| Monday, 21st April 2025, 4:31 pm

മമ്മൂക്കയുടെ പൊലീസ് വേഷങ്ങള്‍ ഇഷ്ടമാണ്; മോഹന്‍ലാലിനെ അങ്ങനെ കാണാനാകില്ല: ടോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് പരിചിതനായ നടനാണ് ടോണി ആന്റണി. മിഖായേലിന്റെ സന്തതികള്‍ എന്ന ജനപ്രിയ ടി.വി സീരിയലിലൂടെയാണ് അദ്ദേഹം അഭിനയം ആരംഭിക്കുന്നത്.

പിന്നീട് സിനിമയിലേക്ക് എത്തിയ ടോണി മിഖായേലിന്റെ സന്തതികള്‍ സീരിയലിന്റെ രണ്ടാം ഭാഗമായി എത്തിയ പുത്രന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ശേഷം കെ. മധു, സാജന്‍, ജോസ് തോമസ്, ഐ.വി ശശി ഉള്‍പ്പെടെയുള്ള മുന്‍നിര സംവിധായകരുടെ സിനിമകളില്‍ ടോണിക്ക് അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചു.

തന്റെ കരിയറില്‍ ടോണി മുപ്പതോളം ചിത്രങ്ങളില്‍ പൊലീസ് വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. ഇപ്പോള്‍ മറ്റ് നടന്മാര്‍ ചെയ്ത പൊലീസ് വേഷങ്ങള്‍ കണ്ടിട്ട് പൊലീസായി അഭിനയിക്കാന്‍ പറ്റിയ നടന്മാരായി തോന്നിയത് ആരെയൊക്കെയാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ടോണി ആന്റണി.

അദ്ദേഹം ആദ്യം പറഞ്ഞത് മമ്മൂട്ടിയുടെ പേരാണ്. മമ്മൂട്ടി ചെയ്യുന്ന പൊലീസ് വേഷങ്ങള്‍ തനിക്ക് അത്രയും ഇഷ്ടമാണെന്നാണ് ടോണി പറയുന്നത്. ഒപ്പം സിദ്ദിഖ്, രതീഷ്, ലാലു അലക്‌സ് എന്നിവരുടെ പേരും ടോണി പറയുന്നു.

കേരള വിഷന്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മോഹന്‍ലാലിനെയും ജയറാമിനെയും പൊലീസ് വേഷത്തില്‍ കാണാന്‍ പറ്റില്ലെന്നും ടോണി കൂട്ടിച്ചേര്‍ത്തു.

‘സിനിമയില്‍ എനിക്ക് ആദ്യം പറയാനുള്ളത് മമ്മൂക്കയെ ആണ്. അദ്ദേഹം ചെയ്യുന്ന പൊലീസ് വേഷങ്ങള്‍ എനിക്ക് അത്രയും ഇഷ്ടമാണ്. അദ്ദേഹത്തിന്റേതായി നല്ല നല്ല ഒരുപാട് പൊലീസ് വേഷങ്ങളുണ്ട്.

പിന്നെ എനിക്ക് തോന്നിയിട്ടുള്ളത് സിദ്ദിഖ്, രതീഷ്, ലാലു അലക്‌സ്. ഇങ്ങനെയുള്ള കുറേ ആളുകളുടെ പേരുകള്‍ നമ്മളുടെ മനസില്‍ വരും. ഞാന്‍ പറയുന്നത് ഇന്നത്തെ കാലത്തെ കുറച്ചല്ല. പണ്ടുള്ള സിനിമകളില്‍ ഇഷ്ടമായതാണ്.

മോഹന്‍ലാലിന്റെ പൊലീസ് വേഷത്തെ കുറിച്ച് ചോദിച്ചാല്‍, എന്തോ അങ്ങനെ കാണാന്‍ പറ്റില്ല. പിന്നെ ജയറാമിനെയും അങ്ങനെ തന്നെയാണ്. ജയറാമിനും പൊലീസ് വേഷം പറ്റില്ല. അവരെയൊക്കെ മുണ്ടുടുത്ത് വന്നാലാണ് രസം,’ ടോണി ആന്റണി പറയുന്നു.


Content Highlight: Tony Antony Talks About Police Roles Of Mammootty And Mohanlal

We use cookies to give you the best possible experience. Learn more