിയോയാണ്. അയന്‍ എന്ന ചിത്രത്തില്‍ പ്രഭുവിന്റെ ദാസ് എന്ന കഥാപാത്രം പറയുന്ന ‘കോടിക്കണക്കിന് രൂപ കിട്ടിയാലും ചില കാര്യങ്ങള്‍ ഞാന്‍ ചെയ്യില്ല. അതിലൊന്നാണ് ഇത്’ എന്ന ഡയലോഗും കരുണാസിന്റെ കഥാപാത്രം പറയുന്ന ‘ചെയ്യുന്നത് കള്ളക്കടത്ത്, അതില്‍ ന്യായവും ധര്‍മവും നോക്കുന്നോ’ എന്ന ഡയലോഗ് മിക്‌സ് ചെയ്തുകൊണ്ടുള്ള വീഡിയോയാണ് തമിഴ് പേജില്‍ വൈറലായത്.
ഇലക്ഷന് മുമ്പ് തന്റെ പൊളിറ്റിക്കല്‍ പ്രൊപ്പഗണ്ട ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടിയാണ് വിജയ് ജന നായകന്‍ ചെയ്തതെന്നും എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തത് തിരിച്ചടിയായെന്നും ആദ്യമേ അഭിപ്രായമുണ്ടായിരുന്നു. ഇപ്പോള്‍ ചിത്രം ലീക്കായതിന് പിന്നിലും വിജയ്‌യും അദ്ദേഹത്തിന്റെ ടീമുമാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.