മണികണ്ഠന്‍ മുതല്‍ മാത്യു ദേവസി വരെ; കഴിഞ്ഞ പത്ത് വര്‍ഷത്തെ പത്ത് മികച്ച മമ്മൂട്ടി കഥാപാത്രങ്ങള്‍
Film News
മണികണ്ഠന്‍ മുതല്‍ മാത്യു ദേവസി വരെ; കഴിഞ്ഞ പത്ത് വര്‍ഷത്തെ പത്ത് മികച്ച മമ്മൂട്ടി കഥാപാത്രങ്ങള്‍
അമൃത ടി. സുരേഷ്
Friday, 24th November 2023, 9:25 pm

ഇന്ത്യയില്‍ ഒരു സൂപ്പര്‍ സ്റ്റാറിനും അവകാശപ്പെടാനാവാത്ത തരം വ്യത്യസ്തതയാണ് തന്റെ സിനിമാ കരിയറില്‍ മമ്മൂട്ടി ചെയ്തിരിക്കുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി. ആ നിരയിലേക്ക് ഏറ്റവും പുതുതായി ഇടംപിടിച്ചിരിക്കുന്ന കഥാപാത്രമാണ് കാതല്‍ ദി കോറിലെ മാത്യു ദേവസി. കഥാപാത്ര നിര്‍മിതിയിലും കോണ്ടന്റിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകഹൃദയത്തിലേക്ക് ഇടംപിടിച്ചിരിക്കുകയാണ് മാത്യു ദേവസി.

കഴിഞ്ഞ പത്ത് വര്‍ഷത്തെ മമ്മൂട്ടി കഥാപാത്രങ്ങള്‍ മാത്രമെടുത്താല്‍ വലിയൊരു വൈവിധ്യം അതില്‍ കാണാനാവും. പുതിയ കാലം ആവശ്യപ്പെടുന്ന ഇന്‍ക്ലൂസിവ് പൊളിടിക്‌സാണ് ഈ കൂട്ടത്തിലെ കഥാപാത്രങ്ങളും ചിത്രങ്ങളും പറയുന്നത്. 90കളിലും 2000ങ്ങളിലും തന്റെ ചിത്രങ്ങള്‍ തന്നെ നിര്‍മിച്ച സവര്‍ണ ജാതീയ ആണ്‍നിര്‍മിതികളെ തന്റെ പുതിയ ചിത്രങ്ങളിലൂടെ പൊളിച്ചെഴുതുകയാണ് മമ്മൂട്ടി. കഴിഞ്ഞ പത്ത് വര്‍ഷം ഇറങ്ങിയതില്‍ അങ്ങനെ വ്യത്യസ്തവും മികച്ചതുമായ പത്ത് മമ്മൂട്ടി കഥാപാത്രങ്ങള്‍ പരിചയപ്പെടാം. ഇതൊരു റാങ്കിങ് അല്ല, പകരം മികച്ച പത്ത് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണെന്ന് പറഞ്ഞുകൊള്ളട്ടെ.

ജെയിംസില്‍ നിന്നും സുന്ദരത്തിലേക്ക് മമ്മൂട്ടി പരകായ പ്രവേശം നടത്തിയ നന്‍പകല്‍ നേരത്ത് മയക്കമാണ് ഒന്നാമത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത് 2022ലാണ്. തീര്‍ത്ഥാടന യാത്രക്കിടയില്‍ തമിഴ് ഗ്രാമത്തില്‍ വന്നിറങ്ങി ഒരു ചോളപ്പാടം കടന്നപ്പോള്‍ സുന്ദരമായ മമ്മൂട്ടി എന്ന പ്രതിഭയെ കണ്ട് പ്രേക്ഷകര്‍ ഒന്നുകൂടി ഞെട്ടി. ഭാഷയിലും വേഷത്തിലും പെരുമാറ്റത്തിലും സ്വഭാവത്തിലുമെല്ലാം വ്യത്യസ്തരായ ജെയിംസും സുന്ദരവും തമ്മിലുള്ള കോണ്‍ഫ്‌ളിക്റ്റ് മമ്മൂട്ടി അവതരിപ്പിച്ചു. പാട്ടും മേളവും ശല്യമാണെന്ന് പറയുന്ന, തമിഴ് ഭക്ഷണങ്ങളോ സംസ്‌കാരമോ ഇഷ്ടപ്പെടാത്ത ജയിംസിനേയും നാട്ടുകാരോടും വീട്ടുകാരോടും ഉള്ളുതുറന്ന് സംസാരിക്കുന്ന പാട്ട് പാടി ഡാന്‍സ് കളിക്കുന്ന സുന്ദരത്തേയും ഒരേ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചു. ഇരുവര്‍ക്കുമിടയിലെ സ്വത്വപ്രതിസന്ധി പ്രേക്ഷകരുടേതാക്കി മാറ്റാന്‍ മമ്മൂട്ടിക്കായി.

മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതികാരം ചെയ്ത റോഷാക്കിലെ ലൂക്ക് ആന്റണിയാണ് രാണ്ടാമത്തേത്. പ്രതിയോഗി മരിച്ചിട്ടും തീരാത്ത പ്രതികാരം അയാളുടെ കുടുംബത്തിന്റെ മുച്ചൂടും അവസാനിപ്പിക്കുന്നതിലേക്കാണ് ലൂക്ക് ആന്റണിയെ നയിച്ചത്. കൊല്ലുന്നതൊക്കെ പഴയ ഫാഷനാണ്, ആ ത്രില്ല് അപ്പോള്‍ തന്നെ തീരും, പ്രതിയോഗിയുടെ അവസാന ഓര്‍മയും തുടച്ചുനീക്കുന്നതാണ് ലൂക്ക് ആന്റണിയുടെ ലക്ഷ്യം. പ്രകടനത്തിലും കോണ്ടന്റിസും മേക്കിങ് ക്വാളിറ്റിയിലും മലയാളത്തിന് ലോകത്തിന് മുന്നിലേക്ക് വെക്കാവുന്ന സിനിമയാണ് നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക്.

പുഴുവിലെ കുട്ടനാണ് മൂന്നാമത്. താന്‍ തന്നെ കെട്ടിയാടിയ സവര്‍ണ ജാതീയ നായകന്മാര്‍ക്കുള്ള കൃത്യമായ മറുപടിയായിരുന്നു പുഴുവിലെ കുട്ടനിലൂടെ മമ്മൂട്ടി നല്‍കിയത്. മന്നാടിയാര്‍ ബ്രാഹ്‌മണനോ വൈശ്യനോ ശൂദ്രനോ എന്ന് പറഞ്ഞ മന്നാഡിയാരുള്‍പ്പെടെയുള്ള നായകന്മാരുടെ ഉള്ളിലെ പുഴുക്കുത്തുകളെ കുട്ടനിലൂടെ മമ്മൂട്ടി അവതരിപ്പിച്ചു. റത്തീന സംവിധാനം ചെയ്ത ചിത്രം 2022ലാണ് പുറത്ത് വന്നത്.

മമ്മൂട്ടി ആരാധകര്‍ക്ക് നീണ്ട നാളുകള്‍ക്ക് ശേഷം ലഭിച്ച മികച്ചൊരു മാസ് കഥാപാത്രമായ ഭീഷ്മ പര്‍വത്തിലെ മൈക്കിളപ്പയാണ് നാലാമത്. മഹാഭാരതത്തിലെ ഭീഷ്മരെ അഞ്ഞൂറ്റികുടുംബത്തിലെ മൈക്കിളിലേക്ക് സന്നിവേശിപ്പിച്ച അമല്‍ നീരദ് ഒരുക്കിയ മാസ് വിരുന്നായിരുന്നു ഭീഷ്മപര്‍വം.

മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാവാന്‍ സാധ്യതയുള്ള ഉണ്ടയിലെ മണികണ്ഠനാണ് അഞ്ചാമത്. മമ്മൂട്ടി മുമ്പ് ചെയ്തിട്ടുള്ള ആണത്തത്തിന്റെ മൂര്‍ത്തി ഭാവങ്ങളില്‍ നിന്നും വ്യത്യസ്തമായി, യഥാര്‍ത്ഥ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പച്ചയായ സാധാരണക്കാരനായിരുന്നു എസ്.ഐ. മണികണ്ഠന്‍. 2019ല്‍ പുറത്ത് വന്ന ഉണ്ട ഖാലിദ് റഹ്‌മാനാണ് സംവിധാനം ചെയ്തത്. ജീവനോടെ തിരിച്ചുപോകുമോ എന്ന ആശങ്കക്കിടയിലും ജാതിയതയും വംശീയതയും അധികാര ശ്രേണിയും പ്രവര്‍ത്തിക്കുന്ന പൊലീസ് സംഘത്തില്‍ മനുഷ്യത്വത്തിന്റെ സന്ദേശമാണ് എസ്.ഐ. മണിക്ണ്ഠന്‍ നല്‍കിയത്. ‘ഇത് നിന്റെ മണ്ണാണ്, ഇവിടെ വിട്ട് പോകരുത്’ എന്ന് ആദിവാസി ബാലനോട് മമ്മൂട്ടി പറയുന്ന ഡയലോഗുകള്‍ പൗരത്വ പ്രക്ഷോഭ കാലത്ത് പ്രചരിച്ചതും നാം കണ്ടു.

സ്വഭാവസവിശേഷതയിലും കഥാപാത്രത്തിലും മലയാള സിനിമയില്‍ തന്നെ ഒരുപക്ഷേ ഇന്നേവരെ കണ്ടിട്ടില്ലാത്ത കഥാപാത്രമായ മുന്നറിയിപ്പിലെ സി.കെ. രാഘവനാണ് ആറാമത്. ശാന്തനായ, എല്ലാ വിഷയങ്ങളിലും സ്വന്തമായി കാഴ്ചപ്പാടുകളുള്ള, തന്റെ സ്വാതന്ത്രത്തിന് തടസം നില്‍ക്കുന്ന എല്ലാത്തിനേയും ഇല്ലാതാക്കുന്ന വ്യക്തിയാണ് സി.കെ. രാഘവന്‍. വിശ്വസനീയമാക്കാന്‍ ഏറെ ആയാസകരമായ രാഘവനെ വളരെ സട്ടിലായി മമ്മൂട്ടി അവതരിപ്പിച്ചു. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് 2014ലാണ് റിലീസ് ചെയ്തത്.

ടോക്‌സിക് പേരന്റിങ്ങിനെ പറ്റി സംസാരിച്ച വര്‍ഷത്തിലെ പിതാവായ വേണുവാണ് ഏഴാമത്. മമ്മൂട്ടിയുടെ മറ്റൊരു മികച്ച സെലക്ഷനാണ് വേണു.
ടോക്‌സിക് പേരന്റിങ്ങിന് ഒരു കുട്ടിയുടെ ജീവനെടുക്കാനും മാത്രം ശേഷിയുണ്ടെന്ന് വര്‍ഷം പറഞ്ഞുതന്നു. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ 2014ലാണ് വര്‍ഷം പുറത്ത് വന്നത്.

പ്രവാസികളുടെ ദുഖങ്ങളും സന്തോഷങ്ങളും അവര്‍ സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ നേരിടുന്ന അവഗണനകളും കാണിച്ച പത്തേമാരിയിലെ പള്ളിക്കല്‍ നാരായണനാണ് എട്ടാമത്. സലിം അഹമ്മദിന്റെ സംവിധാനത്തില്‍ 2015ലാണ് ചിത്രം പുറത്ത് വന്നത്.

മമ്മൂട്ടിയുടെ അച്ഛന്‍ കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ച നിരയിലേക്ക് വെക്കാവുന്ന പേരന്‍പിലെ അമുദവനാണ് ഒമ്പതാമതായി പറയാനുള്ളത്. പ്രകടനത്തില്‍ മമ്മൂട്ടി ഞെട്ടിച്ച മറ്റൊരു കഥാപാത്രമാണ് പേരന്‍പിലെ അമുദവന്‍. റാമിന്റെ സംവിധാനത്തില്‍ 2018ലാണ് പേരന്‍പ് പുറത്തുവന്നത്. പൊന്തന്‍മാട, അമരം, തനിയാവര്‍ത്തനം തുടങ്ങിയ പഴയ മമ്മൂട്ടി ചിത്രങ്ങളിലെ, സാധാരണ എടുക്കുന്ന എഫേര്‍ട്ടിനപ്പുറം ഡിഗ് ചെയ്യേണ്ട കഥാപാത്രമായിരുന്നു അമുദവന്‍. ശാരീരിക മാനസിക വൈകല്യം ബാധിച്ച പാപ്പയും അവളുടെ അച്ഛനും തമ്മിലുള്ള മാനസികമായ അടുപ്പം അവതരിപ്പിച്ച പേരന്‍പ് കഴിഞ്ഞ പത്ത് വര്‍ഷത്തെ ഏറ്റവും മികച്ച മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ്.

പത്താമതായി പറയാനുള്ളത് കാതല്‍ ദി കോറിലെ മാത്യു ദേവസിയെയാണ്. ഇന്ത്യയിലെ മറ്റേതെങ്കിലും സൂപ്പര്‍ സ്റ്റാര്‍ കാതല്‍ ദി കോര്‍ ചെയ്യാന്‍ തയാറാവുമോ എന്ന് സംശയമാണ്. ശക്തമായ പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റിലേക്ക് മമ്മൂട്ടി എന്ന അഭിനയ പ്രതിഭാസം കൂടി വന്നപ്പോള്‍ മനോഹരമായ ഒരു ചിത്രമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. മാത്യുവിന്റെ അവസ്ഥ പ്രേക്ഷകന്റെ കണ്ണ് നനയിക്കും.

നന്‍പകലിലെ സുന്ദരമാണെങ്കിലും കാഴ്ചയിലെ മാധവനാണെങ്കിലും രാപ്പകലിലെ കൃഷ്ണനാണെങ്കിലും തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷാണെങ്കിലും ആ വേദനയും നിസഹായവസ്ഥയും പ്രതിസന്ധിയും പ്രേക്ഷകരുടേതുകൂടിയാക്കുകയാണ് മമ്മൂട്ടി. തിരശീലയില്‍ മമ്മൂട്ടി വരുമ്പോള്‍ മമ്മൂട്ടിയെ നാം മറക്കുന്നു, കഥാപാത്രത്തെ കാണുന്നു, അയാള്‍ സന്തോഷിക്കുമ്പോള്‍ നമ്മളും ചിരിക്കുന്നു, അയാളുടെ സങ്കടങ്ങള്‍ നമ്മെ കരയിക്കുന്നു.

50 വര്‍ഷത്തിലേറെയായി ഒരു നടനെ കണ്ട് നമുക്ക് മടുക്കാതിരുന്നിട്ടുണ്ടെങ്കില്‍, ഒരു കഥാപാത്രത്തില്‍ പോലും ആവര്‍ത്തന വിരസതയുണ്ടായിട്ടില്ലെങ്കില്‍ അഭിനയത്തില്‍ അയാള്‍ അത്രത്തോളം അഭിനിവേശത്തോടെ ഗവേഷണം നടത്തിയിരിക്കുന്നു. ഇതുവരെ കണ്ടതല്ല, ഇനിയും കാണാനേറെയുണ്ടെന്ന് വീണ്ടും വീണ്ടും പറയുകയാണ് മമ്മൂട്ടി കഥാപാത്രങ്ങള്‍. കാത്തിരിക്കാം ഇനി ബസൂക്കയിലും ഭ്രമയുഗത്തിലും ടര്‍ബോയിലും അദ്ദേഹം എന്താണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എന്നറിയാന്‍.

Content Highlight: Top 10 Mammootty Characters of the Last 10 Years

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.